---
title: "ലാലേട്ടന് മകളുടെ പിറന്നാൾ ആശംസ; അച്ഛൻ എനിക്കറിയാവുന്ന ഏറ്റവും കഠിനാധ്വാനിയായ മനുഷ്യനെന്ന് വിസ്മയ"
english_title: "CONTENT HIGHLIGHTS Birthday WISHES to Lalettan from his daughter"
publisher: "moviemax.in"
canonical_url: "https://moviemax.in/news/360823/content-highlights-birthday-wishes-to-lalettan-from-his-daughter"
published_at: "2026-05-21T15:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ed34fc6f41_24.jpg"
keywords: ["Latest News", "Mohanlal Birthday"]
---

# ലാലേട്ടന് മകളുടെ പിറന്നാൾ ആശംസ; അച്ഛൻ എനിക്കറിയാവുന്ന ഏറ്റവും കഠിനാധ്വാനിയായ മനുഷ്യനെന്ന് വിസ്മയ

> **Lead Summary:** **[** മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് പിറന്നാൾ മധുരമേകി മകൾ വിസ്മയ മോഹൻലാലിന്റെ ഹൃദയസ്പർശിയായ സോഷ്യൽ മീഡിയ കുറിപ്പ്. വ്യാഴാഴ്ച ജന്മദിനം ആഘോഷിക്കുന്ന പ്രിയതാരത്തിന് സിനിമാ ലോകത്തുനിന്നും ആരാധകരിൽ നിന്നും ആശംസകളുടെ പ്രവാഹമാണിപ്പോൾ.

## Article Content

**[** മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് പിറന്നാൾ മധുരമേകി മകൾ വിസ്മയ മോഹൻലാലിന്റെ ഹൃദയസ്പർശിയായ സോഷ്യൽ മീഡിയ കുറിപ്പ്. വ്യാഴാഴ്ച ജന്മദിനം ആഘോഷിക്കുന്ന പ്രിയതാരത്തിന് സിനിമാ ലോകത്തുനിന്നും ആരാധകരിൽ നിന്നും ആശംസകളുടെ പ്രവാഹമാണിപ്പോൾ.

> ഇതിനിടയിലാണ് അച്ഛനെ "ബ്യൂട്ടിഫുൾ സോൾ" (മനോഹരമായ ആത്മാവ്) എന്ന് വിശേഷിപ്പിച്ചുകൊണ്ട് വിസ്മയയുടെ സ്നേഹക്കുറിപ്പ് എത്തിയത്. തനിക്കറിയാവുന്നതിൽ വെച്ച് ഏറ്റവും കഴിവുള്ളവനും കഠിനാധ്വാനിയുമായ മനുഷ്യനാണ് അച്ഛനെന്ന് വിസ്മയ കുറിച്ചു.

മികച്ചൊരു കലാകാരനും രുചികരമായ ഭക്ഷണമുണ്ടാക്കുന്ന ആളുമെന്നതിനൊപ്പം എല്ലാത്തിലുമുപരി നല്ലൊരു മനുഷ്യനാണ് അച്ഛനെന്നും വിസ്മയ തന്റെ കുറിപ്പിൽ ഓർമ്മിക്കുന്നു. അച്ഛനോടുള്ള ആഴമേറിയ സ്നേഹം പ്രകടിപ്പിക്കുന്ന ഈ സന്ദേശത്തോടൊപ്പം മൂന്ന് ചിത്രങ്ങളും വിസ്മയ പങ്കുവെച്ചിട്ടുണ്ട്.

ലാലേട്ടന് ആശംസകൾ നേരുന്നതിനൊപ്പം വിസ്മയയുടെ സിനിമാ അരങ്ങേറ്റവും ഇപ്പോൾ ചർച്ചയാവുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ചിരിക്കുകയാണ് വിസ്മയ.

ഈ സിനിമയുടെ ചിത്രീകരണം ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. ആശിഷ് ജോ ആന്റണി മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്.

സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ ഡോ. എമിൽ ആന്റണി, ഡോ. അനീഷ ആന്റണി എന്നിവരാണ്.

ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ 'തുടക്ക'ത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജേക്സ് ബിജോയാണ്. അച്ഛന്റെ പിറന്നാൾ ദിനത്തിൽ മകൾ പങ്കുവെച്ച ആശംസയും വിസ്മയയുടെ പുതിയ സിനിമാ വിശേഷങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/360823/content-highlights-birthday-wishes-to-lalettan-from-his-daughter)