പാലക്കാട്: (https://truevisionnews.com/) പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതിയിൽ ദളിത് യുവതിയുടെ മൊഴിയെടുത്ത് പൊലീസ്. പീഡനം തെളിയിക്കുന്ന ദൃശ്യങ്ങൾ യുവതി പൊലീസിന് കൈമാറി. അതേസമയം പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ അറിയിച്ചു.
ജോലി വാഗ്ദാനം ചെയ്ത് പാലക്കാട്ടെ കോൺഗ്രസ് കൗൺസിലറായ പ്രശോഭ് പല വട്ടം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഷാഫി പറമ്പിലുമായും രാഹുൽ മാങ്കൂട്ടത്തിലുമായുള്ള അടുത്ത ബന്ധം പറഞ്ഞായിരുന്നു ഭീഷണിയെന്നും പരാതിയിലുണ്ട്. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.
അതേസമയം പ്രശോഭിനെതിരായ പരാതി തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമാക്കാനാണ് എൽഡിഎഫിന്റെയും എൻഡിഎയുടെയും തീരുമാനം. പ്രശോഭിന് ഷാഫി - രാഹുൽ ബന്ധം ഉയർത്തി പിടിച്ചാണ് സിപിഎമ്മിന്റെ പ്രചാരണം. ഇത് മുൻകൂട്ടി കണ്ട് ഡിസിസി നേതൃത്വം അടിയന്തിരമായി ഇടപെട്ട് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ധാർമികതയുടെങ്കിൽ പ്രശോഭ് കൗൺസിലർ സ്ഥാനം രാജി വെക്കട്ടെയെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
അതേസമയം, പ്രശോഭിനെതിരായ ആരോപണം തെരഞെടുപ്പിൽ ബാധിക്കില്ലെന്നും യുവതിക്ക് നീതി കിട്ടണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകൾക്ക് പിറകെ പാലക്കാട് കോൺഗ്രസ് കൗൺസിലർക്കെതിരെ കൂടി സമാനമായ പരാതി ഉയർന്നത് പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്.
Sexual harassment complaint against Congress councilor Prasob; Woman hands over footage

































