---
title: "റെക്കോർഡുകൾ തൂക്കാൻ ജോർജുകുട്ടിയും കുടുംബവും; 'ദൃശ്യം 3' ആദ്യദിന പ്രതികരണങ്ങൾ പുറത്ത്"
english_title: "content highlights 'Drishyam 3' first day reactions are out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/360813/content-highlights-drishyam-3-first-day-reactions-are-out"
published_at: "2026-05-21T14:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ecd22f25b9_22.jpg"
keywords: ["Latest News", "Drishyam movie", "Review"]
---

# റെക്കോർഡുകൾ തൂക്കാൻ ജോർജുകുട്ടിയും കുടുംബവും; 'ദൃശ്യം 3' ആദ്യദിന പ്രതികരണങ്ങൾ പുറത്ത്

> **Lead Summary:** **[**സിനിമാപ്രേമികൾ ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം 'ദൃശ്യം 3' ഇന്ന് തിയേറ്ററുകളിൽ എത്തി. റിലീസ് ദിനത്തിൽ തന്നെ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

## Article Content

**[**സിനിമാപ്രേമികൾ ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം 'ദൃശ്യം 3' ഇന്ന് തിയേറ്ററുകളിൽ എത്തി. റിലീസ് ദിനത്തിൽ തന്നെ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തിയേറ്ററുകളിൽ നിന്ന് അത്യന്തം ആവേശം നൽകുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ ഇന്റർവെൽ ബ്ലോക്ക് ഗംഭീരമാണെന്നും, പ്രേക്ഷകരെ വൈകാരികമായി ഏറെ സ്വാധീനിക്കുന്ന തിരക്കഥയും മികച്ച ആഖ്യാന ശൈലിയുമാണ് ദൃശ്യം മൂന്നാം ഭാഗത്തിന്റേതുമെന്നാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്ന ആദ്യ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

തങ്ങളുടെ കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന അതിഥിയെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജോർജുകുട്ടിയും കുടുംബവും ഇത്തവണ പോലീസ് പിടിയിലാകുമോ, അതോ നാലാം ക്ലാസുകാരന്റെ കൂർമബുദ്ധിയിൽ വീണ്ടും രക്ഷപ്പെടുമോ എന്നറിയാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായിരിക്കുന്നത്.

മൂന്നാം ഭാഗത്തിൽ ജോർജുകുട്ടിക്ക് അല്പം പേടിയും കുടുംബത്തിന് കൂടുതൽ വൈകാരിക നിമിഷങ്ങളും ഉണ്ടെന്ന സൂചന നേരത്തെ ട്രെയിലർ നൽകിയിരുന്നു. തിയേറ്ററുകളിൽ നിന്നുള്ള മികച്ച പ്രതികരണം കണക്കിലെടുക്കുമ്പോൾ ഈ മോഹൻലാൽ ചിത്രം ബോക്സ് ഓഫീസിലെ സകല കളക്ഷൻ റെക്കോർഡുകളും തകർക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ.

'യു/എ 13+' സർട്ടിഫിക്കറ്റോടെയാണ് ദൃശ്യം 3 പ്രദർശനത്തിന് എത്തിയിരിക്കുന്നത്. നേരത്തെ ഏപ്രിൽ രണ്ടിന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം, പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തെ തുടർന്നാണ് മെയ് 21-ലേക്ക് മാറ്റിവെച്ചത്.

മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, ഇർഷാദ്, ഗണേഷ് കുമാർ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യും. ഹിന്ദി പതിപ്പിന്റെ നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസ്, ദൃശ്യം 3 മലയാളം ഒറിജിനലിന്റെ ആഗോള തിയട്രിക്കൽ, ഡിജിറ്റൽ റൈറ്റുകൾ സ്വന്തമാക്കിയതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനറായ പെൻ സ്റ്റുഡിയോസ്, പനോരമ സ്റ്റുഡിയോസ് വഴി ആശിർവാദ് സിനിമാസിൽ 100 കോടി രൂപയുടെ വൻ നിക്ഷേപം നടത്തിയിട്ടുണ്ടെന്നതും ചിത്രത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/360813/content-highlights-drishyam-3-first-day-reactions-are-out)