#Latest News #Kothamangalam SHO #Arjun Ayanki
കൊച്ചി: ( www.truevisionnews.com) കോതമംഗലം എസ്എച്ച്ഒക്കെതിരായ ഭീഷണിക്ക് പിന്നാലെ പുതിയ കുറിപ്പുമായി അർജുൻ ആയങ്കി. നിരപരാധിത്വം വ്യക്തമായിരുന്നിട്ടും ഒരു കൂട്ടം കുടുംബങ്ങളെ കണ്ണീർ കുടിപ്പിച്ച് അധികാര ദുർവിനിയോഗം നടത്തി കൊടിയ കുറ്റകൃത്യം ചെയ്തത് ആ പൊലീസുകാരനാണെന്ന് കുറിപ്പിൽ പറയുന്നു.
10 പേരെ പാതിരാത്രിക്ക് പിടിച്ചുകൊണ്ടുപോയി ഭൂതകാലത്ത് ചെയ്ത കുറ്റകൃത്യങ്ങളുടെ ലിസ്റ്റെടുത്ത് ആറു പേർക്കെതിരെ കുറ്റം ചുമത്തി ജാമ്യം കിട്ടാതിരിക്കാൻ പാതിരാത്രി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്റ് ചെയ്യിക്കുകയായിരുന്നുവെന്ന് അർജുൻ ആയങ്കി ആരോപിച്ചു.
താൻ അനുകൂലിക്കുന്ന പാർട്ടിയുടെ കാവൽ സർക്കാരിന്‍റെ അവസാന ദിവസമായ മൂന്നാം തീയ്യതിയാണ് ഇത് സംഭവിച്ചത്. തന്റെ പാർട്ടി അധികാരത്തിലിരിക്കുമ്പോൾ കിട്ടാത്ത നീതി താനെതിർത്തിരുന്ന യുഡിഎഫ് സർക്കാരിൽ നിന്ന് കിട്ടുമെന്ന് പ്രതീക്ഷയില്ല എങ്കിലും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകും. പൊലീസ് ഗുണ്ടായിസത്തിനെതിരെ അദ്ദേഹം നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അർജുൻ ആയങ്കി കുറിച്ചു.
കുറിപ്പിന്‍റെ പൂർണരൂപം
"ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ആപ്തവാക്യം അലങ്കരിക്കുന്ന കോടതിമുറിയിലേക്ക് സത്യസന്ധമായി നിയമം നടപ്പിലാക്കേണ്ടുന്ന പോലീസുദ്യോഗസ്ഥൻ നിരപരാധികളായ മനുഷ്യരെ പ്രതികാരമനോഭാവത്താൽ കള്ളക്കേസ് ചുമത്തി ഹാജരാക്കുമ്പോൾ അവിടെ കോടതിയെ കബളിപ്പിച്ച് നീതിപീഠത്തെ കരിവാരിത്തേക്കുന്നത് ആ പോലീസുകാരനാണ്, പ്രാഥമിക അന്വേഷണത്തിൽ പകൽ പോലെ വ്യക്തമായ നിരപരാധിത്വം സ്വാർത്ഥ താല്പര്യങ്ങൾക്ക് വഴങ്ങി ഒരു കൂട്ടം കുടുംബങ്ങളെ കണ്ണീർ കുടിപ്പിച്ച അധികാര ദുർവിനിയോഗം നടത്തി കൊടിയ കുറ്റകൃത്യം ചെയ്തത് ആ പോലീസുകാരനാണ്.
പത്ത് പേരെ പാതിരാത്രിക്ക് പിടിച്ചുകൊണ്ടുവന്ന് കേസ് ഹിസ്റ്ററി പരിശോധിച്ച് ഭൂതകാലത്ത് ചെയ്ത കുറ്റകൃത്യങ്ങളുടെ ലിസ്റ്റെടുത്ത് ആറുപേർക്കെതിരെ കുറ്റം ചുമത്തി ഒരു തരത്തിലും ജാമ്യം നേടി മോചിതരാവാതിരിക്കാൻ പാതിരാത്രി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്റ് ചെയ്യിച്ച്, ജയിലിൽ കിടക്കവെ ജാമ്യാപേക്ഷയിൽ റിപ്പോർട്ട് ചോദിച്ച കോടതിയെ നാല് ദിവസം കാത്തിരിപ്പിച്ചു കുറ്റബോധമില്ലാതെ മനസ്സാക്ഷിക്കുത്തില്ലാതെ പരമാവധി ഞങ്ങളെ ജയിലിൽ കിടത്തി ഉപദ്രവിച്ച, ഞങ്ങളുടെ വാഹനങ്ങൾ നശിപ്പിക്കാൻ ശ്രമിച്ച, മൊബൈലുകൾ പിടിച്ചെടുത്ത് ഉപജീവനം താറുമാറാക്കിയ, ആകെമൊത്തം ഒരൊറ്റ രാത്രികൊണ്ട് ഒരു പോലീസുകാരനാൽ ജീവിതം തലകീഴായിമറിഞ്ഞ ഒരു മനുഷ്യജീവിക്ക് അയാളോട് എന്ത് വികാരമാണ് തോന്നുക? അത് തന്നെയാണ് ഞാനെഴുതിയതും പറഞ്ഞതും പ്രകടിപ്പിച്ചതും.
