#Latest News #Idukki #H1N1 #Fever
ഇടുക്കി: (truevisionnews.com) ജില്ലയിൽ എച്ച് 1 എൻ 1 പനി ബാധിച്ച് വയോധിക മരണപ്പെട്ടു. ഇടുക്കി കൊച്ചുകരിമ്പൻ സ്വദേശിയായ മറിയാമ്മ (82) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 30-നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. വയോധികയുടെ മരണത്തോടെ ജില്ലയിൽ പകർച്ചവ്യാധികൾക്കെതിരെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം കർശനമാക്കിയിട്ടുണ്ട്.
പന്നിപ്പനി അഥവാ സ്വൈൻ ഇൻഫ്ലുവൻസ എന്നറിയപ്പെടുന്ന എച്ച് 1 എൻ 1, ഒരു തരം ആർ.എൻ.എ (RNA) വൈറസ് മൂലമുണ്ടാകുന്ന ശ്വാസകോശ രോഗമാണ്. 2009 മുതൽ അന്താരാഷ്ട്ര തലത്തിൽ ഇതൊരു പകർച്ചവ്യാധിയായി പടർന്നുപിടിക്കാറുണ്ട്.
പ്രധാനമായും വായുവിലൂടെ പകരുന്ന ഈ രോഗം, എച്ച് 1 എൻ 1 ബാധിച്ച വ്യക്തി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന ശ്വാസകോശ സ്രവങ്ങളിലൂടെയാണ് മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗബാധിതനായ ഒരാളിൽ നിന്ന് രണ്ട് മുതൽ ഏഴ് ദിവസം വരെ ഈ വൈറസ് മറ്റൊരാളിലേക്ക് പകരാൻ സാധ്യതയേറെയാണ്.
സാധാരണ വരാറുള്ള വൈറൽ പനിക്ക് സമാനമായ ലക്ഷണങ്ങളാണ് എച്ച് 1 എൻ 1 പനിക്കും കാണാറുള്ളത്. ശക്തമായ പനി, കടുത്ത ശരീരവേദന, തൊണ്ടവേദന, വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, കടുത്ത ക്ഷീണം, വിറയൽ എന്നിവയ്ക്ക് പുറമെ ചിലരിൽ വയറിളക്കവും ഛർദ്ദിയും ഈ രോഗത്തിന്റെ ലക്ഷണങ്ങളായി വരാറുണ്ട്.
സാധാരണക്കാർക്ക് ഇത് പെട്ടെന്ന് ഭേദമാകാറുണ്ടെങ്കിലും ആസ്മ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത മറ്റ് അസുഖങ്ങളുള്ളവരിൽ എച്ച് 1 എൻ 1 ബാധിച്ചാൽ രോഗാവസ്ഥ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കുന്നു.
Content Highlight: Elderly woman dies of H1N1 in Idukki
#Latest News #Idukki #H1N1 #Fever

































