#LATEST NEWS #Ambalapuzha
അമ്പലപ്പുഴ: ( www.truevisionnews.com ) ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികളെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണപ്പൻ എന്നറിയപ്പെടുന്ന ഉദീഷ് (26), രാജീവ് (41) എന്നിവരാണ് പിടിയിലായത്.
ആക്രമണത്തിൽ അമ്പലപ്പുഴ സ്വദേശികളായ ബിജു, അദ്ദേഹത്തിന്റെ ബന്ധു ശരത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അമ്പലപ്പുഴ ബിവറേജസ് ഔട്ട്‌ലെറ്റിൽ വെച്ച് മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ബിജുവും പ്രതികളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ ബിജു പ്രതികളിലൊരാളായ ഉദീഷിനെ മർദിച്ചു. ഇതിലുള്ള വൈരാഗ്യം മൂലം പിന്നാലെയെത്തിയ പ്രതികൾ ബിജുവിനെയും ശരത്തിനെയും മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ, പൊലീസ് നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിൽ മണിക്കൂറുകൾക്കുള്ളിൽ വണ്ടാനത്ത് വെച്ച് സാഹസികമായി പിടികൂടി. അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാർ എം. നേതൃത്വം നൽകിയ അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ അജിൻ എസ്, അമൽ, പ്രൊബേഷൻ എസ്.ഐ ഹക്കിം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനിൽ എം.കെ, ജസീർ, സിവിൽ പൊലീസ് ഓഫീസർമാരായ വിജിത്ത്, അരുൺകുമാർ, ജെയിംസ് എന്നിവരാണ് ഉണ്ടായിരുന്നത്.
Content highlights:-Two accused arrested in Ambalapuzha

































