---
title: "'ഹോട്ടലിന് സമീപം സ്ഫോടന ശബ്ദം'; പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ദുബായിൽ കുടുങ്ങി ശുഭശ്രീയും മകനും; മടക്കയാത്ര അനിശ്ചിതത്വത്തിൽ"
english_title: "Subhasree and her son stranded in Dubai amid Middle East conflict; return journey uncertain"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345078/subhasree-and-her-son-stranded-in-dubai-amid-middle-east-conflict-return-journey-uncertain"
published_at: "2026-03-02T11:22:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a527c6c2d97_Subhasree_and_her_son_stranded_in_Dubai_amid_Middle_East_conflict;_return_journey_uncertain.jpg"
keywords: []
---

# 'ഹോട്ടലിന് സമീപം സ്ഫോടന ശബ്ദം'; പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ദുബായിൽ കുടുങ്ങി ശുഭശ്രീയും മകനും; മടക്കയാത്ര അനിശ്ചിതത്വത്തിൽ

> **Lead Summary:** പശ്ചിമേഷ്യയിൽ ഇറാൻ - യുഎസ് സംഘർഷം കടുക്കുന്നതിനിടെ പ്രശസ്ത ബംഗാളി താരം ശുഭശ്രീ ഗാംഗുലിയും മകൻ യുവാനും ദുബായിൽ കുടുങ്ങി. അവധി ആഘോഷിക്കാനായി ദുബായിലെത്തിയ ഇരുവരും പാം ജുമൈറയിലെ ഹോട്ടലിലാണുള്ളതെന്ന് ശുഭശ്രീയുടെ ഭർത്താവും പ്രശസ്ത നിർമ്മാതാവും തൃണമൂൽ കോൺഗ്രസ് എംഎൽഎയുമായ രാജ് ചക്രബർത്തി അറിയിച്ചു.

## Article Content

പശ്ചിമേഷ്യയിൽ ഇറാൻ - യുഎസ് സംഘർഷം കടുക്കുന്നതിനിടെ പ്രശസ്ത ബംഗാളി താരം ശുഭശ്രീ ഗാംഗുലിയും മകൻ യുവാനും ദുബായിൽ കുടുങ്ങി. അവധി ആഘോഷിക്കാനായി ദുബായിലെത്തിയ ഇരുവരും പാം ജുമൈറയിലെ ഹോട്ടലിലാണുള്ളതെന്ന് ശുഭശ്രീയുടെ ഭർത്താവും പ്രശസ്ത നിർമ്മാതാവും തൃണമൂൽ കോൺഗ്രസ് എംഎൽഎയുമായ രാജ് ചക്രബർത്തി അറിയിച്ചു.

ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് മേഖലയിൽ അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ ഇരുവരുടെയും സുരക്ഷയിൽ വലിയ ആശങ്കയുണ്ടെന്ന് രാജ് ചക്രബർത്തി പിടിഐയോട് പറഞ്ഞു. അവർ താമസിക്കുന്ന ഹോട്ടലിന് സമീപം സ്ഫോടനശബ്ദം കേട്ടതായും കൊച്ചു മകൻ കൂടെയുള്ളതിനാൽ കുടുംബം ഏറെ ഭയപ്പാടിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാന സർവീസുകൾ റദ്ദാക്കിയതോടെ ഇവരുടെ മടക്കയാത്രയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ശനിയാഴ്ചയാണ് ഭാര്യയും മകനും ദുബായിലെത്തിയത്. അന്നു മുതൽ സാഹചര്യം സങ്കീർണമാണ്. ആരോടും പുറത്തിറങ്ങരുതെന്നാണ് അധികൃതരുടെ നിർദേശം. ദുബായിലുള്ള സുഹൃത്തുകളും ബന്ധുക്കളും ശുഭശ്രീയുടെയും മകന്റെയും കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും സർക്കാരിൽ നിന്നും ഇതുവരെ സഹായമൊന്നും തേടിയിട്ടില്ലെന്നും ചക്രബർത്തി പറയുന്നു.

വിഷമഘട്ടത്തിലാണെങ്കിലും പരിഭ്രാന്തരല്ലെന്നും തന്റെ കുടുംബം പെട്ടെന്ന് തന്നെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മകൾ യാളിനിക്കൊപ്പം ചക്രബർത്തി കൊൽക്കത്തയിലാണ്. ശുഭശ്രീക്ക് പുറമേ തെന്നിന്ത്യൻ താരം അജിത് കുമാർ, ബാഡ്മിന്റൺ താരം പി വി സിന്ധു, നടി സോണൽ ചൗഹാൻ, ഇന്ത്യൻ ബാസ്‌ക്കറ്റ്‌ബോൾ ടീം അംഗങ്ങൾ തുടങ്ങിയവരും ഇറാൻ യുഎസ് ഇസ്രയേൽ സംഘർഷത്തിൽ പ്രദേശത്ത് കുടുങ്ങിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/345078/subhasree-and-her-son-stranded-in-dubai-amid-middle-east-conflict-return-journey-uncertain)