#Latest News #Trivandrum #Auto Driver Death Case #Kerala Police
തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരത്ത് യുവാവിനെ വീടിന്റെ മുകളിലെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലം സ്വദേശി ബൈജുവിനെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബൈജുവിന്റെ കുടുംബം രംഗത്തെത്തി.
കഴിഞ്ഞ ദിവസം ഇൻഷുറൻസ് ഇല്ലാത്തതിനെ തുടർന്നും മദ്യപിച്ച് വാഹനമോടിച്ചതിനും ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് പിഴയും ഇൻഷുറൻസ് തുകയും അടച്ചിട്ടും ഓട്ടോ വിട്ടുനൽകാൻ പൊലീസ് തയ്യാറായില്ല. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനാൽ കോടതി വഴി മാത്രമേ വാഹനം റിലീസ് ചെയ്യാനാകൂ എന്ന നിലപാടാണ് പൊലീസ് എടുത്തത്. സ്വന്തം ജീവിതോപാധിയായ വാഹനം നഷ്ടപ്പെടുമോ എന്ന കടുത്ത മനോവിഷമത്തിലായിരുന്നു ബൈജു എന്ന് കുടുംബം പറയുന്നു.
ഇതിനിടെ, കുടുംബത്തെപ്പോലും അറിയിക്കാതെ പൊലീസ് ബൈജുവിനെ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായും ബന്ധുക്കൾ പറയുന്നു. വിവരമറിഞ്ഞ് അമ്മയും സഹോദരനും നേരിട്ടെത്തിയാണ് ബൈജുവിനെ അവിടെനിന്ന് ഇറക്കിക്കൊണ്ടുപോന്നത്. പൊലീസിന്റെ ഈ നടപടികൾ ബൈജുവിനെ മാനസികമായി തളർത്തിയതായാണ് കുടുംബം കരുതുന്നത്.
കഴിഞ്ഞ രാത്രി വീടിന് മുകളിലെ വാട്ടർ ടാങ്കിൽ ഇരിക്കുന്ന നിലയിലാണ് ബൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ മൃതദേഹത്തിൽ മർദനമേറ്റ രീതിയിലുള്ള പാടുകളുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Content Highlights:- Youth found dead in water tank in Thiruvananthapuram, family makes serious allegations against Medical College police
#Latest News #Trivandrum #Auto Driver Death Case #Kerala Police

