സത്യം നടപ്പിലാക്കാൻ ബാധ്യസ്ഥനായ തൊഴിൽ ധർമ്മം മറന്ന് ഒരു കൂട്ടം മനുഷ്യരെ തന്റെ അധികാരം ഉപയോഗിച്ച് കൊടിയ ക്രൂരതയ്ക്കിരയാക്കിയ, അനേകം അമ്മമാരെയും ഭാര്യമാരെയും പ്രയാസത്തിലാക്കി വേദനിപ്പിച്ച നിയമവിരുദ്ധ കുറ്റം ചെയ്ത പൊലീസുകാരൻ ആ സേനയിൽ തുടരാൻ അർഹനല്ല.
അത് ഈ നാടിന് തന്നെ ഭീഷണിയാണ്. നിങ്ങൾക്കിത് നിരന്തരം കേൾക്കുമ്പോൾ മടുക്കാം. ബാധിക്കപ്പെട്ട അനുഭവിച്ച നമ്മൾക്ക് അതങ്ങനെ മറക്കാനോ പൊറുക്കാനോ സാധിക്കുന്നതല്ല, ഇന്നലെ ഞങ്ങളെങ്കിൽ നാളെ നിങ്ങളിലൊരാൾ ആയിരിക്കും. ഇനിയൊരാൾക്കും നമ്മുടെ ഗതിയുണ്ടാവരുത് എന്ന ദൃഢനിശ്ചയത്തിന്റെ പ്രതീക്ഷയുടെ ഭാഗമായിട്ടാണ് ഈ നിയമപോരാട്ടം ഞങ്ങളാരംഭിക്കുന്നത്.
പറഞ്ഞുവരുമ്പോൾ ഞാൻ അനുകൂലിക്കുന്ന എന്റെ പാർട്ടിയുടെ കാവൽ സർക്കാരിന്റെ അവസാനദിവസമായ മൂന്നാം തീയ്യതിയാണ് ഇത് സംഭവിച്ചത്, അതുകൊണ്ട് എന്റെ പാർട്ടിയാണ് ഇതിനുത്തരവാദി എന്നാണ് യുഡിഎഫ് ന്യായം എങ്കിൽ എന്റെ പാർട്ടി അധികാരത്തിലിരിക്കുമ്പോൾ എനിക്ക് കിട്ടാത്ത നീതി ഞാനെതിർത്തിരുന്ന യുഡിഎഫ് സർക്കാരിൽ നിന്ന് കിട്ടുമെന്ന് എനിക്ക് പ്രതീക്ഷയില്ല, എന്നിരുന്നാലും ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തലയ്ക്ക് മുൻപാകെ ഞാൻ ഈ വിഷയത്തിന്മേൽ നിവേദനം നൽകും, ഈ പച്ചയായ പോലീസ് ഗുണ്ടായിസത്തിനെതിരെ അദ്ദേഹം നടപടിയെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
കൂടാതെ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന പോലീസ് മേധാവിയ്ക്കും ഈ അന്യായത്തിനെതിരെ സാധ്യമായ ഇടങ്ങളിലെല്ലാം പരാതി ബോധിപ്പിച്ച് ഈ കൊടിയ നിയമവിരുദ്ധ അരാജക പ്രവർത്തിക്കെതിരെ നീതി ലഭിക്കും വരെ പ്രയത്നിക്കും, ഇത് കേവലമൊരു രാഷ്ട്രീയ പകപോക്കലോ വ്യക്തിവിരോധമോ മാത്രമല്ല കൈക്കൂലി വാങ്ങിയിട്ടുള്ള കൊട്ടേഷൻ പ്രവർത്തനമാണോ എന്നും ഞാൻ സംശയിക്കുന്നു.
ഇന്ത്യൻ നിയമവ്യവസ്ഥയിൽ ഏതൊരു സാധാരണക്കാരനും വിശ്വാസവും പ്രതീക്ഷയും കൈവിടാതിരിക്കാൻ സത്യം ജയിച്ചേ പറ്റൂ. ദുരിതപർവ്വമാണ് മുന്നിലെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇറങ്ങിപ്പുറപ്പെട്ട ജീവിത സമരമാണിത്. രാഷ്ട്രീയ ഭേദമന്യേ നീതിബോധമുള്ള സകല മനുഷ്യരും ഐക്യപ്പെടുക എന്നഭ്യർത്ഥിക്കുന്നു"
Content Highlight: Arjun Ayanki releases new note after threat against Kothamangalam SHO


































