---
title: "ഏറെയിഷ്ടം  മഞ്ജുവിനെ; ശോഭനയുടെ കമന്റ് വൈറലാവുന്നു"
english_title: "I like Manju very much; Shobhana's comment goes viral!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3468/i-like-manju-very-much-shobhanas-comment-goes-viral"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6156bc10a5aad_manju.jpg"
keywords: []
---

# ഏറെയിഷ്ടം  മഞ്ജുവിനെ; ശോഭനയുടെ കമന്റ് വൈറലാവുന്നു

> **Lead Summary:** മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് ശോഭന. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങുന്ന താരത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് വരെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്.

## Article Content

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് ശോഭന. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങുന്ന താരത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് വരെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്.

വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വരവില്‍ സുരേഷ് ഗോപിയായിരുന്നു ശോഭനയ്‌ക്കൊപ്പം നായകനായെത്തിയത്. ഗംഗയും നകുലനും ഇടവേള അവസാനിപ്പിച്ച് ഒന്നിച്ചെത്തിയപ്പോള്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു. തന്റെ സിനിമാ സൗഹൃദങ്ങളെക്കുറിച്ച് വാചാലയായുള്ള ശോഭനയുടെ അഭിമുഖം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. 

പ്രേക്ഷകര്‍ മാത്രമല്ല താരങ്ങള്‍ക്കും ശോഭനയെ ഏറെയിഷ്ടമാണ്. തനിക്കേറെ പ്രിയപ്പെട്ട അഭിനേതാവായി ശോഭന പറഞ്ഞത് മഞ്ജു വാര്യരെക്കുറിച്ചായിരുന്നു. ശക്തമായ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് മഞ്ജുവെന്നുമായിരുന്നു ശോഭന പറഞ്ഞത്. സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ സിനിമാജീവിതം തുടങ്ങിയത്. സല്ലാപത്തിലൂടെയായിരുന്നു നായികയായി അരങ്ങേറിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ പ്രിയനായികയായി മാറുകയായിരുന്നു മഞ്ജു വാര്യര്‍.

എന്നും എന്റെ ബെസ്റ്റ് ഫ്രണ്ട് രേവതിയാണ്. വര്‍ഷങ്ങളായുള്ള സൗഹൃദമാണ്. എന്നും വിളിച്ച് സംസാരിക്കുന്ന പതിവൊന്നുമില്ല. അവര്‍ക്കും അവരുടേതായ തിരക്കുകളുണ്ട്. തന്റെ സമയത്ത് സജീവമായിരുന്ന അഭിനേത്രികളുമായി അന്ന് മത്സരമൊക്കെയുണ്ടായിരുന്നു. സിനിമയില്‍ നിന്നും മാറിയതിന് ശേഷം എല്ലാവരുമായും അടുത്ത സൗഹൃദമാണ്. ഇടയ്ക്ക് ഞങ്ങളെല്ലാം ഒത്തുകൂടാറുണ്ട്. സുഹാസിനിയാണ് ഒത്തുചേരലിന് മുന്‍കൈ എടുക്കുന്നത്.

ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നുവെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് ശോഭന എത്താറുണ്ടായിരുന്നു. മലയാളികളുടെ മനസ്സിലെ നൊസ്റ്റാള്‍ജിയയാണ് ഞാനും എന്റെ കഥാപാത്രങ്ങളും എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമാണ് തോന്നുന്നത്. സിനിമ ചെയ്തില്ലെങ്കിലും ഇന്‍സ്റ്റഗ്രാമിലൂടെ താനെന്നും ആരാധകര്‍ക്കൊപ്പമുണ്ടെന്നും ശോഭന പറയുന്നു.

8ാം ക്ലാസില്‍ പഠിച്ചിരുന്ന സമയത്തായിരുന്നു ശോഭനയ്ക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. സംവിധായകന്‍ ബാലചന്ദ്രമേനോനായിരുന്നു വീട്ടില്‍ വന്ന് ശോഭനയെ അഭിനയിപ്പിക്കുന്നതിനെക്കുറിച്ച് ചോദിച്ചത്. താന്‍ ചെയ്യുന്ന സിനിമയിലേക്ക് പുതിയ ആളെത്തേടിയായിരുന്നു അദ്ദേഹത്തിന്റെ വരവ്. അച്ഛന്‍ സമ്മതിച്ചതോടെ താന്‍ നായികയായി അരങ്ങേറുകയായിരുന്നുവെന്ന് ശോഭന മുന്‍പ് പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3468/i-like-manju-very-much-shobhanas-comment-goes-viral)