---
title: "മരയ്ക്കാറിന് കഴിയാത്തത് ഭൂത് ബംഗ്ലയ്ക്ക് സാധിച്ചു; പ്രിയദർശൻ ഇനി 100 കോടി ക്ലബ്ബിൽ"
english_title: "Bhoot Bangla enters the 100 crore club"
publisher: "moviemax.in"
canonical_url: "https://moviemax.in/news/354581/bhoot-bangla-enters-the-100-crore-club"
published_at: "2026-04-21T13:00:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e7280212f7c_9.jpg"
keywords: []
---

# മരയ്ക്കാറിന് കഴിയാത്തത് ഭൂത് ബംഗ്ലയ്ക്ക് സാധിച്ചു; പ്രിയദർശൻ ഇനി 100 കോടി ക്ലബ്ബിൽ

> **Lead Summary:** **മുംബൈ: [ **ഇന്ത്യൻ സിനിമയുടെ പ്രിയ സംവിധായകൻ പ്രിയദർശൻ തന്റെ നാല് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തിൽ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. ബോക്സ് ഓഫീസ് കളക്ഷനുകൾ സിനിമയുടെ വിജയമാപിനിയായി മാറിയ പുതിയ കാലത്ത്, തന്റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം എന്ന നേട്ടമാണ് പ്രിയദർശൻ സ്വന്തമാക്കിയിരിക്കുന്നത്.

## Article Content

**മുംബൈ: [ **ഇന്ത്യൻ സിനിമയുടെ പ്രിയ സംവിധായകൻ പ്രിയദർശൻ തന്റെ നാല് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തിൽ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. ബോക്സ് ഓഫീസ് കളക്ഷനുകൾ സിനിമയുടെ വിജയമാപിനിയായി മാറിയ പുതിയ കാലത്ത്, തന്റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം എന്ന നേട്ടമാണ് പ്രിയദർശൻ സ്വന്തമാക്കിയിരിക്കുന്നത്.

അക്ഷയ് കുമാറിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 'ഭൂത് ബംഗ്ല'യാണ് ഈ ചരിത്ര വിജയം കൈവരിച്ചത്. 1984-ൽ 'പൂച്ചയ്ക്കൊരു മൂക്കൂത്തി'യിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശൻ 42 വർഷത്തെ കരിയറിനിടയിൽ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി എണ്ണമറ്റ ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്.

എന്നാൽ വൈഡ് റിലീസുകളും മൾട്ടിപ്ലെക്സുകളും സജീവമായതോടെ സിനിമകൾ അനായാസം 100 കോടി ക്ലബ്ബിൽ കയറുന്ന പുതിയ ട്രെൻഡിൽ അദ്ദേഹത്തിന് ഇതുവരെ അത്തരമൊരു നേട്ടം സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല.

വൻ ഹൈപ്പോടെ എത്തിയ ബിഗ് ബജറ്റ് ചിത്രം 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' ഇത്തരമൊരു നേട്ടം കൈവരിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും ബോക്സ് ഓഫീസിൽ അത് സാധ്യമായിരുന്നില്ല.

ഏപ്രിൽ 17-ന് തിയേറ്ററുകളിലെത്തിയ 'ഭൂത് ബംഗ്ല' ആദ്യ മൂന്ന് ദിനങ്ങൾ പിന്നിടുമ്പോൾ തന്നെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 100 കോടി രൂപയിലധികം കളക്റ്റ് ചെയ്തതായി നിർമ്മാതാക്കൾ ഔദ്യോഗികമായി അറിയിച്ചു.

വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ-അക്ഷയ് കുമാർ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. അവധി ദിവസങ്ങൾക്ക് ശേഷവും മികച്ച പ്രതികരണം തുടരുന്നതിനാൽ വരും ദിവസങ്ങളിലും ചിത്രം ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റം നടത്തുമെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ.

കളക്ഷനേക്കാൾ സിനിമ തിയേറ്ററിൽ എത്ര ദിവസം ഓടി എന്ന് നോക്കിയിരുന്ന പഴയ കാലത്തുനിന്നും കോടികളുടെ ക്ലബ്ബുകളിലേക്കുള്ള പ്രിയദർശന്റെ ഈ ചുവടുമാറ്റം ആരാധകരും ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/354581/bhoot-bangla-enters-the-100-crore-club)