---
title: "'ജനനായകൻ' പരാമർശം വിവാദമായി; ചെന്നൈയിലെ വിദ്യാർഥി സമര വേദിയിൽ നിന്ന് നടി സനം ഷെട്ടിയെ ഇറക്കിവിട്ടു"
english_title: "Actress Sanam Shetty Heckled At Chennai NEET Protest For Mentioning Vijay"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374594/sanam-shetty-heckled-chennai-neet-protest-vijay"
published_at: "2026-07-25T16:48:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a649c42bd5c6_sanam-shetty-heckled-chennai-neet-protest-vijay.jpg"
keywords: ["Latest News", "Sanam Shetty", "Vijay", "Jananayagan", "NEET Protest", "Chennai CPI", "Student Protest"]
---

# 'ജനനായകൻ' പരാമർശം വിവാദമായി; ചെന്നൈയിലെ വിദ്യാർഥി സമര വേദിയിൽ നിന്ന് നടി സനം ഷെട്ടിയെ ഇറക്കിവിട്ടു

> **Lead Summary:** **[** നീറ്റ് പരീക്ഷാ ചോർച്ചയ്‌ക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെന്നൈ സി.പി.ഐ. ആസ്ഥാനത്ത് സംഘടിപ്പിച്ച സമരത്തിനിടയിൽ നാടകീയ രംഗങ്ങൾ.

## Article Content

**[** നീറ്റ് പരീക്ഷാ ചോർച്ചയ്‌ക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെന്നൈ സി.പി.ഐ. ആസ്ഥാനത്ത് സംഘടിപ്പിച്ച സമരത്തിനിടയിൽ നാടകീയ രംഗങ്ങൾ.

ചടങ്ങിൽ സംസാരിക്കവെ നടൻ വിജയ്‌യുടെ പുതിയ ചിത്രമായ ‘ജനനായകൻ’ പരാമർശിച്ചതിനെത്തുടർന്ന് നടി സനം ഷെട്ടിയെ സമരക്കാർ കൂവിവിളിക്കുകയും വേദിയിൽ നിന്ന് ഇറക്കിവിടുകയുമായിരുന്നു.

താൻ വിജയ്‌യുടെ ആരാധികയാണെന്നും, ‘ജനനായകൻ’ സിനിമയുടെ ആദ്യ ദിന ആദ്യ ഷോ കണ്ട ശേഷമാണ് സമരത്തിന് എത്തിയതെന്നുമാണ് നടി തന്റെ പ്രസംഗത്തിനിടെ പറഞ്ഞത്. കൂടാതെ, വിദ്യാർത്ഥികളെ പിന്തുണയ്ക്കാനാണ് താൻ എത്തിയതെന്നും, സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി സമരവേദി ഉപയോഗിക്കുന്നവർ 'ജോക്കർമാർ' ആണെന്നും അവർ വിശേഷിപ്പിച്ചു.

ഈ പരാമർശത്തിന് പിന്നാലെ പ്രതിഷേധക്കാർ നടിക്കെതിരെ തിരിയുകയും കൂവിവിളിക്കുകയുമായിരുന്നു. എന്നാൽ ഇതിനോട് പ്രതികരിച്ച സനം, ഓരോ പൗരനും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഇതാണോ ജനാധിപത്യമെന്നും ചോദിച്ചു.

തുടർന്ന് സംഘാടകർ അവരോട് മൈക്ക് പിടിച്ചുവാങ്ങി വേദിയിൽ നിന്ന് മടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. വിദ്യാർഥികൾ 'ഇൻക്വിലാബ് സിന്ദാബാദ്' മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.

സംഭവത്തിന് ശേഷം മാധ്യമങ്ങളെ കണ്ട സനം ഷെട്ടി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സംഘാടകർ തന്റെ കൈയിൽ നിന്ന് മൈക്ക് പിടിച്ചെടുത്ത് തന്നെ അവിടെനിന്ന് പുറത്താക്കുകയായിരുന്നുവെന്നും, ഇത് ജനാധിപത്യപരമായ പ്രതിഷേധമല്ലെന്നും അവർ കുറ്റപ്പെടുത്തി. സി.പി.ഐ. ആസ്ഥാനത്ത് നടക്കുന്നത് വ്യാജ സമരമാണെന്നും തന്നെ സംസാരിക്കാൻ അനുവദിക്കാത്തവരാണ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നത് എന്നും അവർ പരിഹസിച്ചു.

സമര വേദിയിലെ ചില പ്ലക്കാർഡുകളിൽ മുഖ്യമന്ത്രി വിജയ്‌യെ കാണാനില്ലെന്ന് എഴുതിയിരുന്നത് തെറ്റായ പ്രചാരണമാണെന്നും, വിജയ് രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുകയും പോലീസിന്റെ അതിക്രമങ്ങളെ അപലപിക്കുകയും ചെയ്തിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു. ഡൽഹി സമരത്തിന് നേതൃത്വം നൽകുന്ന സോനം വാങ്ചുക്കിനും വിദ്യാർത്ഥികൾക്കും അഭിവാദ്യം അർപ്പിച്ചാണ് നടി മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/374594/sanam-shetty-heckled-chennai-neet-protest-vijay)