---
title: "'ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം, നിങ്ങളെപ്പോലെ ഞങ്ങളുടെ മക്കളെ വളർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്'- സി.ജെ.പി സമരത്തിന് പിന്തുണയുമായി  ജ്യോതിക"
english_title: "Actress Jyotika Supports CJP Protest, Demands Dharmendra Pradhan Resignation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374482/jyotika-supports-cjp-protest-dharmendra-pradhan-resignation-"
published_at: "2026-07-25T10:47:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64480ad1663_jyotika-supports-cjp-protest-dharmendra-pradhan-resignation.jpg"
keywords: ["Jyotika", "CJP Protest", "Dharmendra Pradhan", "Jantar Mantar", "Education Minister", "Student Protest"]
---

# 'ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം, നിങ്ങളെപ്പോലെ ഞങ്ങളുടെ മക്കളെ വളർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്'- സി.ജെ.പി സമരത്തിന് പിന്തുണയുമായി  ജ്യോതിക

> **Lead Summary:** ** **കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്ദറിൽ സമരം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടിക്ക് (സി.ജെ.പി.) പിന്തുണയുമായി കൂടുതൽ പ്രമുഖർ രംഗത്ത്. കേന്ദ്രമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത ചലച്ചിത്ര താരം ജ്യോതിക രംഗത്തെത്തി.

## Article Content

** **കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്ദറിൽ സമരം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടിക്ക് (സി.ജെ.പി.) പിന്തുണയുമായി കൂടുതൽ പ്രമുഖർ രംഗത്ത്. കേന്ദ്രമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത ചലച്ചിത്ര താരം ജ്യോതിക രംഗത്തെത്തി.

> ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം സി.ജെ.പിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്കും രാജ്യത്തിന്റെ ഭാവിക്കും ഒപ്പമാണ് താനെന്നും മികച്ച പരിഷ്കൃത വിദ്യാഭ്യാസത്തിനായി ഉറച്ചുനിൽക്കുന്നുവെന്നും ജ്യോതിക വ്യക്തമാക്കി. സോനം വാങ്ചുക്ക്, അഭിജീത് ദിപ്കെ, സൗരവ് ദാസ് തുടങ്ങിയവർക്കൊപ്പം നിൽക്കുന്നതായി വ്യക്തമാക്കിയ താരം, "അമ്മമാരെന്ന നിലയിൽ നിങ്ങളെപ്പോലെ ഞങ്ങളുടെ മക്കളെ വളർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. 'നമ്മൾ' ആണ് ഇന്ത്യ എന്ന് നിങ്ങൾ തെളിയിച്ചു. സമ്മർദ്ദങ്ങളെ തകർത്തതിനും ഞങ്ങളെ നിർഭയരാക്കിയതിനും നന്ദി. ജയ് ഹിന്ദ്" എന്നും ഇൻസ്റ്റാഗ്രാം കുറിപ്പിൽ കുറിച്ചു

അതേസമയം ഡല്‍ഹിയില്‍ നടക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) സമരത്തിന് പൂർണ്ണ പിന്തുണയുമായി നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്ത്. ഭരണത്തോടുള്ള എതിര്‍പ്പുകളാണ് ജനങ്ങളെ പ്രതിഷേധിക്കാൻ പ്രേരിപ്പിക്കുന്നതെന്നും അവരെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യമല്ലെന്നും ഷൈന്‍ ടോം ചാക്കോ വ്യക്തമാക്കി.

ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന പ്രവണതയെയും അദ്ദേഹം വിമർശിച്ചു. സര്‍ക്കാരിന് ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് ചിലപ്പോൾ സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നത് എന്നായിരുന്നു നീറ്റ് പരീക്ഷയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

ഡല്‍ഹിയില്‍ എന്നല്ല, ലോകത്ത് എവിടെയും അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ക്കൊപ്പമാണ് താനെന്നും താരം പറഞ്ഞു. താരങ്ങൾ നടത്തുന്ന പ്രതികരണങ്ങൾ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും, അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യമാണ് രാജ്യത്തിന് 1947-ൽ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/374482/jyotika-supports-cjp-protest-dharmendra-pradhan-resignation-)