---
title: "സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തി, വാട്സ്ആപ്പ് ഗ്രൂപ്പിൽ അസഭ്യം: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ"
english_title: "Junior Health Inspector Arrested in Cherthala For Abusing Woman Colleague on WhatsApp"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374356/cherthala-junior-health-inspector-arrested-abuse-woman-colleague-whatsapp"
published_at: "2026-07-24T14:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6329e67ca2e_cherthala-junior-health-inspector-arrested-abuse-woman-colleague-whatsapp.jpg"
keywords: ["Latest News", "Women Harassment", "Junior Health Inspector", "WhatsApp Abuse", "Kerala Health Department", "Kodamthuruth PHC"]
---

# സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തി, വാട്സ്ആപ്പ് ഗ്രൂപ്പിൽ അസഭ്യം: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

> **Lead Summary:** ചേർത്തല: കോടംതുരുത്ത് പ്രൈമറി ഹെൽത്ത് സെന്ററിലെ സഹപ്രവർത്തകയെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയും നേരിട്ടും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. കുത്തിയതോട് സ്വദേശി ശ്രീജിത്തിനെയാണ് കുത്തിയതോട് പൊലീസ് പിടികൂടിയത്.

## Article Content

ചേർത്തല: കോടംതുരുത്ത് പ്രൈമറി ഹെൽത്ത് സെന്ററിലെ സഹപ്രവർത്തകയെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയും നേരിട്ടും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. കുത്തിയതോട് സ്വദേശി ശ്രീജിത്തിനെയാണ് കുത്തിയതോട് പൊലീസ് പിടികൂടിയത്.

ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്തുവരുന്ന വനിതാ ജൂനിയർ ക്ലർക്കിന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് രജിസ്റ്റർ ചെയ്ത വിവരമറിഞ്ഞ് ശ്രീജിത്ത് ഒളിവിൽ പോയിരുന്നു. തുടർന്ന് കുത്തിയതോട് സ്റ്റേഷൻ ഇൻസ്പെക്ടർ പി രതീഷിന്റെ നേതൃത്വത്തിൽ സിപിഒമാരായ വിജേഷ്, രജിഷ്, പീറ്റർ, സാജൻ എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പൊലീസ് നടത്തിയ പരിശോധനയിൽ പ്രതി ഇതിനുമുൻപും വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നപ്പോൾ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അതിക്രമിച്ച് കയറി നാശനഷ്ടമുണ്ടാക്കിയതിന് പൊതുമുതൽ നശീകരണ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതുപോലെ മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സഹപ്രവർത്തകരെ അസഭ്യം പറഞ്ഞ കേസും മാന്നാർ സ്റ്റേഷനിൽ നിലവിലുണ്ട്. ഒന്നിലധികം തവണ സമാന പരാതികൾ ഉണ്ടായിട്ടും പ്രതി തന്റെ പെരുമാറ്റം തിരുത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.

സർക്കാർ സ്ഥാപനത്തിൽ വെച്ച് സഹപ്രവർത്തകയോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം ആരോഗ്യ വകുപ്പിനകത്ത് വലിയ ചർച്ചയായിട്ടുണ്ട്. സംഭവത്തിൽ വകുപ്പുതല നടപടിക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/374356/cherthala-junior-health-inspector-arrested-abuse-woman-colleague-whatsapp)