---
title: "'മേജർ രവി പണ്ട് കണ്ട കുഞ്ഞുമോളല്ല വിസ്മയ ലാലേട്ടൻ ചോദിക്കാൻ ഭയന്നത് മകൾ ധൈര്യത്തോടെ ചോദിച്ചു';മേജർ രവിക്ക് ആലപ്പി അഷറഫിന്റെ മറുപടി"
english_title: "Alappi Ashraf Supports Vismaya Mohanlal's Statement on Delhi Student Protest"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374563/didnt-gandhi-and-nehru-study-abroad-alleppey-ashraf-responds-to-major-ravi"
published_at: "2026-07-25T15:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64869ac782a_alappi-ashraf-supports-vismaya-mohanlal-delhi-protest.jpg"
keywords: ["Latest news", "Vismaya Mohanlal", "Alappi Ashraf", "Major Ravi", "Delhi Student Protest", "Malayalam Cinema"]
---

# 'മേജർ രവി പണ്ട് കണ്ട കുഞ്ഞുമോളല്ല വിസ്മയ ലാലേട്ടൻ ചോദിക്കാൻ ഭയന്നത് മകൾ ധൈര്യത്തോടെ ചോദിച്ചു';മേജർ രവിക്ക് ആലപ്പി അഷറഫിന്റെ മറുപടി

> **Lead Summary:** കൊച്ചി: ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ പ്രതികരണവും, അതിനെ വിമർശിച്ച മേജർ രവിക്ക് സംവിധായകൻ ആലപ്പി അഷ്‌റഫ് നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ആലപ്പി അഷ്‌റഫിന്റെ പ്രതികരണം.

## Article Content

കൊച്ചി: ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ പ്രതികരണവും, അതിനെ വിമർശിച്ച മേജർ രവിക്ക് സംവിധായകൻ ആലപ്പി അഷ്‌റഫ് നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ആലപ്പി അഷ്‌റഫിന്റെ പ്രതികരണം.

സമാധാനപരമായി പ്രതിഷേധിക്കുന്ന പൗരന്മാർക്കു നേരെ ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിക്കുന്നത് ഏതുതരം ജനാധിപത്യമാണെന്നായിരുന്നു വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിസ്മയ ചോദിച്ചത്. എന്നാൽ വിസ്മയക്ക് രാഷ്ട്രീയം അറിയില്ലെന്നും, അറിവില്ലായ്മ കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്നുമായിരുന്നു മേജർ രവിയുടെ പ്രതികരണം.

> ഇതിനെതിരെയാണ് ആലപ്പി അഷ്‌റഫ് ശക്തമായ ഭാഷയിൽ രംഗത്തെത്തിയത്. "തന്റെ പിതാവ് പോലും ഭരണകൂടത്തോട് ചോദിക്കാൻ ഭയക്കുന്ന ചോദ്യമാണ് മകൾ വിസ്മയ സ്വന്തം നിലപാടോടെ ധൈര്യപൂർവ്വം ചോദിച്ചത്. ഇന്നലെവരെ ഒരു മഹാനടന്റെ മകളായി അറിയപ്പെട്ടിരുന്ന വിസ്മയ, ഇന്ന് സ്വന്തം ഐഡന്റിറ്റിയിൽ അറിയപ്പെടാൻ തുടങ്ങിയിരിക്കുന്നു.

> തന്റെ സിനിമയെ ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്ക ലെവലേശമില്ലാതെയാണ് വിസ്മയ നിലപാട് വ്യക്തമാക്കിയത്. ഇവിടെയാണ് പുതുതലമുറയുടെ ആർജ്ജവവും ധീരതയും നാം കാണേണ്ടത്," ആലപ്പി അഷ്‌റഫ് പറഞ്ഞു.

> മേജർ രവിയുടെ വിമർശനങ്ങളെ ചൂണ്ടിക്കാട്ടി അദ്ദേഹം തുടർന്നു: "വിസ്മയയുടെ അഭിപ്രായത്തെ നിശിതമായി എതിർക്കാൻ തന്റേടമില്ലാത്തതുകൊണ്ടാണ് ആ കുട്ടിക്ക് അറിവില്ലെന്ന് മേജർ രവി പറയുന്നത്. വിസ്മയ വിയറ്റ്നാമിൽ പഠിച്ചതുകൊണ്ട് രാഷ്ട്രീയം അറിയില്ലെന്നാണ് വാദം.

> നമ്മുടെ സ്വാതന്ത്ര്യസമരം നയിച്ച മഹാത്മാഗാന്ധിയും നെഹ്‌റുവുമൊക്കെ വിദേശത്ത് പഠിച്ചവരാണെന്ന വിവരം മേജർ രവിക്ക് അറിയില്ലേ? രവി കുഞ്ഞിനാളിൽ കണ്ട പെൺകുട്ടിയല്ല ഇന്നത്തെ വിസ്മയ. അവർ വളർന്നു കഴിഞ്ഞു. ശരിയും തെറ്റും തിരിച്ചറിഞ്ഞ്, പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയാനുള്ള വിവേകം ഇന്ന് വിസ്മയക്കുണ്ടെന്ന് മനസ്സിലാക്കുക."

### Related Links & Sources
- [Original Story Source](https://moviemax.in/news/374563/didnt-gandhi-and-nehru-study-abroad-alleppey-ashraf-responds-to-major-ravi)