---
title: "'ഞാനെത്ര എഫർട്ട് ഇട്ടിട്ടും എന്തുകൊണ്ട് ഒന്നും തിരിച്ചു കിട്ടുന്നില്ലെന്ന് ദൈവത്തോട് ചോദിച്ചിട്ടുണ്ട്'; അപ്സര മനസ്സ് തുറക്കുന്നു"
english_title: "'I have asked God why I don't get anything in return despite all the effort I put in'; Apsara opens up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/360642/i-have-asked-god-why-i-dont-get-anything-in-return-despite-all-the-effort-i-put-in-apsara-opens-up"
published_at: "2026-05-20T17:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d9d7fa6319_Apsara.jpg"
keywords: ["Apsara Ratnakaran", "Apsara Ratnakaran Latest News"]
---

# 'ഞാനെത്ര എഫർട്ട് ഇട്ടിട്ടും എന്തുകൊണ്ട് ഒന്നും തിരിച്ചു കിട്ടുന്നില്ലെന്ന് ദൈവത്തോട് ചോദിച്ചിട്ടുണ്ട്'; അപ്സര മനസ്സ് തുറക്കുന്നു

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അപ്സര രത്നാകരൻ. ഏഷ്യാനെറ്റിലെ 'സാന്ത്വനം' എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സ് കവർന്ന അപ്സര, ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് കൂടുതൽ ജനശ്രദ്ധ നേടുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അപ്സര രത്നാകരൻ. ഏഷ്യാനെറ്റിലെ 'സാന്ത്വനം' എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സ് കവർന്ന അപ്സര, ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് കൂടുതൽ ജനശ്രദ്ധ നേടുന്നത്.

തന്റെ വ്യക്തിജീവിതത്തിലെ വിശേഷങ്ങളും അനുഭവങ്ങളും അഭിമുഖങ്ങളിലൂടെ തുറന്നുപറയാൻ താരം മടിക്കാറില്ല. കുടുംബത്തിനുവേണ്ടി ജീവിച്ച തന്റെ ഭൂതകാലത്തെക്കുറിച്ചാണ് പുതിയൊരു അഭിമുഖത്തിൽ അപ്സര മനസ്സ് തുറക്കുന്നത്. മറ്റുള്ളവർക്കായി നമ്മൾ കൊടുക്കുന്ന സ്നേഹവും പരിഗണനയുമൊക്കെ അതേപടി തിരിച്ചു കിട്ടുന്നുണ്ടോ എന്നൊരു ചിന്ത ഒരു ഘട്ടത്തിൽ തന്നെ അലട്ടിയിരുന്നതായി അപ്സര വ്യക്തമാക്കുന്നു.

''എ‍ല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്യാൻ എനിക്കിഷ്ടമായിരുന്നു. പക്ഷേ, കുറേക്കഴിഞ്ഞപ്പോൾ അങ്ങോട്ട് കൊടുക്കുന്നതൊക്കെ തിരിച്ചു കിട്ടുന്നുണ്ടോ എന്ന ചിന്ത വന്നു. അപ്പോൾ പല കാര്യങ്ങളും മാറിച്ചിന്തിച്ചു. പതിനാറാമത്തെ വയസിൽ സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയതാണ്. അന്ന് തൊട്ട് ഇതുവരെയും എന്റെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് ഞാനാണ്. ഒരിക്കലും മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചിട്ടില്ല. അതിന് ശേഷം ഒരു കുടുംബ ജീവിതം വേണമെന്ന് തോന്നി. പിന്നെ ഞാൻ മാത്രം കുടുംബം മുന്നോട്ട് കൊണ്ട് പോകുന്ന സാഹചര്യമായി. പക്ഷേ, അന്നും ഞാനത് മാനേജ് ചെയ്തു. കുറേ ആയപ്പോഴേക്കും തിരിച്ച് എന്തെന്ന ചിന്ത വന്നു. മടുപ്പല്ല. വിഷമമായിരുന്നു. ഞാനെത്ര എഫെർട്ട് ഇട്ടിട്ടും എന്തുകൊണ്ട് ഒന്നും തിരിച്ച് അതുപോലെ വരുന്നില്ലെന്ന് ദെെവത്തോട് ചോദിച്ചിട്ടുണ്ട്.

പിന്നീട് ജീവിതത്തിൽ എന്ത് വന്നാലും നേരിടാൻ പറ്റുമെന്ന ആത്മവിശ്വാസം വന്നു. എന്തും നമുക്ക് അതിജീവിക്കാം. പക്ഷേ, മാനസികമായി നമ്മൾ ഓക്കെ അല്ലെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല. സുഹൃത്തുക്കളും കുടുംബവും എനിക്കൊപ്പമുണ്ട്. പക്ഷേ, ഞാനായിട്ട് ഉണ്ടാക്കിയ കുറേ വേദനകളുണ്ട്. വിശ്വസിച്ച് പോയതിന്റെ പേരിൽ. അത് വേറാർക്കും കൊടുക്കാൻ പറ്റില്ല. ഞാൻ തന്നെ അനുഭവിക്കണം'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ അപ്സര പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/360642/i-have-asked-god-why-i-dont-get-anything-in-return-despite-all-the-effort-i-put-in-apsara-opens-up)