---
title: "ബോക്സോഫീസിൽ ജോർജുകുട്ടിയുടെ ചരിത്രക്കുതിപ്പ്; വെറും 7 ദിവസം കൊണ്ട് 200 കോടി ക്ലബിൽ കയറി 'ദൃശ്യം 3'"
english_title: "content highlights:- 'Drishyam 3' enters the 200 crore club in 7 days"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362339/content-highlights-drishyam-3-enters-the-200-crore-club-in-7-days"
published_at: "2026-05-28T15:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a180c1fb8c9d_19.jpg"
keywords: ["Latest News", "Malayalam", "Drishyam"]
---

# ബോക്സോഫീസിൽ ജോർജുകുട്ടിയുടെ ചരിത്രക്കുതിപ്പ്; വെറും 7 ദിവസം കൊണ്ട് 200 കോടി ക്ലബിൽ കയറി 'ദൃശ്യം 3'

> **Lead Summary:** **[**ബോക്സോഫീസിൽ സമാനതകളില്ലാത്ത ചരിത്രക്കുതിപ്പ് തുടരുന്ന മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ 'ദൃശ്യം 3' ആഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചു.

## Article Content

**[**ബോക്സോഫീസിൽ സമാനതകളില്ലാത്ത ചരിത്രക്കുതിപ്പ് തുടരുന്ന മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ 'ദൃശ്യം 3' ആഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചു.

തിയേറ്ററുകളിൽ റിലീസ് ചെയ്ത് വെറും ഏഴുദിവസം കൊണ്ടാണ് ചിത്രം ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. എമ്പുരാൻ, തുടരും എന്നീ വമ്പൻ ചിത്രങ്ങൾക്ക് ശേഷം 200 കോടി ക്ലബിലെത്തുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രമെന്ന ഖ്യാതിയും ഇതോടെ ദൃശ്യം 3 സ്വന്തമാക്കി കഴിഞ്ഞു.

മൂന്ന് സിനിമകൾ, മൂന്ന് അധ്യായങ്ങൾ, അഭേദ്യമായ ഒരു ബന്ധം എന്ന് കുറിച്ചുകൊണ്ട് ജോർജ്ജ്കുട്ടിക്കും കുടുംബത്തിനും ഒപ്പം നിന്ന പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മോഹൻലാൽ തന്നെയാണ് 200 കോടിയുടെ ഔദ്യോഗിക കളക്ഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്. കേരളത്തിൽ മാത്രം 465 സ്‌ക്രീനുകളിലും ആഗോളതലത്തിൽ ആകെ 3000 സ്‌ക്രീനുകളിലുമാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

മോഹൻലാലിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനവും ജീത്തു ജോസഫിന്റെ മികച്ച മേക്കിംഗും ഒത്തുചേർന്ന ഒരു പക്കാ ഇമോഷനൽ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ തിരിച്ചെത്തിയിട്ടുണ്ട്.

2013-ൽ പുറത്തിറങ്ങി മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ 'ദൃശ്യം' ഒന്നാം ഭാഗത്തിന് ശേഷം, എട്ടുവർഷങ്ങൾ കഴിഞ്ഞാണ് 2021-ൽ കോവിഡ് പ്രതിസന്ധികൾക്കിടയിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്.

ഒടിടി റിലീസ് ആയിരുന്നിട്ടും വലിയ തരംഗം സൃഷ്ടിച്ച ജോർജുകുട്ടിയും കുടുംബവും ഇപ്പോൾ മൂന്നാം ഭാഗത്തിലൂടെ തീയേറ്ററുകളിൽ വിസ്മയമായി മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/362339/content-highlights-drishyam-3-enters-the-200-crore-club-in-7-days)