---
title: "ശ്രീനിവാസന്‍റെ ആരോ​ഗ്യനിലയില്‍ പുരോ​ഗതി; വെന്‍റിലേറ്റര്‍ സഹായം നീക്കി"
english_title: "Srinivasan's health improves; The ventilator moved the aid"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37296/srinivasans-health-improves-the-ventilator-moved-the-aid"
published_at: "2022-04-12T17:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62556dc8bcc58_sreenivasan.jpg"
keywords: []
---

# ശ്രീനിവാസന്‍റെ ആരോ​ഗ്യനിലയില്‍ പുരോ​ഗതി; വെന്‍റിലേറ്റര്‍ സഹായം നീക്കി

> **Lead Summary:** ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്‍റെ ആരോഗ്യ നിലയില്‍ മികച്ച പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. നല്‍കിയിരുന്ന വെന്‍റിലേറ്റര്‍ സഹായം നീക്കിയതായും അദ്ദേഹം കുടുംബാംഗങ്ങളുമായി സംസാരിച്ചു തുടങ്ങിയതായും അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി പുറത്തിക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

## Article Content

ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്‍റെ ആരോഗ്യ നിലയില്‍ മികച്ച പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. നല്‍കിയിരുന്ന വെന്‍റിലേറ്റര്‍ സഹായം നീക്കിയതായും അദ്ദേഹം കുടുംബാംഗങ്ങളുമായി സംസാരിച്ചു തുടങ്ങിയതായും അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി പുറത്തിക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

ആശുപത്രിയിലെ മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. അനില്‍ എസ് ആര്‍ ആണ് ബുള്ളറ്റിന്‍ പുറത്തിറക്കിയിരിക്കുന്നത്. മാര്‍ച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ അദ്ദേഹത്തിന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്കും വിധേയനാക്കിയിരുന്നു. ശ്രീനിവാസന്‍റെ രോഗവിവരം വാര്‍ത്തയായതിനു പിന്നാലെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ സിനിമാ മേഖലയില്‍ നിന്നുള്ളവരടക്കം രംഗത്തെത്തിയിരുന്നു.

അതേസമയം സ്വതസിദ്ധമായ നര്‍മ്മബോധത്തോടെയാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ക്കെതിരെ ശ്രീനിവാസന്‍ പ്രതികരിച്ചതെന്ന് അദ്ദേഹത്തിന്‍റെ സുഹൃത്തും ചലച്ചിത്ര നിര്‍മ്മാതാവുമായ മനോജ് രാംസിംഗ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

> "ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്... കൂടുതല്‍ ആയിപ്പോയാൽ കുറച്ചു മനോജിന് തന്നേക്കാം, മിനിറ്റുകൾക്ക് മുൻപ് ഐസിയുവിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ, ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളിൽ പറഞ്ഞത്.

> ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല", മനോജ് രാംസിംഗിന്‍റെ ഈ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/37296/srinivasans-health-improves-the-ventilator-moved-the-aid)