---
title: "'സൗജന്യയാത്ര വേണ്ട, എനിക്ക് പകുതി ചാർജ് മതി!'; കെഎസ്‍ആര്‍ടിസിയിലെ സൗജന്യയാത്രയിൽ തമാശ കലർന്ന മറുപടിയുമായി ജാസി"
english_title: "Jassie's humorous response to free travel on KSRTC"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359194/jassies-humorous-response-to-free-travel-on-ksrtc"
published_at: "2026-05-13T17:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0463c7f12e9_Jassies_humorous_response_to_free_travel_on_KSRTC.jpg"
keywords: []
---

# 'സൗജന്യയാത്ര വേണ്ട, എനിക്ക് പകുതി ചാർജ് മതി!'; കെഎസ്‍ആര്‍ടിസിയിലെ സൗജന്യയാത്രയിൽ തമാശ കലർന്ന മറുപടിയുമായി ജാസി

> **Lead Summary:** യുഡിഎഫിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ കെഎസ്ആർടിസി ബസുകളിലെ സൗജന്യ സ്ത്രീയാത്ര ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. ഇതുമായി ബന്ധപ്പെട്ട കണക്കെടുപ്പ് ബസുകളിൽ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.

## Article Content

യുഡിഎഫിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ കെഎസ്ആർടിസി ബസുകളിലെ സൗജന്യ സ്ത്രീയാത്ര ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. ഇതുമായി ബന്ധപ്പെട്ട കണക്കെടുപ്പ് ബസുകളിൽ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.

സോഷ്യൽ മീഡിയയിൽ ഈ വിഷയത്തെക്കുറിച്ച് ഗൗരവകരമായ ചർച്ചകളും രസകരമായ ട്രോളുകളും നിറയുന്നതിനിടെ, ട്രാൻസ്‌വുമണും സോഷ്യൽ മീഡിയ താരവുമായ ജാസി പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാകുന്നു. തികച്ചും തമാശരൂപേണയായിരുന്നു ജാസിയുടെ ഈ വിഷയത്തോടുള്ള പ്രതികരണം.

''സർജറി ചെയ്ത വ്യക്തിയാണ് ഞാൻ. അപ്പോ ആളുകൾ ചോദിക്കും, നീ ഫുൾ സർജറി ചെയ്തോ എന്ന്. എന്നാൽ എനിക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര വേണ്ട. പകുതി നിരക്ക് മതി. 200 രൂപയാണ് ചാർജെങ്കിൽ ഞാൻ നൂറു രൂപയേ കൊടുക്കൂ. പകുതി പെണ്ണാണല്ലോ, അങ്ങനെയാണല്ലോ ആൾക്കാർ പറയുന്നത്.

അപ്പോൾ എനിക്ക് പകുതി ആനുകൂല്യം കിട്ടട്ടെ. എന്തായാലും അതു ഞാൻ നേടിയെടുക്കുക തന്നെ ചെയ്യും. കെഎസ്ആർടിസിയിൽ സൗജന്യമായിട്ടു തന്നെ യാത്ര ചെയ്യുകയും ചെയ്യും. സൗജന്യയാത്ര തുടങ്ങിയിട്ടു വേണം കെഎസ്ആർടിസിയിൽ ഫ്രീ ആയി ഗവിക്കു പോകാൻ'', എന്നാണ് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ജാസി പറയുന്നത്.

കെഎസ്ആര്‍ടിസിയിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രയെ വിമര്‍ശിച്ച് തൃക്കാക്കര എന്‍ഡിഎ സ്ഥാനാര്‍ഥിയിയാരുന്ന അഖില്‍ മാരാരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. യാതൊരു പ്ലാനിങ്ങുമില്ലാതെയാണ് സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കാമെന്നും പെന്‍ഷന്‍ 3000 രൂപയാക്കി വര്‍ധിപ്പിക്കാമെന്നും യുഡിഎഫ് പറയുന്നതെന്നും സൗജന്യ യാത്ര ലഭിക്കുമ്പോള്‍ കെഎസ്ആര്‍ടിസിയോടൊപ്പം വലിയ നികുതി നല്‍കി ബാധ്യതയില്‍ പോകുന്ന സ്വകാര്യ ബസ് മേഖലയും തകരുമെന്നും അഖില്‍ മാരാർ പറഞ്ഞിരുന്നു. ട്രാൻസ്‍വുമണായ നാദിറയും ഈ തീരുമാനത്തെ എതിർത്ത് സംസാരിച്ചിരുന്നു.

''സ്ത്രീകൾക്കല്ല അത് കൊടുക്കേണ്ടിയിരുന്നത്. ഇവിടുത്തെ പ്രായമായ മനുഷ്യർക്ക് കൊടുക്കണമായിരുന്നു, വികലാംഗർക്ക് കൊടുക്കണമായിരുന്നു. അല്ലെങ്കിൽ ഇവിടുത്തെ ന്യൂനപക്ഷത്തിൽ പെട്ട പിന്നോക്കം നിൽക്കുന്ന മനുഷ്യർക്ക് കൊടുക്കണമായിരുന്നു. ഇവിടുത്തെ സ്ത്രീകൾ കഴിവില്ലാത്ത മനുഷ്യരല്ല. ഞങ്ങൾ വിദ്യാഭ്യാസമുള്ളവരും പഠിച്ച് പണിയെടുക്കാൻ കഴിവുള്ള മനുഷ്യരുമാണ്'', എന്നായിരുന്നു നാദിറയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/359194/jassies-humorous-response-to-free-travel-on-ksrtc)