---
title: "'വിനീത് ശ്രീനിവാസന്‍ വീട്ടു തടങ്കലില്‍'; ഇൻഡസ്ട്രിയെ ഞെട്ടിച്ച സംഭവത്തിന് പിന്നിൽ  ഇതാണ്  കാര്യം "
english_title: "'Vineeth Srinivasan under house arrest'; This is the thing behind the incident that shocked the industry"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3463/vineeth-srinivasan-under-house-arrest-this-is-the-thing-behind-the-incident-that-shocked-the-industry"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61569aac97235_vineeth.jpg"
keywords: []
---

# 'വിനീത് ശ്രീനിവാസന്‍ വീട്ടു തടങ്കലില്‍'; ഇൻഡസ്ട്രിയെ ഞെട്ടിച്ച സംഭവത്തിന് പിന്നിൽ  ഇതാണ്  കാര്യം 

> **Lead Summary:** നടനും തിരക്കഥാകൃത്തും ഗായകനും നിര്‍മ്മാതാവും സംവിധായകനും അങ്ങനെ അങ്ങനെ സിനിമാലോകത്തെ വിവിധ മേഖലകളിൽ ശോഭിക്കുന്നയാളാണ് വിനീത് ശ്രീനിവാസന്‍.

## Article Content

നടനും തിരക്കഥാകൃത്തും ഗായകനും നിര്‍മ്മാതാവും സംവിധായകനും അങ്ങനെ അങ്ങനെ സിനിമാലോകത്തെ വിവിധ മേഖലകളിൽ ശോഭിക്കുന്നയാളാണ് വിനീത് ശ്രീനിവാസന്‍.

ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യത്തിന് ശേഷം 5 വര്‍ഷം കഴിഞ്ഞ് വിനീത് സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം റിലീസിനായി ഒരുങ്ങുകയുമാണ്. അതിനിടയിൽ ഇതാ വിനീത് പങ്കുവെച്ച ഒരു പോസ്റ്റർ ഏറെ വൈറലായിരിക്കുകയാണ്.

> "വിനീത് ശ്രീനിവാസന്‍ വീട്ടു തടങ്കലില്‍. ഫീല്‍ ഗുഡ് സിനിമകളില്‍ മാത്രം അഭിനയിച്ചു മുന്നോട്ട് പോയിരുന്ന എളിയ കലാകാരനായ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിന്‍റെ സ്വന്തം വീട്ടില്‍ തടങ്കലിട്ടതായി റിപ്പോര്‍ട്ടുകള്‍.

ഇന്‍ഡസ്ട്രിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിന് പിന്നില്‍ എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആണെന്ന് ഇതിനോടകം അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

ടൊവിനോ തോമസ്, അജു വര്‍ഗ്ഗീസ് അടക്കമുള്ള ഒട്ടനവധി മുൻ നിര അഭിനേതാക്കളുടെ നല്ല സീനുകള്‍ ഒരു കാരണവുമില്ലാതെ നിഷ്കരുണം വെട്ടിക്കളയുന്ന ഒരു സൈക്കോയാണ് ഇയാളെന്നാണ് സിനിമാവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

അഭിനവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ വിനീത് നായകനായി അഭിനയിച്ചില്ലെങ്കിൽ വെട്ടിക്കൊല്ലും എന്നാണ് ഭീഷണി.

ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വിനീത് ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ - നാളെ വൈകീട്ട് ഏഴിന് സിനിമയുടെ അനൗൺസ്മെന്‍റ് പോസ്റ്റ‍ർ പുറത്തുവരുന്നതുവരെ എന്നെ ഇവിടെ പിടിച്ചിടാനാണ് ഇവന്‍റെ തീരുമാനം.

ഭീഷണിക്ക് വഴങ്ങിക്കൊടുക്കുക എന്നല്ലാതെ വേറെ ഒരു മാര്‍‍ഗ്ഗവും എന്‍റെ മുന്നിൽ ഇല്ല. അതുകൊണ്ട് ഈ സിനിമയിൽ എന്നെ വെച്ച് ഇവൻ കാണിക്കാൻ പോകുന്ന അക്രമങ്ങള്‍ക്ക് ഒന്നിനും ഞാൻ ഉത്തരവാദിയല്ല.

> നാളെ പോസ്റ്റർ ഇറങ്ങുമ്പോള്‍ എല്ലാവരും ദൈവത്തെ ഓർത്ത് സോഷ്യൽമീഡിയയിൽ ഒന്നു ഷെയര്‍ ചെയ്യണം.", എന്നാണ് വിനീത് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്ററിലുള്ളത്.

ചക്രഭൂമി ഡെയിലി എന്ന പത്രക്കഷ്ണത്തിന്‍റെ ചിത്രമായാണ് വിനീത് ഇത് പങ്കുവെച്ചിരിക്കുന്നത്. ഏതായാലും വാര്‍ത്താ രൂപത്തിലുള്ള ഈ പ്രമോഷൻ സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ്. നിരവധി രസകരമായ കമന്‍റുകളാണ് വിനീതിന്‍റെ പോസ്റ്റിന് താഴെ വരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3463/vineeth-srinivasan-under-house-arrest-this-is-the-thing-behind-the-incident-that-shocked-the-industry)