---
title: "ഓസ്‌കാർ വേദിയിലെ തല്ല്; വിൽ സ്മിത്തിന് 10 വർഷത്തെ വിലക്ക്"
english_title: "LOS ANGELES: Smith has been banned from attending the Oscars for 10 years. "
publisher: "moviemax.in"
canonical_url: "https://moviemax.in/news/36655/los-angeles-smith-has-been-banned-from-attending-the-oscars-for-10-years"
published_at: "2022-04-09T12:35:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62513071be25a_oscar.jpg"
keywords: []
---

# ഓസ്‌കാർ വേദിയിലെ തല്ല്; വിൽ സ്മിത്തിന് 10 വർഷത്തെ വിലക്ക്

> **Lead Summary:**  ഓസ്‌കാറിൽ പങ്കെടുക്കുന്നതിൽ നിന്ന് വിൽ സ്മിത്തിന് 10 വർഷത്തെ വിലക്ക്. 2022 ഏപ്രിൽ എട്ട് മുതൽ 10 വർഷത്തേക്കാണ് വിലക്ക്. ഓസ്കാർ വേദിയിൽ അവതാരകനെ തല്ലിയ സംഭവത്തിന് പിന്നാലെയാണ് വലിയ നടപടിയുമായി അക്കാദമി രംഗത്തെത്തിയിരിക്കുന്നത്.

## Article Content

 ഓസ്‌കാറിൽ പങ്കെടുക്കുന്നതിൽ നിന്ന് വിൽ സ്മിത്തിന് 10 വർഷത്തെ വിലക്ക്. 2022 ഏപ്രിൽ എട്ട് മുതൽ 10 വർഷത്തേക്കാണ് വിലക്ക്. ഓസ്കാർ വേദിയിൽ അവതാരകനെ തല്ലിയ സംഭവത്തിന് പിന്നാലെയാണ് വലിയ നടപടിയുമായി അക്കാദമി രംഗത്തെത്തിയിരിക്കുന്നത്.

അക്കാദമി അവാർഡുകൾ ഉൾപ്പെടെ, നേരിട്ടോ ഫലത്തിലോ അക്കാദമി പരിപാടികളിലും പങ്കെടുക്കാൻ സ്മിത്തിനെ അനുവദിക്കില്ലെന്ന് ബോർഡ് തീരുമാനിച്ചു. അക്കാദമി പ്രസിഡന്റ് ഡേവിഡ് റൂബിനും സിഇഒ ഡോൺ ഹഡ്‌സണും വെള്ളിയാഴ്ച പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം.

ലോസ് ഏഞ്ചൽസിൽ ഇന്ന് ചേർന്ന അക്കാദമിയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിലാണ് തീരുമാനം. ഇത്തവണത്തെ ഓസ്‍കര്‍ അവാര്‍ഡ്‍ ദാന ചടങ്ങിനെ നാടകീയമാക്കിയ സംഭവമായിരുന്നു മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വില്‍ സ്‍മിത്തിന്‍റെ വേദിയിലെ അപ്രതീക്ഷിത പെരുമാറ്റം.

ഭാര്യ ജെയ്‍ഡ പിന്‍കറ്റിന്‍റെ രോഗാവസ്ഥയെ സൂചിപ്പിച്ച് അവതാരകനായ ക്രിസ് റോക്ക് പറഞ്ഞ തമാശയില്‍ നിയന്ത്രണം നഷ്‍ടപ്പെട്ട സ്‍മിത്ത് വേദിയിലേക്ക് കയറിച്ചെന്ന് അദ്ദേഹത്തിന്‍റെ മുഖത്തടിക്കുകയായിരുന്നു. ഒരു നിമിഷം സ്‍തബ്ധനായ ക്രിസ് മനസാന്നിധ്യം വീണ്ടെടുത്ത് പരിപാടി തുടരുകയായിരുന്നു.

ഈ സംഭവത്തിനു ശേഷമായിരുന്നു വില്‍ സ്‍മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. പുരസ്‍കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ തന്നെ തന്‍റെ പെരുമാറ്റത്തിന് സ്മിത്ത് മാപ്പ് ചോദിച്ചിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഒരു വിശദമായ കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/36655/los-angeles-smith-has-been-banned-from-attending-the-oscars-for-10-years)