---
title: "'പുതിയ മുഖ'ത്തിൽ നിന്ന് 'അരവിന്ദന്റെ അതിഥികളിലേക്ക്'; ഹിറ്റ് ഗാനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി വിനീത് ശ്രീനിവാസൻ"
english_title: "Vineeth Sreenivasan reveals the secret behind the hit song"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357022/vineeth-sreenivasan-reveals-the-secret-behind-the-hit-song"
published_at: "2026-05-03T14:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f70d1746732_14.jpg"
keywords: []
---

# 'പുതിയ മുഖ'ത്തിൽ നിന്ന് 'അരവിന്ദന്റെ അതിഥികളിലേക്ക്'; ഹിറ്റ് ഗാനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി വിനീത് ശ്രീനിവാസൻ

> **Lead Summary:** **[**ഗായകനും നടനുമായ വിനീത് ശ്രീനിവാസനും പ്രശസ്ത സംഗീത കൂട്ടായ്മയായ നന്ദഗോവിന്ദം ഭജൻസും തമ്മിലുള്ള ഹൃദ്യമായ കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

## Article Content

**[**ഗായകനും നടനുമായ വിനീത് ശ്രീനിവാസനും പ്രശസ്ത സംഗീത കൂട്ടായ്മയായ നന്ദഗോവിന്ദം ഭജൻസും തമ്മിലുള്ള ഹൃദ്യമായ കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ആദ്യമായാണ് നേരിൽ കാണുന്നതെങ്കിലും വർഷങ്ങളായുള്ള ആത്മബന്ധം തോന്നിയെന്നാണ് നന്ദഗോവിന്ദം ഭജൻസ് ഈ കൂടിക്കാഴ്ചയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്. സംഗീതത്തിന് ആളുകളെ ഇത്തരത്തിൽ കോർത്തിണക്കാൻ പ്രത്യേക കഴിവുണ്ടെന്നും അവർ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഈ കൂടിക്കാഴ്ചയ്ക്കിടെ തന്റെ ഹിറ്റ് ഗാനങ്ങളിലൊന്നായ 'കൃപാകരി ദേവി' എന്ന പാട്ടിന് പിന്നിലെ രസകരമായ കഥ വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തി. 'അരവിന്ദന്റെ അതിഥികൾ' എന്ന സിനിമയിലെ ഈ ഗാനം യഥാർത്ഥത്തിൽ വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം 'പുതിയ മുഖ'ത്തിന് വേണ്ടി ഷാൻ റഹ്മാൻ ഒരുക്കിയതായിരുന്നു.

അന്ന് 'പ്രിയങ്കരി' എന്നായിരുന്നു പാട്ടിന്റെ വരികൾ തുടങ്ങിയിരുന്നത്. എന്നാൽ ആ സിനിമയുടെ സംവിധായകന് ആ ഈണം തൃപ്തികരമാകാത്തതിനെ തുടർന്ന് അത് മാറ്റിവെക്കുകയായിരുന്നു.

വർഷങ്ങൾക്കിപ്പുറം അരവിന്ദന്റെ അതിഥികളുടെ സംഗീത ചർച്ചകൾ നടക്കുമ്പോൾ ഷാൻ റഹ്മാൻ തന്നെ ഈ ഈണം നിർദ്ദേശിക്കുകയും അങ്ങനെയാണ് 'കൃപാകരി ദേവി' ജനിച്ചതെന്നും വിനീത് വീഡിയോയിൽ വിശദീകരിക്കുന്നു.

നന്ദഗോവിന്ദം ഭജൻസ് നിരവധി വേദികളിൽ ആലപിച്ച് ശ്രദ്ധേയമാക്കിയ ഗാനമാണിത് എന്ന പ്രത്യേകതയുമുണ്ട്. വിനീതിന്റെ ലാളിത്യത്തെയും നന്ദഗോവിന്ദം ഭജൻസിന്റെ സംഗീതത്തോടുള്ള സമർപ്പണത്തെയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

അനുഗ്രഹീതരായ കലാകാരന്മാരുടെ ഈ ഒത്തുചേരൽ സംഗീതപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/357022/vineeth-sreenivasan-reveals-the-secret-behind-the-hit-song)