---
title: "'ടൈം ടു ലീഡ്' മുതൽ 'സിഎം 2026' വരെ;  'TN 07 CM 2026'; ദി ഗോട്ടിലെ കാറിന്റെ നമ്പര്‍ ഓര്‍മിപ്പിച്ച് ആരാധകര്‍"
english_title: "'TN 07 CM 2026'; Fans remember the car number in The Goat"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357325/tn-07-cm-2026-fans-remember-the-car-number-in-the-goat"
published_at: "2026-05-04T21:46:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8c68c50b58_vijay1.jpg"
keywords: []
---

# 'ടൈം ടു ലീഡ്' മുതൽ 'സിഎം 2026' വരെ;  'TN 07 CM 2026'; ദി ഗോട്ടിലെ കാറിന്റെ നമ്പര്‍ ഓര്‍മിപ്പിച്ച് ആരാധകര്‍

> **Lead Summary:** തമിഴ്‌നാട്ടില്‍ ഡിഎംകെയെ തകര്‍ത്ത് തേരോട്ടം നടത്തുകയാണ് വിജയ്‌യുടെ ടിവികെ. അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ച ആളാണ് വിജയ് എന്ന നിരീക്ഷണങ്ങളെ അപ്പാടെ തിരുത്തുന്ന പ്രകടനമാണ് അദ്ദേഹം നടത്തുന്നത്.

## Article Content

തമിഴ്‌നാട്ടില്‍ ഡിഎംകെയെ തകര്‍ത്ത് തേരോട്ടം നടത്തുകയാണ് വിജയ്‌യുടെ ടിവികെ. അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ച ആളാണ് വിജയ് എന്ന നിരീക്ഷണങ്ങളെ അപ്പാടെ തിരുത്തുന്ന പ്രകടനമാണ് അദ്ദേഹം നടത്തുന്നത്.

മികച്ച പ്ലാനിങ് നടത്തിയാണ് വിജയ്‌യും സംഘവും കളത്തിലിറങ്ങിയത് എന്നാണ് തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഫല സൂചനകള്‍. 80 ലേറെ സീറ്റുകളില്‍ വരെ ലീഡ് ചെയ്യുന്ന മുന്നേറ്റമാണ് ടിവികെ നടത്തുന്നത്.

ഇതിന് പിന്നാലെ വിജയ്‌യുടെ സിനിമകളിലെ ചില രാഷ്ട്രീയ പരാമര്‍ശനങ്ങളും സൂചനകളുമാണ് ആരാധകര്‍ വീണ്ടും ചര്‍ച്ച ചെയ്യുന്നത്.

ആദ്യ നാളുകളില്‍ റൊമാന്റിക് റോളുകള്‍ ചെയ്തിരുന്ന വിജയ് ഒരു ഘട്ടത്തില്‍ തന്റെ രാഷ്ട്രീയ നിലപാടുകള്‍ വിളിച്ചു പറയുന്ന കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്തിരുന്നു.

2026ല്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി വിജയ് ആകുമെന്ന് സൂചനകള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ തന്നിരുന്നു. ഇപ്പോഴിതാ അത്തരം ഒരു രംഗമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

വെങ്കട്ട് പ്രഭു സംവിധാനത്തില്‍ 2024 ല്‍ പുറത്തിറങ്ങിയ ദി ഗോട്ട് എന്ന ചിത്രത്തിലെ രംഗമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സിനിമയിലെ ഒരു സീനില്‍ വിജയ് സഞ്ചരിക്കുന്ന കാറിന്റെ നമ്പര്‍ പ്ലേറ്റ് ആണ് ശ്രദ്ധ നേടുന്നത്.

TN07CM2026 എന്നാണ് നമ്പര്‍ പ്ലേറ്റ്. ഇതിലെ CM2026 അന്നേ ആരാധകരുടെ കണ്ണിലുടക്കിയിരുന്നു. ഒന്നും കാണാതെ അണ്ണന്‍ പറയില്ലെന്നും ഈ വിജയം നേരത്തെ പ്ലാന്‍ ചെയ്തിരുന്നു എന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്തായാലും വിജയ് ആരാധകര്‍ സിനിമയിലെ സീന്‍ യാഥാര്‍ത്ഥ്യമാക്കി എന്ന് പറഞ്ഞുകൊണ്ട് ആഘോഷം തുടങ്ങിയിട്ടുണ്ട്.

ദി ഗോട്ടില്‍ മാത്രമല്ല, മറ്റ് പല സിനിമകളിലും വിജയ് തന്റെ രാഷ്ട്രീയ നിലപാടുകള്‍ ഡയലോഗുകളിലൂടെയും പ്രമേയങ്ങളിലൂടെയും വ്യക്തമാക്കിയിരുന്നു.

തലൈവ സിനിമയുടെ 'Time to lead' എന്ന ടാഗ് ലൈന്‍ ടാഗ് മുതലാണ് വിജയ് രാഷ്ട്രീയത്തിലേക്കോ എന്ന ചോദ്യങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നീട് കത്തി, മെര്‍സല്‍, ബിഗില്‍, സര്‍ക്കാര്‍ തുടങ്ങിയ സിനിമകളില്‍ നടന്‍ ശക്തമായൊരു രാഷ്ട്രീയം പറയാനുളള ശ്രമങ്ങള്‍ തുടര്‍ന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/357325/tn-07-cm-2026-fans-remember-the-car-number-in-the-goat)