---
title: "വിലങ്ങാട് ദുരന്തം: അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 30ന് ഏകദിന സത്യാഗ്രഹം; കലക്ടറേറ്റിന് മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികൾ"
english_title: "One-Day Satyagraha on July 30: LDF Protest in Kozhikode Over Vilangad Landslide Relief Delay"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374413/one-day-satyagraha-vilangad-july-30-kozhikode"
published_at: "2026-07-24T18:43:00+05:30"
category: "Kerala"
language: "ml"
image: "https://moviemax.in/image-uploads/6a6366465062a_one-day-satyagraha-vilangad-july-30-kozhikode.jpg"
keywords: ["Latest News", "Vilangad landslide", "Vanimel Grama Panchayat", "One Day Satyagraha", "LDF protest", "Kozhikode Collectorate", "Kozhikode news"]
---

# വിലങ്ങാട് ദുരന്തം: അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 30ന് ഏകദിന സത്യാഗ്രഹം; കലക്ടറേറ്റിന് മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികൾ

> **Lead Summary:** കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ജനജീവിതം ദുരിതത്തിലായ വിലങ്ങാട് മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ അധികൃതർ കാണിക്കുന്ന വിമുഖതയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ജനപ്രതിനിധികൾ ഏകദിന സത്യാഗ്രഹം നടത്തും.

## Article Content

കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ജനജീവിതം ദുരിതത്തിലായ വിലങ്ങാട് മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ അധികൃതർ കാണിക്കുന്ന വിമുഖതയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ജനപ്രതിനിധികൾ ഏകദിന സത്യാഗ്രഹം നടത്തും.

വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ജൂലൈ 30ന് ജില്ലാ കലക്ടറുടെ ചേമ്പറിന് മുന്നിലാണ് സമരം സംഘടിപ്പിക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ ഭരണസമിതി അംഗങ്ങളും സത്യാഗ്രഹത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിലങ്ങാട് പഞ്ചായത്തിലെ 9, 10, 11 വാർഡുകളിൽ കഴിഞ്ഞ ഒരുവർഷത്തിലേറെയായി നിർമ്മാണ നിരോധനം നിലനിൽക്കുകയാണ്. ലൈഫ് മിഷൻ ഗുണഭോക്താക്കൾ ഉൾപ്പെടെ നിരവധി പേരുടെ വീട് നിർമ്മാണത്തിനുള്ള അപേക്ഷകൾ മാസങ്ങളായി കലക്ടറേറ്റിൽ കെട്ടിക്കിടക്കുകയാണ്. ഇത് സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

സർക്കാർ നടത്തിയ ലിഡാർ സർവേയിൽ സോൺ ഒന്നിൽ ഉൾപ്പെട്ട 37 കുടുംബങ്ങൾക്ക് വീതം 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഏഴ് മാസം മുമ്പ് തീരുമാനമെടുത്തിരുന്നെങ്കിലും ആ തീരുമാനം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഈ ആവശ്യങ്ങൾ ഉന്നയിച്ച് പലതവണ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ജില്ലാ കലക്ടറെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. എന്നാൽ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ ആരോപണം.

ദുരന്തബാധിതരുടെ ജീവിതം സാധാരണ നിലയിലാക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടാണ് ഈ ജനകീയ സത്യാഗ്രഹം. സമരത്തിന് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ടി. പ്രദീപ് കുമാർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/374413/one-day-satyagraha-vilangad-july-30-kozhikode)