---
title: "'ഭ്രാന്തൊക്കെ മാറിയോ ചെക്കന്മാരെ..'; ട്വന്റി ട്വന്റി സെലിബ്രിറ്റികളെ പഞ്ഞിക്കിട്ട് വൃദ്ധി വിശാൽ; ചക്ക റീൽ വൈറൽ"
english_title: "Vishal's age is increasing by beating Twenty20 celebrities"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357371/vishals-age-is-increasing-by-beating-twenty20-celebrities"
published_at: "2026-05-05T10:09:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f974c9b79af_1.jpg"
keywords: []
---

# 'ഭ്രാന്തൊക്കെ മാറിയോ ചെക്കന്മാരെ..'; ട്വന്റി ട്വന്റി സെലിബ്രിറ്റികളെ പഞ്ഞിക്കിട്ട് വൃദ്ധി വിശാൽ; ചക്ക റീൽ വൈറൽ

> **Lead Summary:** **[**ട്വന്റി ട്വന്റി സ്ഥാനാർത്ഥികളായി മത്സരിച്ച സെലിബ്രിറ്റികളെ പരിഹസിച്ചുകൊണ്ട് ബാലതാരം വൃദ്ധി വിശാൽ പങ്കുവെച്ച ഇൻസ്റ്റാഗ്രാം റീൽ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

## Article Content

**[**ട്വന്റി ട്വന്റി സ്ഥാനാർത്ഥികളായി മത്സരിച്ച സെലിബ്രിറ്റികളെ പരിഹസിച്ചുകൊണ്ട് ബാലതാരം വൃദ്ധി വിശാൽ പങ്കുവെച്ച ഇൻസ്റ്റാഗ്രാം റീൽ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 102 സീറ്റുകളുടെ പടുകൂറ്റൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയതിന് പിന്നാലെയാണ്, 'ചക്ക' ചിഹ്നത്തിൽ മത്സരിച്ച് പരാജയപ്പെട്ട ട്വന്റി ട്വന്റി സ്ഥാനാർത്ഥികളെ ട്രോളി വൃദ്ധി രംഗത്തെത്തിയത്.

നടി ഫിലോമിനയുടെ വിഖ്യാതമായ 'നിങ്ങടെ ഭ്രാന്തൊക്കെ മാറിയോ ചെക്കന്മാരെ' എന്ന ഡയലോഗിനൊപ്പം ചക്ക കഴിക്കുന്ന ദൃശ്യങ്ങൾ കോർത്തിണക്കിയാണ് താരം വീഡിയോ ചെയ്തിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വലിയ അവകാശവാദങ്ങളുമായി രംഗത്തിറങ്ങിയ അഖിൽ മാരാർ, റോബിൻ രാധാകൃഷ്ണൻ, അഞ്ജലി നായർ, ആതിര തുടങ്ങിയ സെലിബ്രിറ്റി സ്ഥാനാർത്ഥികൾ നേരിട്ട കനത്ത പരാജയത്തെയാണ് താരം തന്റെ റീലിലൂടെ ലക്ഷ്യം വെച്ചത്.

നേരത്തെ കലാശക്കൊട്ടിനിടെ ഇതേ സെലിബ്രിറ്റികളെ ട്രോളി വൃദ്ധി പങ്കുവെച്ച വീഡിയോ വലിയ ചർച്ചയായിരുന്നു. അന്ന് അഖിൽ മാരാർ തന്നെ ഈ വീഡിയോയ്ക്ക് താഴെ പ്രശംസയുമായി എത്തിയിരുന്നെങ്കിലും, ഫലം പുറത്തുവന്നപ്പോൾ 'ചക്കക്കുരു പോലും കിട്ടാത്ത' അവസ്ഥയിലായ സ്ഥാനാർത്ഥികളെ പരിഹസിച്ചുകൊണ്ടുള്ള പുതിയ റീൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

> വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. "ചക്ക ചിഹ്നത്തിൽ മത്സരിച്ചവർക്ക് ചക്കക്കുരു പോലും കിട്ടിയില്ല" എന്നും "പക വീട്ടുന്നത് ഇങ്ങനെയാകണം" എന്നും തുടങ്ങി വൃദ്ധിയെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.

അതേസമയം, രാഷ്ട്രീയപരമായ ട്രോളുകളെ വിമർശിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്തായാലും തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സൈബർ ഇടങ്ങളിൽ ആഘോഷമായി മാറിയിരിക്കുകയാണ് വൃദ്ധിയുടെ ഈ 'ചക്ക' റീൽ.

### Related Links & Sources
- [Original Story Source](https://moviemax.in/news/357371/vishals-age-is-increasing-by-beating-twenty20-celebrities)