#Latest news #Nandanam #Aakash #Marriage
കൊച്ചി: 'നന്ദനം' സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കവർന്ന നടൻ അരവിന്ദ് ആകാശ് വിവാഹിതനായി. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ ആർ.എസ്. സ്വാധിയാണ് അരവിന്ദിന്റെ വധുവായത്. അമ്പതാം വയസിലാണ് താരം ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുന്നത്.
മലേഷ്യയിലെ കോലാലംപൂരിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സംവിധായകൻ വെങ്കട്ട് പ്രഭു ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകർ വിവാഹത്തിനെത്തിയിരുന്നു. വെങ്കട്ട് പ്രഭുവിന്റെ സൂപ്പർഹിറ്റ് ചിത്രം 'ചെന്നൈ 600028'-ലൂടെയാണ് തമിഴിൽ അരവിന്ദ് ശ്രദ്ധേയനാകുന്നത്. ഈ ചിത്രത്തിലെ സഹതാരങ്ങളും മലേഷ്യയിലെത്തി ആശംസകൾ നേർന്നു. വിവാഹചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
നൃത്തസംവിധായകനായി സിനിമാരംഗത്ത് എത്തിയ അരവിന്ദിന്റെ ആദ്യ ചിത്രമായിരുന്നു രഞ്ജിത്ത് സംവിധാനം ചെയ്ത 'നന്ദനം'. ചിത്രത്തിലെ ഗുരുവായൂരപ്പന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് 'ചെന്നൈ 28', 'ഗോവ', 'മങ്കാത്ത', 'ഗോട്ട്' തുടങ്ങിയ തമിഴ് സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രമായ 'ഗുരുവായൂർ അമ്പലനടയിൽ' എന്ന സിനിമയിലൂടെ വീണ്ടും ഗുരുവായൂരപ്പനായി എത്തി അരവിന്ദ് പ്രേക്ഷകരെ കൈയടിപ്പിച്ചിരുന്നു. അഭിനയത്തിനും നൃത്തസംവിധാനത്തിനും പുറമെ ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോകളിലെ വിധികർത്താവായും അരവിന്ദ് സജീവമാണ്.
Content Highlight: Aakash, who played the role of Guruvayurappan in the movie 'Nandanam', has tied the knot.
































