---
title: "'കേരള സ്റ്റോറി 2' പ്രദർശനം തടഞ്ഞ് ഡിവൈഎഫ്ഐ; കോട്ടയത്ത് കാണികളെ പുറത്തിറക്കി"
english_title: "DYFI blocks screening of 'Kerala Story 2'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344756/DYFI-blocks-screening-of-'Kerala-Story-2'-new-upadate"
published_at: "2026-02-28T12:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a29786b95fa_DYFI_blocks_screening_of_Kerala_Story_2.jpg"
keywords: []
---

# 'കേരള സ്റ്റോറി 2' പ്രദർശനം തടഞ്ഞ് ഡിവൈഎഫ്ഐ; കോട്ടയത്ത് കാണികളെ പുറത്തിറക്കി

> **Lead Summary:** വലിയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ തിയേറ്ററുകളിലെത്തിയ 'കേരള സ്റ്റോറി 2' പ്രദർശനത്തിനെതിരെ കോട്ടയത്ത് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം. നഗരത്തിലെ അനശ്വര തിയേറ്ററിൽ സിനിമയുടെ ഇടവേളയ്ക്ക് പിന്നാലെ പ്രവർത്തകർ ഉള്ളിലേക്ക് ഇരച്ചുകയറുകയും പ്രദർശനം തടയുകയുമായിരുന്നു. ഈ സമയം ഹാളിനുള്ളിലുണ്ടായിരുന്ന 25 ഓളം കാണികളെ പ്രതിഷേധക്കാർ പുറത്തിറക്കി വിട്ടു. കേരളത്തെ അധിക്ഷേപിക്കുന്ന സിനിമയുടെ പ്രദർശനം തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും ശക്തമായ പ്രതിരോധം ഉണ്ടാകുമെന്ന് ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തെ തുടർന്ന് സിനിമ കാണാൻ എത്തിയവർ മടങ്ങിപ്പോയി.

## Article Content

വലിയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ തിയേറ്ററുകളിലെത്തിയ 'കേരള സ്റ്റോറി 2' പ്രദർശനത്തിനെതിരെ കോട്ടയത്ത് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം. നഗരത്തിലെ അനശ്വര തിയേറ്ററിൽ സിനിമയുടെ ഇടവേളയ്ക്ക് പിന്നാലെ പ്രവർത്തകർ ഉള്ളിലേക്ക് ഇരച്ചുകയറുകയും പ്രദർശനം തടയുകയുമായിരുന്നു. ഈ സമയം ഹാളിനുള്ളിലുണ്ടായിരുന്ന 25 ഓളം കാണികളെ പ്രതിഷേധക്കാർ പുറത്തിറക്കി വിട്ടു. കേരളത്തെ അധിക്ഷേപിക്കുന്ന സിനിമയുടെ പ്രദർശനം തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും ശക്തമായ പ്രതിരോധം ഉണ്ടാകുമെന്ന് ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തെ തുടർന്ന് സിനിമ കാണാൻ എത്തിയവർ മടങ്ങിപ്പോയി.

അതേസമയം, ഹൈക്കോടതി സിംഗിൾ ബെഞ്ച് പ്രദർശനാനുമതി നൽകിയ ചിത്രമാണെങ്കിലും കേരളത്തിലെ ഭൂരിഭാഗം തിയേറ്ററുകളിലും സിനിമയ്ക്ക് തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനമായ ഇന്ന് സംസ്ഥാനത്തെ പ്രമുഖ തിയേറ്ററുകളിലെല്ലാം ബുക്കിംഗ് നില വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോഴിക്കോട് റീഗൽ തിയേറ്ററിൽ സിനിമ കാണാനായി വെറും രണ്ട് പേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ആവശ്യത്തിന് കാണികളില്ലാത്തതിനെ തുടർന്ന് ഇവിടെ ഷോ റദ്ദാക്കി.

കൊച്ചിയിലെ പാൻ സിനിമസ് തിയേറ്ററിലും സ്ഥിതി സമാനമാണ്. രാവിലെ 10.30-ന് നിശ്ചയിച്ചിരുന്ന ആദ്യ ഷോയ്ക്ക് ആകെ ആറ് പേർ മാത്രമാണ് ഇതുവരെ ടിക്കറ്റ് എടുത്തിട്ടുള്ളത്. വലിയ ചർച്ചകൾക്ക് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും വളരെ കുറഞ്ഞ പിന്തുണ മാത്രമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/344756/DYFI-blocks-screening-of-'Kerala-Story-2'-new-upadate)