---
title: "'നഷ്ടപ്പെട്ട എന്റെ അണ്ണനെ ശക്തനായി തിരിച്ചു കിട്ടി'; അഖിൽ മാരാരുടെ പോസ്റ്ററിനൊപ്പം രാജലക്ഷ്മിയുടെ വൈകാരിക കുറിപ്പ്"
english_title: "Rajalakshmi's emotional note with Akhil Marar's poster"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349893/rajalakshmis-emotional-note-with-akhil-marars-poster"
published_at: "2026-03-26T16:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c516ec8dabf_Rajalakshmis_emotional_note_with_Akhil_Marars_poster.jpg"
keywords: []
---

# 'നഷ്ടപ്പെട്ട എന്റെ അണ്ണനെ ശക്തനായി തിരിച്ചു കിട്ടി'; അഖിൽ മാരാരുടെ പോസ്റ്ററിനൊപ്പം രാജലക്ഷ്മിയുടെ വൈകാരിക കുറിപ്പ്

> **Lead Summary:** കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശകരമായ ഘട്ടത്തിലേക്ക് കടന്നു. കേരളത്തിൽ ഏപ്രിൽ 9-നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്; വോട്ടെണ്ണൽ മെയ് 4-നും നടക്കും. കേരളത്തോടൊപ്പം അസമിലും പുതുച്ചേരിയിലും ഏപ്രിൽ 9-ന് തന്നെയാണ് ജനവിധി തേടുന്നത്.

## Article Content

കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശകരമായ ഘട്ടത്തിലേക്ക് കടന്നു. കേരളത്തിൽ ഏപ്രിൽ 9-നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്; വോട്ടെണ്ണൽ മെയ് 4-നും നടക്കും. കേരളത്തോടൊപ്പം അസമിലും പുതുച്ചേരിയിലും ഏപ്രിൽ 9-ന് തന്നെയാണ് ജനവിധി തേടുന്നത്.

മുന്നണികളെല്ലാം സജീവമായ പ്രചാരണ പരിപാടികളുമായി മുന്നേറുമ്പോൾ, കേരളത്തിൽ ഇത്തവണ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് എൻഡിഎയുടെ ഘടകകക്ഷിയായ ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥി പട്ടികയായിരുന്നു. സിനിമാ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ട്വന്റി ട്വന്റിക്ക് വേണ്ടി ജനവിധി തേടുന്നുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയനായ സ്ഥാനാർത്ഥികളിലൊരാളാണ് തൃക്കാക്കര മണ്ഡലത്തിൽ മത്സരിക്കുന്ന അഖിൽ മാരാർ. പ്രചാരണ രംഗത്ത് അഖിലിന് കരുത്തുപകർന്ന് ഭാര്യ രാജലക്ഷ്മി അഖിലും സജീവമായി രംഗത്തുണ്ട്.

ഇപ്പോഴിതാ തെര‍ഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാജലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റും ശ്രദ്ധിക്കപ്പെടുകയാണ്. ''പണ്ട് എവിടെയോ നഷ്ടമായ എന്റെ അണ്ണനെ ഇന്ന് വീണ്ടും ശക്തനായ ഒരാളായി കണ്ടപ്പോൾ അഭിമാനം മാത്രം'', എന്നാണ് അഖിൽ മാരാരുടെ പോസ്റ്ററിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് രാജലക്ഷ്മി കുറിച്ചത്. പോസ്റ്റിനു താഴെ അഖിൽ‌ മാരാരും കമന്റ് ചെയ്തിട്ടുണ്ട്. ''ജീവിതത്തിൽ ഒരു പാട് തോറ്റവനെ ഈശ്വരൻ ജയിപ്പിച്ചു തുടങ്ങി...ഇനി തോൽക്കില്ല...നമ്മൾ ജയിക്കും'', എന്നാണ് അഖിലിന്റെ കമന്റ്. അഖിലിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി കമന്റുകൾ ഇതിനകം രാജലക്ഷ്മിയുടെ പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

അഖിലിനെ ഒരു രാഷ്ട്രീയ പ്രവർത്തകനായി കാണാൻ തനിക്ക് ഇഷ്ടമാണെന്ന് അടുത്തിടെ ഒരഭിമുഖത്തിൽ രാജലക്ഷ്മി പറഞ്ഞിരുന്നു. ''അണ്ണൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് എനിക്ക് ഇഷ്ടമാണ്. ധൈര്യമുണ്ട്. മാൻലി ആറ്റിറ്റ്യൂഡുള്ളയാളാണ്. സംസാരത്തിലും പ്രവൃത്തിയിലും സ്ട്രെയ്റ്റ് ഫോർവേഡാണ്. തെറ്റു ചൂണ്ടിക്കാണിക്കാനൊന്നും മടിയില്ല. മറ്റുള്ളവർ എന്തു വിചാരിക്കും എന്നൊന്നും ചിന്തിക്കില്ല'', എന്നായിരുന്നു രാജലക്ഷ്മിയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/349893/rajalakshmis-emotional-note-with-akhil-marars-poster)