(moviemax.in) സ്വന്തം വിവാഹദിവസവും ജോലിയിൽ ശ്രദ്ധിക്കുകയും ലോഗിൻ ചെയ്യുകയും ചെയ്ത ജീവനക്കാരനെ അഭിനന്ദിച്ച് കമ്പനി ഉടമ. വൻ വിമർശനവുമായി നെറ്റിസൺസ്. അമേരിക്കയിലെ ഒഹായോ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ട്രിപ്പിൾ വേൽ' എന്ന കമ്പനിയുടെ സഹസ്ഥാപകൻ എജെ ഓർബാക്കാണ് കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അതോടെ ഇയാൾക്കെതിരെ വലിയ വിമർശനം ഉയരുകയായിരുന്നു. തന്റെ ടീമിലെ ഒരു അംഗം വിവാഹദിവസം പോലും ഓൺലൈനിൽ വന്നുവെന്നാണ് ഓർബാക്ക് പറയുന്നത്. വിവാഹത്തിനായി അവധിയിലായിരുന്നിട്ടും ജീവനക്കാരൻ സ്വമേധയാ ലോഗിൻ ചെയ്യുകയായിരുന്നു എന്നും പോസ്റ്റിൽ പറയുന്നു.
'ആരും ആവശ്യപ്പെട്ടിട്ടല്ല അദ്ദേഹം വന്നത്. തങ്ങൾ കെട്ടിപ്പടുക്കുന്ന പ്രോജക്റ്റിലുള്ള ആവേശം കൊണ്ടാണത്. അത്തരം പ്രതിബദ്ധത സ്പെഷ്യലാണ്' എന്നാണ് ഓർബാക്ക് എക്സിൽ (ട്വിറ്റർ) കുറിച്ചിരിക്കുന്നത്. 'വിവാഹം കഴിഞ്ഞു, ഞാൻ വീണ്ടും ഓൺലൈനിലുണ്ട്' എന്ന് ജീവനക്കാരൻ മറുപടി നൽകുന്ന സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചിരുന്നു.
തൊഴിൽ സ്ഥലങ്ങളിലെ വിവിധ സാഹചര്യങ്ങൾ എല്ലായ്പ്പോഴും ചർച്ചയാക്കാറുള്ള, വിശകലനം ചെയ്യാറുള്ള നെറ്റിസൺസിന്റെ കണ്ണിൽ ഈ പോസ്റ്റ് പെട്ടതോടെ നിരവധിപ്പേരാണ് വിമർശനങ്ങളുമായി എത്തിയിരിക്കുന്നത്. സംഗതി ജീവനക്കാരനെ പുകഴ്ത്തിക്കൊണ്ടാണ് ഉടമയുടെ പോസ്റ്റെങ്കിലും ഇത് വളരെ ടോക്സിക്കായ തൊഴിൽ സാഹചര്യമാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ആ യുവാവ് വിവാഹം ചെയ്തിരിക്കുന്ന പെൺകുട്ടിയുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ എന്നും ആളുകൾ പറയുന്നു. മാത്രമല്ല, ഈ വിവാഹജീവിതം നല്ലരീതിയിൽ പോകുമോ എന്നും പലരും സംശയം പ്രകടിപ്പിച്ചു. ആ ജീവനക്കാരനെ ഓർത്ത് അഭിമാനിക്കുകയല്ല, പകരം ലജ്ജിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത് എന്നും ആളുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. മാത്രമല്ല, സ്വകാര്യജീവിതവും ജോലിയും തമ്മിൽ കൃത്യമായ അതിർവരമ്പുകൾ, കൃത്യമായ രീതിയിൽ സൃഷ്ടിക്കേണ്ടതുണ്ട് എന്നും പലരും അഭിപ്രായപ്പെട്ടു.
Content Highlight: Meeting instead of honeymoon; Owner gets angry after praising young man who worked on wedding day




























.jpeg)



