---
title: "'ടോക്സിക്' വെറുമൊരു ഗ്യാങ്സ്റ്റർ ഡ്രാമയല്ല, വ്യത്യസ്തമായ കാഴ്ചപ്പാടാണ്; ഗീതു മോഹൻദാസിനെക്കുറിച്ച് യാഷ്"
english_title: "Yash opens up about the new theme of the movie 'Toxic'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/360502/yash-opens-up-about-the-new-theme-of-the-movie-toxic"
published_at: "2026-05-20T09:18:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d30b50b6b5_Geetu_Mohandas,__Yash.jpg"
keywords: ["Toxic  Movie", "Geetu Mohandas", "Yash"]
---

# 'ടോക്സിക്' വെറുമൊരു ഗ്യാങ്സ്റ്റർ ഡ്രാമയല്ല, വ്യത്യസ്തമായ കാഴ്ചപ്പാടാണ്; ഗീതു മോഹൻദാസിനെക്കുറിച്ച് യാഷ്

> **Lead Summary:** ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്' എന്ന സിനിമയിലെ കഥാപ്രാധാന്യത്തെക്കുറിച്ചും കഥാപാത്രങ്ങളുടെ വൈകാരിക പശ്ചാത്തലത്തെക്കുറിച്ചും നടനും നിർമ്മാതാവുമായ യാഷ് മനസ്സ് തുറന്നു.

## Article Content

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്' എന്ന സിനിമയിലെ കഥാപ്രാധാന്യത്തെക്കുറിച്ചും കഥാപാത്രങ്ങളുടെ വൈകാരിക പശ്ചാത്തലത്തെക്കുറിച്ചും നടനും നിർമ്മാതാവുമായ യാഷ് മനസ്സ് തുറന്നു.

സംവിധായിക ഗീതു മോഹൻദാസ് കൊണ്ടുവന്ന വ്യത്യസ്തമായ 'ഫീമെയിൽ ഗേസ്' ആണ് ചിത്രത്തിന് പുത്തൻ കാഴ്ചപ്പാട് നൽകിയതെന്ന് യാഷ് പറഞ്ഞു. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

> ഒരു വനിതാ സംവിധായികയ്ക്കൊപ്പം പ്രവർത്തിച്ചത് ചിത്രത്തിലെ വികാരങ്ങളും ബന്ധങ്ങളും കൈകാര്യം ചെയ്ത രീതിയെ പൂർണ്ണമായി മാറ്റിയതായി യാഷ് പങ്കുവെച്ചു. "പുരുഷൻമാർ ജീവിതത്തെ കാണുന്നത് വ്യത്യസ്തമായ രീതിയിലാണ്.

> സ്ത്രീകൾ കാര്യങ്ങളെ നോക്കിക്കാണുമ്പോൾ എപ്പോഴും അവിടെയൊരു വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടാകും. പുരുഷൻമാർ പലപ്പോഴും ശ്രദ്ധിക്കാതെ വിട്ടുപോകുന്ന വികാരങ്ങൾ സ്ത്രീകൾ കൂടുതൽ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് തന്നെ ആ ഒരു കാഴ്ചപ്പാട് വളരെ പുതുമയുള്ളതും ആഴമേറിയതുമായി മാറുന്നു," യാഷ് പറഞ്ഞു.

'ടോക്സിക്' ഒരു ഗ്യാങ്സ്റ്റർ ഡ്രാമയുടെ പശ്ചാത്തലത്തിലുള്ള ചിത്രമാണെങ്കിലും, സാധാരണ കൊമേഴ്സ്യൽ സിനിമകളുടെ രീതികൾക്കപ്പുറം സങ്കീർണ്ണമായ കഥാപാത്രങ്ങളെയും മനുഷ്യന്റെ ബലഹീനതകളെയും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്ന് യാഷ് വ്യക്തമാക്കി.

സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ വെറും സഹനടമാരായിട്ടല്ല ചിത്രീകരിച്ചിരിക്കുന്നത്. മറിച്ച് കഥയ്ക്കുള്ളിൽ കൃത്യമായ വ്യക്തിത്വവും സ്വന്തമായ നിലപാടുകളുമുള്ള മനുഷ്യരായാണ് അവരെ അവതരിപ്പിച്ചിരിക്കുന്നത്. ഏത് സാഹചര്യത്തിലും അതിജീവിക്കാൻ കെൽപ്പുള്ള ശക്തരായ സ്ത്രീകളാണ് ചിത്രത്തിലുള്ളതെന്നും താരം എടുത്തുപറഞ്ഞു.

നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

കെജിഎഫിന്റെ വിജയത്തിന് ശേഷം സ്ഥിരം ഫോർമുല സിനിമകളിൽ നിന്ന് മാറി, കൂടുതൽ സൂക്ഷ്മവും വ്യത്യസ്തവുമായ പ്രമേയങ്ങൾ പരീക്ഷിക്കാനുള്ള ആഗ്രഹത്തിൽ നിന്നാണ് താൻ 'ടോക്സിക്' തിരഞ്ഞെടുക്കാൻ കാരണമെന്നും യാഷ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/360502/yash-opens-up-about-the-new-theme-of-the-movie-toxic)