---
title: "'മുഖ്യമന്ത്രി പറഞ്ഞിട്ടാ സൺഗ്ലാസ് വെച്ചത്, പക്ഷെ നാട്ടുകാർക്ക് മമ്മൂട്ടിയായെന്ന് പരിഹാസം'; ചിരി പടർത്തി ശ്രീവിദ്യയുടെ വീഡിയോ"
english_title: "Srividya's video spreads laughter"
publisher: "moviemax.in"
canonical_url: "https://moviemax.in/news/354521/srividyas-video-spreads-laughter-new"
published_at: "2026-04-21T09:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e6f7c2a78de_Srividyas_video_spreads.jpg"
keywords: []
---

# 'മുഖ്യമന്ത്രി പറഞ്ഞിട്ടാ സൺഗ്ലാസ് വെച്ചത്, പക്ഷെ നാട്ടുകാർക്ക് മമ്മൂട്ടിയായെന്ന് പരിഹാസം'; ചിരി പടർത്തി ശ്രീവിദ്യയുടെ വീഡിയോ

> **Lead Summary:** സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മുൻകരുതൽ നിർദ്ദേശങ്ങൾ പാലിച്ച് 'പുലിവാലു പിടിച്ച' കഥയുമായി നടി ശ്രീവിദ്യ മുല്ലച്ചേരി. ഉച്ചസമയങ്ങളിൽ വെയിൽ ഏൽക്കുമ്പോൾ കണ്ണിന് അസ്വസ്ഥത ഉണ്ടാകാതിരിക്കാൻ സൺഗ്ലാസ് ധരിക്കണമെന്ന മുഖ്യമന്ത്രിയുടെ പോസ്റ്റ് അക്ഷരംപ്രതി അനുസരിച്ച തനിക്ക് നാട്ടുകാരിൽ നിന്നും പരിഹാസമാണ് ലഭിക്കുന്നതെന്ന് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

## Article Content

സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മുൻകരുതൽ നിർദ്ദേശങ്ങൾ പാലിച്ച് 'പുലിവാലു പിടിച്ച' കഥയുമായി നടി ശ്രീവിദ്യ മുല്ലച്ചേരി. ഉച്ചസമയങ്ങളിൽ വെയിൽ ഏൽക്കുമ്പോൾ കണ്ണിന് അസ്വസ്ഥത ഉണ്ടാകാതിരിക്കാൻ സൺഗ്ലാസ് ധരിക്കണമെന്ന മുഖ്യമന്ത്രിയുടെ പോസ്റ്റ് അക്ഷരംപ്രതി അനുസരിച്ച തനിക്ക് നാട്ടുകാരിൽ നിന്നും പരിഹാസമാണ് ലഭിക്കുന്നതെന്ന് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

> രാവിലെ 10 മുതൽ വൈകിട്ട് 3 വരെയുള്ള സമയത്ത് അൾട്രാവയലറ്റ് രശ്മികൾ ശക്തമായതിനാൽ പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ കരുതണമെന്ന് മുഖ്യമന്ത്രി സോഷ്യൽ മീഡിയയിലൂടെ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സൺഗ്ലാസ് വെച്ച് പുറത്തിറങ്ങിയപ്പോൾ ആളുകൾ തന്നെ വിചിത്രമായി നോക്കുന്നുവെന്നും "ഇവൾക്ക് ഇത് എന്തുപറ്റി?" എന്ന മട്ടിലാണ് പലരുടെയും പരിഹാസമെന്നുമാണ് ശ്രീവിദ്യയുടെ രസകരമായ പരാതി. മുഖ്യമന്ത്രി പറഞ്ഞത് കേട്ട് മുൻകരുതൽ എടുത്ത തന്നെ കളിയാക്കുന്ന നാട്ടുകാർക്കെതിരെ നടപടി വേണമെന്ന മട്ടിലുള്ള നടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ശ്രീവിദ്യ മുല്ലച്ചേരിയുടെ പരാതി

