(moviemax.in) മലയാളികൾക്ക് പുറമെ ഇതരഭാഷാ പ്രേക്ഷകരും ഏറ്റെടുത്ത ചിത്രമായിരുന്നു 'പ്രേമലു'. നായികാനായകന്മാരായ മമിത ബൈജുവിനും നസ്‌ലെനും വലിയ ജനപ്രീതി നേടിക്കൊടുത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം വിജയാഘോഷ വേളയിലാണ് നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസ് പ്രഖ്യാപിച്ചത്. എന്നാൽ പ്രഖ്യാപനത്തിന് ശേഷം ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല.
ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള പ്രചരണങ്ങൾ ഇതിനിടെ സജീവമായിരുന്നു. സാങ്കേതികമായ ചില തടസ്സങ്ങൾ കാരണമാണ് പ്രോജക്റ്റ് വൈകുന്നതെന്ന് കഴിഞ്ഞ ജൂണിൽ ദിലീഷ് പോത്തൻ വ്യക്തമാക്കിയിരുന്നെങ്കിലും, ചിത്രം 'ഡ്രോപ്പ്' ചെയ്തെന്ന രീതിയിലുള്ള സൂചനകളാണ് അദ്ദേഹത്തിന്റെ പുതിയ പ്രതികരണങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഇതോടെ പ്രേമലു 2 എന്ന പ്രതീക്ഷയിലായിരുന്ന ആരാധകർ നിരാശയിലാണ്.
യുട്യൂബ് ചാനലായ ഓണ്‍ എയര്‍ കേരളയോടുള്ള പ്രതികരണത്തിലാണ് ദിലീഷ് പോത്തന്‍ ഇക്കാര്യം പറഞ്ഞത്. പ്രേമലു 2 ഡ്രോപ്പ് ആയി എന്ന് കേള്‍ക്കുന്നല്ലോ എന്ന ചോദ്യത്തിന് ദിലീഷ് പോത്തന്‍റെ പ്രതികരണം ഇങ്ങനെ- അങ്ങനെ ഒരു ആലോചനകളിലൊക്കെയാണ്. അതിന് പകരമാണ് ബദ്ലഹേം കുടുംബ യൂണിറ്റ് മീറ്ററിലേക്ക് കയറി വന്നിരിക്കുന്നത്, ദിലീഷ് പോത്തന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് ബദ്‍ലഹേം കുടുംബ യൂണിറ്റ് എന്ന തങ്ങളുടെ അടുത്ത ചിത്രം ഭാവന സ്റ്റുഡിയോസ് പ്രഖ്യാപിച്ചത്. പ്രേമലു അടക്കമുള്ള ജനപ്രിയ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷകപ്രീതി നേടിയ സംവിധായകന്‍ ഗിരീഷ് എ ഡിയുടെ ചിത്രത്തില്‍ നായകനാവുന്നത് നിവിന്‍ പോളിയാണ്. മമിത ബൈജുവാണ് നായിക.
പ്രേമലുവിന് ശേഷം മമിത ബൈജു നായികയാവുന്ന ഗിരീഷ് എ ഡി ചിത്രം എന്നതും ശ്രദ്ധേയമാണ്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഭാവന സ്റ്റുഡിയോസിന്‍റെ ആറാമത്തെ നിര്‍മ്മാണ സംരംഭമാണ് ബത്‍ലഹേം കുടുംബ യൂണിറ്റ്. 'കുമ്പളങ്ങി നൈറ്റ്സ്' മുതല്‍ 'പ്രേമലു' വരെ ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയവയാണ്. റൊമാന്‍റിക് കോമഡി ചിത്രമാണ് ഇത്. ഗിരീഷ് എ ഡിക്ക് ഒപ്പം കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അജ്മല്‍ സാജു, സംഗീതം വിഷ്ണു വിജയ്, എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്, ഡിസ്ട്രിബ്യൂഷന്‍ ഭാവന റിലീസ്.
Content Highlight: Has 'Premalu 2' been abandoned? Dileesh Pothen answers fans' questions




























