---
title: "രണ്ടാമതും വിവാഹിതയായി ദുർ​ഗ കൃഷ്ണ, വൈറലായി ചിത്രങ്ങൾ"
english_title: "New wedding pictures shared by Durga Krishna go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/35982/new-wedding-pictures-shared-by-durga-krishna-go-viral"
published_at: "2022-04-05T19:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c4b8372ff2_durga.jpg"
keywords: []
---

# രണ്ടാമതും വിവാഹിതയായി ദുർ​ഗ കൃഷ്ണ, വൈറലായി ചിത്രങ്ങൾ

> **Lead Summary:** നടിയും നർത്തകിയുമായ ദുർ​ഗ കൃഷ്ണ മലയാളിക്ക് സുപരിചതയായത് വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയായിരുന്നു. പ്രദീപ്.എം.നായർ സംവിധാനം ചെയ്ത ചിത്രത്തിൽ നായിക ജാനകിയായിട്ടാണ് ​ദുർ​ഗ കൃഷ്ണ അഭിനയിച്ചത്.

## Article Content

നടിയും നർത്തകിയുമായ ദുർ​ഗ കൃഷ്ണ മലയാളിക്ക് സുപരിചതയായത് വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയായിരുന്നു. പ്രദീപ്.എം.നായർ സംവിധാനം ചെയ്ത ചിത്രത്തിൽ നായിക ജാനകിയായിട്ടാണ് ​ദുർ​ഗ കൃഷ്ണ അഭിനയിച്ചത്.

2021 ഏപ്രിൽ അഞ്ചിനായിരുന്നു ദുർ​ഗയുടെ വിവാഹം. ബിസിനസുകാരനായ അർജുൻ രവീന്ദ്രനാണ് ദുർഗ്ഗയുടെ കഴുത്തിൽ താലി ചാർത്തി ജീവിത സഖിയാക്കിയത്. ഗുരുവായൂർ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. പിന്നീട് സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ കൊച്ചിയിൽ വെച്ചും നടത്തി.

നാല് വർഷമായി പ്രണയിക്കുന്നുവെന്നും അർജുൻ തനിക്ക് ലെെഫ് ലെെൻ ആണെന്നുമാണ് പ്രണയം വെളിപ്പെടുത്തി ദുർഗ അന്ന് പറഞ്ഞത്. അർജുന്റെ പിറന്നാൾ ഇരുവരും ചേർന്ന് ആഘോഷമാക്കിയതിൻ്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

ഇപ്പോൾ‌ ദാമ്പത്യ ജീവിതത്തിന്റെ ഒന്നാം വാർ‌ഷികത്തിൽ വീണ്ടും വിവാഹിതയായിരിക്കുകയാണ് ദുർ​ഗയും അർജുനും. ദുർ​ഗ തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയ വഴി അറിയിച്ചത്. തമിഴ് സ്റ്റൈലിൽ തമിഴ് നാട്ടിലെ ഒരു ക്ഷേത്രത്തിൽ വെച്ച് വളരെ ലളിതമായ ചടങ്ങായിട്ടാണ് ഇരുവരും തങ്ങളുടെ രണ്ടാം വിവാഹം നടത്തിയത്.

ഒരു ആ​ഗ്രഹത്തിന്റെ പുറത്താണ് ഒന്നാം വിവാഹ വാർഷിക ദിനത്തിൽ വീണ്ടും വിവാഹിതരാകുന്നത് എന്നാണ് ദുർ​ഗ വീഡിയോയിൽ പറഞ്ഞത്. വിവാഹ ശേഷമുള്ള ചിത്രങ്ങളും ദുർ​ഗയും അർജുനും സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

'ഈ വർഷം മുഴുവൻ ഞങ്ങൾ സൃഷ്ടിച്ച എല്ലാ ഓർമകളും വീണ്ടും ആഘോഷിക്കാനുള്ള ദിവസം... ഹാപ്പി ആനിവേഴ്സറി' എന്നാണ് ദുർ​ഗ കുറിച്ചത്. തമിഴ് ആചാരപ്രകാരം നടന്ന വിവാഹത്തിൽ തമിഴ് പെണ്ണിനെപ്പോലെ അണിഞ്ഞൊരുങ്ങിയാണ് ദുർ​ഗ എത്തിയത്. ​

ഗ്രേപ്പ് നിറത്തിലുള്ള കോട്ടൺ സാരിയും മുല്ലപ്പൂവും സിംപിൾ ജ്വല്ലറിയും അണിഞ്ഞാണ് ദുർ​ഗ വിവാഹത്തിന് എത്തിയത്. സ്വർണ്ണ കസവുള്ള വെള്ള മുണ്ടും ഷർട്ടുമായിരുന്നു അർജുന്റെ വേഷം. ഇരുവരുടേയും വ്യത്യസ്തമായ വിവാഹ വാർഷികാഘോഷം ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/35982/new-wedding-pictures-shared-by-durga-krishna-go-viral)