---
title: "സംവിധായകൻ ബാലയും സൂര്യയും വീണ്ടും ഒന്നിക്കുന്നു; ഒപ്പം മമിതയും"
english_title: "After 18 long years, director Bala and actor Surya are reuniting."
publisher: "moviemax.in"
canonical_url: "https://moviemax.in/news/34775/after-18-long-years-director-bala-and-actor-surya-are-reuniting"
published_at: "2022-03-30T14:17:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6244196c8a572_surya.jpg"
keywords: []
---

# സംവിധായകൻ ബാലയും സൂര്യയും വീണ്ടും ഒന്നിക്കുന്നു; ഒപ്പം മമിതയും

> **Lead Summary:** നീണ്ട 18 വർഷങ്ങൾക്ക് ശേഷം സംവിധായകൻ ബാലയും നടൻ സൂര്യയും വീണ്ടും ഒന്നിക്കുന്നു. സൂര്യയും വിക്രമും തകർത്തഭിനയിച്ച പിതാമഹൻ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് കന്യാകുമാരിയില്‍ ആരംഭിച്ചു.

## Article Content

നീണ്ട 18 വർഷങ്ങൾക്ക് ശേഷം സംവിധായകൻ ബാലയും നടൻ സൂര്യയും വീണ്ടും ഒന്നിക്കുന്നു. സൂര്യയും വിക്രമും തകർത്തഭിനയിച്ച പിതാമഹൻ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് കന്യാകുമാരിയില്‍ ആരംഭിച്ചു.

സൂര്യയുടെ കരിയറിലെ നാല്പത്തി ഒന്നാമത്തെ ചിത്രം കൂടിയാണിത്. ബാലക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സൂര്യ തന്നെയാണ് പുതിയ ചിത്രത്തിന്റെ വിശേഷം അറിയിച്ചത്. ”എന്റെ മെന്ററായ സംവിധായകന്‍ ബാല അണ്ണ എനിക്ക് ആക്ഷന്‍ പറയാനായി കാത്തിരിക്കുകയായിരുന്നു.

18 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ന് ഈ നിമിഷം ആ സന്തോഷമുണ്ടായി. ഈ നിമിഷം നിങ്ങളുടെ എല്ലാവരുടെയും ആശംസകള്‍ ഞങ്ങള്‍ക്ക് ഉണ്ടാകണം” സൂര്യ 41 എന്ന ഹാഷ് ടാഗോടെയാണ് കുറിപ്പ് പങ്കുവെച്ചത്.

ബോളിവുഡ് താരം കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായിക. സൂര്യയുടെ 2ഡി എന്റര്‍ടെയിന്‍മെന്റ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ജി.വി. പ്രകാശാണ് സംഗീതസംവിധായകന്‍. ബാലസുബ്രഹ്‌മണ്യം ക്യമറയും സതീഷ് സൂര്യ എഡിറ്റിംഗും വി. മായ പാണ്ടി കലാ സംവിധാനവും നിര്‍വ്വഹിക്കുന്നു.

മലയാളിതാരം മമിത ബൈജുവും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമിതയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. കോകോ, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് മമിത.

### Related Links & Sources
- [Original Story Source](https://moviemax.in/news/34775/after-18-long-years-director-bala-and-actor-surya-are-reuniting)