---
title: "കുട്ടിക്കാലത്ത് ചേട്ടനെ അടുത്ത് കിട്ടിയിട്ടില്ല; മഞ്ജു വാര്യർ "
english_title: "Manju Warrier's new interview is going viral now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/34645/manju-warriers-new-interview-is-going-viral-now"
published_at: "2022-03-29T20:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62431ced00bb1_madhu.jpg"
keywords: []
---

# കുട്ടിക്കാലത്ത് ചേട്ടനെ അടുത്ത് കിട്ടിയിട്ടില്ല; മഞ്ജു വാര്യർ 

> **Lead Summary:** ചേട്ടൻ മധു വാര്യരുടെ സംവിധാനത്തിൽ നടി മഞ്ജു വാര്യർ അഭിനയിച്ച് ഒടിടി പ്ലാറ്റഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ സിനിമയാണ് ലളിതം സുന്ദരം. നടനായി മാത്രം മലയാളികൾ കണ്ടിട്ടുളള മധു വാര്യർ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞതും ലളിതം സുന്ദരത്തിലൂടെയായിരുന്നു. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ഫീൽ ഗുഡ് മൂവി എന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

## Article Content

ചേട്ടൻ മധു വാര്യരുടെ സംവിധാനത്തിൽ നടി മഞ്ജു വാര്യർ അഭിനയിച്ച് ഒടിടി പ്ലാറ്റഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ സിനിമയാണ് ലളിതം സുന്ദരം. നടനായി മാത്രം മലയാളികൾ കണ്ടിട്ടുളള മധു വാര്യർ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞതും ലളിതം സുന്ദരത്തിലൂടെയായിരുന്നു. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ഫീൽ ഗുഡ് മൂവി എന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

എന്നാൽ മധു വാര്യരുമായുള്ള ഓർമകളെ കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പറഞ്ഞ വാക്കുകളാണ് എല്ലവരേയും അത്ഭുതപ്പെടുത്തിയത്. താനും ചേട്ടനും ആദ്യമായി കുറച്ച് അധികം നാൾ ഒരുമിച്ച് നിന്നത് ലളിതം സുന്ദരം ഷൂട്ടിങ് സമയത്താണ് എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്. ഓർമവെച്ച ശേഷം ഒരിക്കലും ഒരുമിച്ച് ചെലവഴിച്ചിട്ടില്ലെന്നും മഞ്ജു വാര്യർ പറയുന്നു.

'എൻറെ ജീവിതത്തിൽ ഇത്രയേറെ ദിവസം ഏട്ടൻറെ കൂടെ ഉണ്ടായിരുന്നിട്ടില്ലെന്നാണ് ഓർമ്മ. കുട്ടിക്കാലത്ത് ഏട്ടൻ ബോർഡിങ്ങിലായിരുന്നു. പിന്നീട് ജോലി കിട്ടിയ ശേഷം വിദേശത്തായിരുന്നു. പിന്നീട് എനിക്ക് സിനിമയിൽ തിരക്കായി. എൻറെ ഓർമ്മയിൽ ഒന്നര മാസത്തോളം ഞാനും ചേട്ടനും ഒരുമിച്ച് നിൽക്കുന്നത് ആദ്യമായി ലളിതം സുന്ദരം ലൊക്കേഷനിലാണ്.

കഥ വായിച്ചപ്പോൾ പലപ്പോഴും എൻറെ കുട്ടിക്കാലം ഓർമവന്നു. അച്ഛനെ ഓർമവന്നു. വായിച്ചപ്പോൾ ചില സ്ഥലത്ത് ഞാൻ കരഞ്ഞുപോയി. ഞങ്ങളുടെ കൂടി കഥയാണെന്ന് എവിടെയെല്ലാമോ തോന്നി ' മഞ്ജു വാര്യർ  അഭിമുഖത്തിൽ പറഞ്ഞു.

മധുവും മഞ്ജുവിനൊപ്പം കുട്ടിക്കാലത്ത് സിനിമകൾ കാണാൻ പോയപ്പോഴുണ്ടായ തിയേറ്റർ അനുഭവങ്ങളും പങ്കുവെച്ചു. തീയേറ്ററിലെ ഇരുട്ടിൽ പോയിരിക്കാൻ മഞ്ജുവിന് ചെറുപ്പത്തിലെ പേടിയായിരുന്നു. അച്ഛനും അമ്മയും വലിച്ചിഴച്ചാണ് തീയേറ്ററിലേക്ക് കൊണ്ടുപോകാറുണ്ടായിരുന്നത്.'

'ഇരുട്ടിൽ എന്റെ കൈ മുറുകെ പിടിച്ചാണ് തീയേറ്ററിലിരുന്നിട്ടുള്ളത്. മാമാട്ടികുട്ടിയമ്മയും മഞ്ഞിൽ വിരിഞ്ഞ പൂക്കളും ഞങ്ങൾ ഒരുമിച്ചിരുന്ന് കണ്ടിട്ടുണ്ട്. അങ്ങനെ പതിയെ സിനിമയെ മഞ്ജു സ്നേഹിച്ച് തുടങ്ങി. നടിയുമായി. ലളിതം സുന്ദരം സിനിമയുടെ കഥ ആദ്യം പറഞ്ഞത് ബിജു മേനോനോടാണ്. ബിജു ചേട്ടൻ ചെയ്യാമെന്ന് സമ്മതിച്ച് കഴിഞ്ഞപ്പോഴാണ് ഞാൻ മഞ്ജുവിനോട് കഥ പറയാൻ തീരുമാനിച്ചത്.

കഥ പറഞ്ഞ ശേഷം തിരക്കഥ വായിക്കാൻ കൊടുത്തു. അന്ന് രാത്രി തന്നെ വിളിച്ചു. വിളിച്ചത് കഥ ഇഷ്ടമായി എന്ന് പറയാൻ വേണ്ടിയായിരുന്നില്ല. ഈ സിനിമ ഞാൻ നിർമിച്ചോട്ടെ എന്നു ചോദിക്കാനും കൂടിയായിരുന്നു. അനിയത്തിയുടെ വളർച്ച എനിക്കുണ്ടാക്കിയ സന്തോഷം ചെറുതല്ല. ആ സന്തോഷത്തിൽനിന്നാണ് ഈ സിനിമ തുടങ്ങിയത് മധു വാര്യർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/34645/manju-warriers-new-interview-is-going-viral-now)