---
title: "'ഓരോ തവണയും എന്റെ ഹൃദയം അഭിമാനത്തോടെ തുടിച്ചു'; ബി. ഉണ്ണികൃഷ്ണനെ പ്രശംസിച്ച് നീതു കൃഷ്ണയുടെ കുറിപ്പ്"
english_title: "Neetu Krishna's note praising B. Unnikrishnan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349790/neetu-krishnas-note-praising-b-unnikrishnan"
published_at: "2026-03-26T11:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4cea8a884d_Neetu_Krishnas_note_praising_B._Unnikrishnan.jpg"
keywords: []
---

# 'ഓരോ തവണയും എന്റെ ഹൃദയം അഭിമാനത്തോടെ തുടിച്ചു'; ബി. ഉണ്ണികൃഷ്ണനെ പ്രശംസിച്ച് നീതു കൃഷ്ണയുടെ കുറിപ്പ്

> **Lead Summary:** സംവിധായകൻ ബി. ഉണ്ണികൃഷ്ണനെ പ്രശംസിച്ച് നടി നീതു കൃഷ്ണ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. സിനിമയെന്ന വലിയ ലോകത്തെ ഒരു തുടക്കക്കാരിയായിരുന്നിട്ടും തനിക്ക് ഉണ്ണികൃഷ്ണനിൽ നിന്നും ലഭിച്ചത് വലിയ പരിഗണനയും സ്നേഹവുമാണെന്ന് നീതു കുറിച്ചു.

## Article Content

സംവിധായകൻ ബി. ഉണ്ണികൃഷ്ണനെ പ്രശംസിച്ച് നടി നീതു കൃഷ്ണ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. സിനിമയെന്ന വലിയ ലോകത്തെ ഒരു തുടക്കക്കാരിയായിരുന്നിട്ടും തനിക്ക് ഉണ്ണികൃഷ്ണനിൽ നിന്നും ലഭിച്ചത് വലിയ പരിഗണനയും സ്നേഹവുമാണെന്ന് നീതു കുറിച്ചു.

യൂട്യൂബ് വെബ് സീരീസുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നീതു കൃഷ്ണ, ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'പ്രതിഛായ' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിലെ ഏറ്റവും എളിയ സ്ഥാനത്തായിരുന്ന തന്നോട് അദ്ദേഹം കാണിച്ച കരുണയും സ്നേഹവും മറക്കാനാവില്ലെന്നും താരം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.

> "സാറിന്റെ അച്ചടക്കത്തിനും, ജോലിയിൽ എന്നെപ്പോലൊരു തുടക്കക്കാരിയുടെ നിലവാരത്തിലേക്ക് ഇറങ്ങിവന്ന് എന്നെ നയിച്ചതിനും നന്ദി. സർ നൽകിയ സുരക്ഷിതബോധത്തിനും ഏറ്റവും കംഫർട്ടബിൾ ആയ ഒരു സാഹചര്യത്തിൽ സിനിമയെ അനുഭവിക്കാൻ എനിക്ക് അവസരം നൽകിയതിനും നന്ദി പറയുന്നു. മറ്റ് അഭിനേതാക്കൾ തങ്ങളെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകരെ കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ, എന്നെ ‘അവതരിപ്പിക്കുന്നു’ എന്ന് സ്ക്രീനിൽ എഴുതി കാണിക്കുന്നതിന് ഞാൻ ആരോടായിരിക്കും എന്നെങ്കിലും നന്ദി പറയുക എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. അത് സാറായതിൽ ഞാൻ അങ്ങേയറ്റം കൃതാർത്ഥയും സന്തോഷവതിയുമാണ്." നീതു കൃഷ്ണ കുറിച്ചു.

> ‘ഞാൻ അവതരിപ്പിക്കുന്ന കുട്ടിയാണ്’ എന്ന് സർ ഓരോ തവണ പറയുമ്പോഴും എന്റെ ഹൃദയം വലിയ സന്തോഷത്തോടും അഭിമാനത്തോടും കൂടി തുടിച്ചിരുന്നു. സാറിനൊപ്പം ചിലവിട്ട ഓരോ നിമിഷവും, പ്രത്യേകിച്ച് സാറിന്റെ വാക്കുകളേക്കാൾ അർത്ഥവത്തായ പ്രവർത്തികൾ കണ്ട നിമിഷങ്ങൾ ഞാൻ എന്നും കാത്തുസൂക്ഷിക്കും. 'പ്രതിഛായ' എന്ന എന്റെ ജീവിതത്തിലെ ഈ മനോഹരമായ അധ്യായത്തിന് ശേഷവും, സർ ആരായിരുന്നുവെന്നും ആരാണെന്നുമുള്ള ഓർമ്മകൾ ആഴത്തിലുള്ള ബഹുമാനത്തോടെ ഞാൻ ഹൃദയത്തിൽ കൊണ്ടുനടക്കും. ബി. ഉണ്ണികൃഷ്ണനിലൂടെ 'റോസ ജയദേവൻ' ആയി നമുക്ക് തിയറ്ററുകളിൽ കാണാം." നീതു കൃഷ്ണ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/349790/neetu-krishnas-note-praising-b-unnikrishnan)