---
title: "നടി രുക്മിണി വസന്തിന്റെ ഡീപ് ഫേക്ക് ചിത്രം പ്രചരിപ്പിച്ച കേസ്: കർണാടകയിൽ മൂന്ന് പേർ അറസ്റ്റിൽ"
english_title: "Rukmini, Deepfake Photo Circulation Case, Three Suspects Arrested, Karnataka"
publisher: "moviemax.in"
canonical_url: "https://moviemax.in/news/367318/Rukmini-Deepfake-Photo-Circulation-Case-Three-Suspects-Arrested-Karnataka-"
published_at: "2026-06-21T11:38:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3782ee286bb_Rukmini.jpg"
keywords: ["Rukmini", "Deepfake Photo Circulation Case", "Three Suspects Arrested", "Karnataka"]
---

# നടി രുക്മിണി വസന്തിന്റെ ഡീപ് ഫേക്ക് ചിത്രം പ്രചരിപ്പിച്ച കേസ്: കർണാടകയിൽ മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** 'കാന്താര' എന്ന ചിത്രത്തിലൂടെ ദക്ഷിണേന്ത്യൻ സിനിമാപ്രേമികളുടെ പ്രിയങ്കരിയായി മാറിയ നടി രുക്മിണി വസന്തിന്റെ വ്യാജ ഡീപ് ഫേക്ക് ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ മൂന്ന് പേരെ ബംഗളൂരു സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

'കാന്താര' എന്ന ചിത്രത്തിലൂടെ ദക്ഷിണേന്ത്യൻ സിനിമാപ്രേമികളുടെ പ്രിയങ്കരിയായി മാറിയ നടി രുക്മിണി വസന്തിന്റെ വ്യാജ ഡീപ് ഫേക്ക് ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ മൂന്ന് പേരെ ബംഗളൂരു സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിലാണ് സോഷ്യൽ മീഡിയയിൽ നടിയുടേതെന്ന രീതിയിൽ നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് തയാറാക്കിയ വ്യാജ ബിക്കിനി ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിച്ചത്. ഇതിനെതിരെ താരം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചിത്രങ്ങൾ നിർമിച്ചതെന്ന് സംശയിക്കുന്ന മൂന്ന് പ്രതികൾ പിടിയിലായത്.

കര്‍ണാടകയിലെ ബഗല്‍കോട്ട് ജില്ലയില്‍ നിന്നുള്ള രവികുമാര്‍ (24), ശിവമോഗ സ്വദേശിയും ബെംഗളൂരുവില്‍ താമസിക്കുകയും ചെയ്യുന്ന ചന്ദ്രകാന്ത് (33), ബെംഗളൂരു നിവാസിയായ രഞ്ജിത്ത് (25) എന്നിവരാണ് അറസ്റ്റിലായതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

വ്യാജ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മൂന്ന് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന അന്വേഷണം പൊലീസ് തുടരുകയാണ്.

ഒരു സ്വിമ്മിംഗ് പൂളില്‍ വെച്ചുള്ള ഫോട്ടോഷൂട്ടിന്റെ അണിയറ ദൃശ്യങ്ങള്‍ എന്ന തരത്തിലായിരുന്നു വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. രുക്മിണി വസന്താണ് ദൃശ്യങ്ങളിലുള്ളത് എന്ന രീതിയിലായിരുന്നു പ്രചാരണം.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികളും സൈബര്‍ ക്രൈം അന്വേഷണവും ആരംഭിക്കുമെന്ന് രുക്മിണി വസന്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാജ ചിത്രങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കും അത് പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും ഈ വിഷയം ഗൗരവമായി കൈകാര്യം ചെയ്യുകയാണെന്നും താരം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചിരുന്നു.

കാന്താര 2 ആണ് രുക്മിണിയുടേതായി ഒടുവിലെത്തിയ ചിത്രം. ജൂനിയര്‍ എന്‍ടിആറിനൊപ്പമുള്ള ഡ്രാഗണ്‍, യാഷിനൊപ്പമുള്ള ടോക്‌സിക് എന്നിവയാണ് രുക്മിണിയുടേതായി ഇനി വരാനുള്ള ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/367318/Rukmini-Deepfake-Photo-Circulation-Case-Three-Suspects-Arrested-Karnataka-)