---
title: "അപ്പർ മിഡിൽ ക്ലാസിന്റെ ഷോ 'പാറ്റകളുടെ സമരത്തില്‍ എനിക്ക്  വ്യക്തിപരമായി താല്‍പര്യമില്ല';  സാബുമോന്‍"
english_title: "Sabumon Abdusamad Criticizes CJP Protest, Calls It Upper Middle Class Movement"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374596/sabumon-abdusamad-cjp-protest-criticism-dharmendra-pradhan"
published_at: "2026-07-25T16:53:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a649d388e7f4_sabumon-abdusamad-cjp-protest-criticism-dharmendra-pradhan.jpg"
keywords: ["Latest news", "Sabumon Abdusamad", "CJP Protest", "Dharmendra Pradhan", "Student Protest", "Delhi", "Exam Irregularities"]
---

# അപ്പർ മിഡിൽ ക്ലാസിന്റെ ഷോ 'പാറ്റകളുടെ സമരത്തില്‍ എനിക്ക്  വ്യക്തിപരമായി താല്‍പര്യമില്ല';  സാബുമോന്‍

> **Lead Summary:** **[** പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിൽ നടത്തുന്ന വിദ്യാർത്ഥി സമരം വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്.

## Article Content

**[** പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിൽ നടത്തുന്ന വിദ്യാർത്ഥി സമരം വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്.

സമരത്തിനൊടുവിൽ മന്ത്രി രാജി പ്രഖ്യാപിച്ചെങ്കിലും മറ്റ് ആവശ്യങ്ങൾ മുൻനിർത്തി സമരം തുടരുകയാണ്. സെലിബ്രിറ്റികൾ ഉൾപ്പെടെ വലിയൊരു വിഭാഗം ഈ സമരത്തിന് പിന്തുണയുമായി എത്തുമ്പോൾ, വിഷയത്തിൽ തന്റെ വേറിട്ട ഭിന്നാഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് മുൻ വിജയിയും നടനുമായ സാബുമോൻ അബ്ദുസമദ്.

> "ഈ സമരത്തോട് എനിക്ക് വ്യക്തിപരമായി ചില ഭിന്നാഭിപ്രായങ്ങളുണ്ട്. സിജെപിയുടെ ഡൽഹി സമരത്തോട് എനിക്ക് വലിയ താല്പര്യമില്ല. കാരണം, ഇത് ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് പ്രയാസമുണ്ടായപ്പോൾ ഉടലെടുത്ത ഒരു മൂവ്‌മെന്റ് മാത്രമാണ്," സാബുമോൻ പറഞ്ഞു.

> വിദ്യാർത്ഥി സമരങ്ങളെയും സോഷ്യൽ മീഡിയ പ്രതികരണങ്ങളെയും രൂക്ഷമായ ഭാഷയിലാണ് സാബുമോൻ വിമർശിച്ചത്. "നമ്മുടെ സമൂഹത്തിന് ഏറ്റവും ആവശ്യമുള്ള, ഇന്ത്യ മഹാരാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കർഷകരും താഴേക്കിടയിലുള്ള മനുഷ്യരും വിശന്നു സമരം ചെയ്ത സമയത്ത്, അതിനെ ഭരണകൂടം ക്രൂരമായി അടിച്ചമർത്തിയപ്പോൾ ഈ കാണുന്ന ആളുകളോ, ജെൻ സിയിലെ (Gen Z) 'ഓൺലൈൻ പോരാളികളോ' ആരും തന്നെ തിരിഞ്ഞുനോക്കിയില്ല. ആ സമരത്തെ അവർ വിസ്മൃതിയിലേക്ക് തള്ളിക്കളയുകയാണ് ചെയ്തത്," അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതൊരു അപ്പർ മിഡിൽ ക്ലാസ് മൂവ്‌മെന്റ് മാത്രമാണെന്നും രാജ്യത്തിന്റെ ഗതിയെ മാറ്റിമറിക്കാൻ പോന്ന പ്രാപ്തി ഈ സമരത്തിനില്ലെന്നുമാണ് തന്റെ വിശ്വാസമെന്നും സാബുമോൻ കൂട്ടിച്ചേർത്തു.

താൻ അഭിനയിക്കുന്ന പുതിയ ചിത്രമായ 'ഉന്മാദ'ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു സാബുമോന്റെ ഈ വിവാദ പ്രതികരണം. ധർമേന്ദ്ര പ്രധാന്റെ രാജി പ്രഖ്യാപനത്തിന് തൊട്ടുമുൻപ് റെക്കോർഡ് ചെയ്ത അഭിമുഖമാണിത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/374596/sabumon-abdusamad-cjp-protest-criticism-dharmendra-pradhan)