---
title: "ആരുടെ മുന്നിലും കൈനീട്ടാതെ ഫസീലയും മക്കളും; 16 വർഷത്തെ വാടകവീട്ടുവാസത്തിന് വിരാമമിട്ട് കൊച്ചിൻ ഹനീഫയുടെ കുടുംബം വെണ്ണലയിലെ പുതിയ വീട്ടിലേക്ക്"
english_title: "Kochin Haneefa Family Gets New Home In Vennala After 16 Years"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374724/kochin-haneefa-family-new-home-vennala-ab-mansil"
published_at: "2026-07-26T14:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65cfb76c437_kochin-haneefa-family-new-home-vennala-ab-mansil.jpg"
keywords: ["Kochin Haneefa", "Fazeela Haneefa", "Safa Marwa", "Vennala", "Malayalam Actor", "AB Mansil"]
---

# ആരുടെ മുന്നിലും കൈനീട്ടാതെ ഫസീലയും മക്കളും; 16 വർഷത്തെ വാടകവീട്ടുവാസത്തിന് വിരാമമിട്ട് കൊച്ചിൻ ഹനീഫയുടെ കുടുംബം വെണ്ണലയിലെ പുതിയ വീട്ടിലേക്ക്

> **Lead Summary:** ** **മലയാളികളുടെ അത്രയേറെ പ്രിയപ്പെട്ട നടനാണ് കൊച്ചിൻ ഹനീഫ. വിട്ടുപോയെങ്കിലും കൊച്ചിൻ ഹനീഫ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച കഥാപാത്രങ്ങൾ ഒക്കെയും മായാതെ മനസിൽ കൊണ്ടുനടക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. ഇപ്പോഴിതാ നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വന്തം വീട് ഒരുങ്ങി.

## Article Content

** **മലയാളികളുടെ അത്രയേറെ പ്രിയപ്പെട്ട നടനാണ് കൊച്ചിൻ ഹനീഫ. വിട്ടുപോയെങ്കിലും കൊച്ചിൻ ഹനീഫ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച കഥാപാത്രങ്ങൾ ഒക്കെയും മായാതെ മനസിൽ കൊണ്ടുനടക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. ഇപ്പോഴിതാ നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വന്തം വീട് ഒരുങ്ങി.

കൊച്ചി വെണ്ണല അംബേദ്കർ റോഡിലാണ് പുതിയ വീട്. കൊച്ചിൻ ഹനീഫയുടെ ആകസ്മികമായ മരണത്തിനു ശേഷം കഴിഞ്ഞ 16 വർഷം ഭാര്യ ഫാസീല കൊച്ചിൻ ഹനീഫയും മക്കളായ സഫയും മർവയും കടവന്ത്രയിലെ വാടകവീട്ടിലായിരുന്നു താമസം. ഇപ്പോൾ ഹനീഫയുടെ സമ്പാദ്യത്തിൽ സ്വപ്നവീട് യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് കുടുംബം. വെണ്ണലയിലെ മൂന്നുനില വീടിന് 'കൊച്ചിൻ ഹനീഫാസ് എ ബി മൻസിൽ' എന്നാണ് പേരിട്ടിരിക്കുന്നത്.

പിതാവ് എ ബി മുഹമ്മദിന്റെ പേരിൽ വീട് വേണമെന്നത് ഹനീഫയുടെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. അഞ്ച് ബെഡ്റൂം ഉൾപ്പെടെ മനോഹരമായി ഇന്റീരിയർ ചെയ്ത വീട്ടിൽ പ്രിയ നടന്റെ ഓർമ്മകൾ നിറഞ്ഞ് നിൽക്കുന്നു. വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത് മക്കളായ സഫയും മർവയും ചേർന്നാണ്. ഹനീഫ വിട്ടുപിരിയുമ്പോൾ ഇരട്ടകളായ സഫയ്ക്കും മർവയ്ക്കും 4 വയസു മാത്രമായിരുന്നു.

തലശേരിക്കാരിയായ ഫാസീല ഉറ്റവർ നിർബന്ധിച്ചിട്ടും നാട്ടിലേക്ക് മടങ്ങാതെ 16 വർഷം കൊച്ചിയിൽ തന്നെ നിന്ന് ഹനീഫയുടെ സ്വപ്നങ്ങൾ ഒന്നൊന്നായി നേടിയെടുക്കുകയാണ്. നിയമക്കുരുക്കിലായിരുന്ന ഹനീഫയുടെ സ്വത്ത് സമ്പാദ്യങ്ങൾ കുട്ടികൾക്ക് 18 വയസായതോടെ തിരികെ ലഭിച്ചതാണ് കുടുംബത്തിന് വലിയ ആശ്വാസമായത്.

സഫയെ സിഎയും മർവയെ സിഎസും പഠിപ്പിക്കണമെന്നായിരുന്നു ഹനീഫയുടെ ആഗ്രഹം.കുടുംബത്തെ സംരക്ഷിക്കാൻ നടൻ ദിലീപ് നടത്തിയ ഇടപെടലിനെ ഫാസീലയുടെ സഹോദരൻ പ്രത്യേകം ഓർക്കുന്നു. ഒരു രൂപയ്ക്ക് പോലും ആരുടെ മുന്നിലും കൈനീട്ടാത്ത ഹനീഫയുടെ തലയെടുപ്പ് തന്നെയാണ് ഇന്ന് വെണ്ണലയിലെ ഈ വീടിനുമുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/374724/kochin-haneefa-family-new-home-vennala-ab-mansil)