---
title: "'പറഞ്ഞ വാക്കുകൾ പാലിച്ചില്ലെങ്കിൽ പിണറായി വിജയനെ എതിർത്തതിന്റെ പത്തിരട്ടി...'; വി ഡി സതീശന് ആശംസയുമായി അഖില്‍ മാരാര്‍"
english_title: "Akhil Marar wishes VD Satheesan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359444/akhil-marar-wishes-vd-satheesan"
published_at: "2026-05-14T21:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05f5984f0ce_akhil.jpg"
keywords: []
---

# 'പറഞ്ഞ വാക്കുകൾ പാലിച്ചില്ലെങ്കിൽ പിണറായി വിജയനെ എതിർത്തതിന്റെ പത്തിരട്ടി...'; വി ഡി സതീശന് ആശംസയുമായി അഖില്‍ മാരാര്‍

> **Lead Summary:** ** കേ**രളത്തിന്‍റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട വി ഡി സതീശന് ആശംസകളുമായി ബിഗ് ബോസ് മുന്‍ ജേതാവും നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയും ആയിരുന്ന അഖില്‍ മാരാര്‍.

## Article Content

** കേ**രളത്തിന്‍റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട വി ഡി സതീശന് ആശംസകളുമായി ബിഗ് ബോസ് മുന്‍ ജേതാവും നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയും ആയിരുന്ന അഖില്‍ മാരാര്‍.

**സതീശന് ആശംസകള്‍ നേരുന്ന അഖില്‍ അദ്ദേഹം നല്‍കിയിട്ടുള്ള വാഗ്‍ദാനങ്ങളെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് അഖില്‍ മാരാരുടെ പ്രതികരണം- മുഖ്യമന്ത്രി ആയ വി ഡി സതീശന് ഹൃദയത്തിൽ നിന്നും ആശംസകൾ..**

** ജനങ്ങളോട് പറഞ്ഞ വാക്കുകൾ പാലിച്ചില്ലെങ്കിൽ പിണറായി വിജയനെ എതിർത്തതിന്റെ പത്തിരട്ടി അങ്ങയെ എതിർക്കാൻ ഞാനും മുന്നിൽ ഉണ്ടാവും.. പറഞ്ഞ വാക്കുകൾ പാലിച്ചു ജനങ്ങളോട് നീതി പുലർത്തണം എന്നൊരു അപേക്ഷ മാത്രം, അഖില്‍ മാരാരുടെ **വാക്കുകള്‍.

അതേസമയം പത്ത് ദിവസം നീണ്ട നാടകീയതയ്ക്കും അനിശ്ചിതത്വത്തിനും ഒടുവിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരളത്തിന്‍റെ മുഖ്യമന്ത്രിയെ തീരുമാനിച്ചത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ മുന്‍ നിരയില്‍ ഉണ്ടായിരുന്നത് വി ഡി സതീശന്‍ ആയിരുന്നെങ്കില്‍ നൂറിലേറെ സീറ്റ് നേടി വിജയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്ന് പേരുകള്‍ പറയപ്പെട്ടു.

വി ഡി സതീശനൊപ്പം എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ സി വേണുഗോപാലിന്‍റെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട്ട് നിന്ന് വിജയിച്ച മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെയും പേരുകളാണ് ഉയര്‍ന്നുകേട്ടത്.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള നടപടികളുടെ ആദ്യ പടിയെന്നോണം ദില്ലിയില്‍ നിന്നുള്ള ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ തിരുവനന്തപുരത്തെത്തി എംഎല്‍എമാരെ കണ്ടു.

പിന്നീട് യുഡിഎഫ് ഘടക കക്ഷികളുടെയും അഭിപ്രായം തേടി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തങ്ങള്‍ പിന്തുണയ്ക്കുന്ന നേതാക്കളുടെ ഫ്ലെക്സുകള്‍ കേരളത്തില്‍ പലയിടങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തി.

അന്തിമ പ്രഖ്യാപനം എന്നത്തേക്ക് ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും മുന്‍കൂട്ടി പറയാന്‍ സാധിച്ചില്ല. ഒടുവില്‍ അന്തിമ പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്ന് ഇന്നലെയാണ് ജയറാം രമേശ് മാധ്യമങ്ങളെ അറിയിച്ചത്.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പൊതുജനത്തിനിടയില്‍ ഏറ്റവും സ്വീകാര്യത വി ഡി സതീശന് ആയിരുന്നു. അതിനാല്‍ പ്രഖ്യാപനം വന്നതിന് പിന്നാലെ റോഡിലും സോഷ്യല്‍ മീഡിയയിലും കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരുടെ ആഘോഷമാണ്.

അതേസമയം തിങ്കളാഴ്ചയാണ് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ആരൊക്കെ മന്ത്രിമാര്‍ ആവും, ഏതൊക്കെ വകുപ്പുകള്‍ ലഭിക്കും എന്നതാണ് രാഷ്ട്രീയ കേരളത്തിന് മുന്നിലുള്ള കൗതുകം നിറഞ്ഞ കാത്തിരിപ്പ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/359444/akhil-marar-wishes-vd-satheesan)