എത്രയും പ്രിയപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സാര്‍, എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്, ബഹുമാനമാണ്. പക്ഷേ ഇന്ന് മുതല്‍ നിങ്ങള്‍ പറയുന്ന ഒരു കാര്യവും ഞാന്‍ അനുസരിക്കില്ല. കാരണം കഴിഞ്ഞ കുറച്ച് ദിവസം മുന്നേ നിങ്ങള്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. ചൂട് കൂടിവരികയാണ്. എല്ലാവരും വെള്ളം കുടിക്കുക, രാവിലെ 10 മുതല്‍ 3 വരെ വെയിലത്ത് ഇറങ്ങാതിരിക്കുക, അങ്ങനെ സൂക്ഷിക്കുക എന്നൊക്കെ പറഞ്ഞ് നിങ്ങള്‍ ഒരു പോസ്റ്റ് ഇട്ടു. ഒരു കേരള സിവിലിയന്‍ എന്ന നിലയ്ക്ക് ഞാന്‍ അത് അനുസരിക്കണം. നിങ്ങളോടുള്ള ബഹുമാനം കൊണ്ട് ഞാനത് അനുസരിച്ചു. ആ പോസ്റ്റില്‍ നിങ്ങള്‍ പറഞ്ഞു സണ്‍ ഗ്ലാസ് ഉപയോഗിക്കുക എന്ന്.

ഇന്ന് എന്‍റെ നാട്ടില്‍ ഒരു തെയ്യം ഉണ്ടായിരുന്നു. എന്‍റെ തറവാട്ടിലെ തെയ്യത്തിന് ഞാന്‍ സണ്‍ ഗ്ലാസ് വച്ച് പോയി. കാരണം എന്നോട് മുഖ്യമന്ത്രി പറഞ്ഞതാണ്. ഇപ്പോള്‍ എന്നെ നാട്ടില്‍ എന്തൊക്കെയാണ് പറയുന്നതെന്ന് നിങ്ങള്‍ക്ക് അറിയുമോ? ഓ, ഓള് വല്യ മമ്മൂട്ടി ആയീന്നാ വിചാരം. കുഞ്ഞമ്പൂന്‍റെ പെണ്ണ് എങ്ങനെ നടന്നീന്? ഇപ്പോ നോക്കറോ, ഓള്‍ക്ക് ഇത് വച്ചാലേ കാണൂ തെയ്യത്തിനെ. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആയിരുന്നു തെയ്യം. അപ്പോള്‍ ഞാന്‍ ഇത് വച്ചിട്ട് തെയ്യത്തിനെ നല്ലോണം തൊഴാം എന്ന് വിചാരിച്ചു. അതുമല്ല, മുഖ്യമന്ത്രി പറഞ്ഞില്ലേ. അപ്പോള്‍ നിങ്ങള്‍ ആ ഫേസ്ബുക്ക് പോസ്റ്റ് ഇടുമ്പോള്‍ അതിന്‍റെ താഴെ പറയണ്ടേ, സണ്‍ ഗ്ലാസ് വച്ച് വരുന്ന പെണ്‍പിള്ളേരെ കുറ്റം പറയുന്ന നാട്ടുകാര്‍ക്ക് തക്കതായ ശിക്ഷ കൊടുക്കുമെന്ന്. അതെന്താ നിങ്ങള്‍ ഇടാത്തത്. ഞാനിപ്പോള്‍ അഹങ്കാരത്തിന് കൈയും കാലും വച്ച വിത്താണ് നാട്ടില്‍. ഞാനുണ്ടാക്കിയ എല്ലാ സല്‍പ്പേരും നിങ്ങള്‍ കളഞ്ഞില്ലേ.

### Related Links & Sources
- [Original Story Source](https://moviemax.in/news/354521/srividyas-video-spreads-laughter-new)