( https://moviemax.in/) ദക്ഷിണേന്ത്യൻ സിനിമാ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന വിവാഹ വാർത്ത ഒടുവിൽ സ്ഥിരീകരിച്ച് നടി രശ്മിക മന്ദാനയും നടൻ വിജയ് ദേവരകൊണ്ടയും. ദീർഘകാലമായി ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ സിനിമാ ലോകത്ത് സജീവമായിരുന്നെങ്കിലും ഇതാദ്യമായാണ് താരങ്ങൾ ഔദ്യോഗികമായി പ്രതികരിക്കുന്നത്.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇരുവരും തങ്ങളുടെ വിവാഹ വാർത്ത ആരാധകരെ അറിയിച്ചത്. തങ്ങളെ സ്നേഹിച്ചവർക്കും പിന്തുണച്ചവർക്കും താരങ്ങൾ നന്ദി പറഞ്ഞു. ആരാധകർക്കിടയിൽ 'വിരോഷ്' (ViRash) എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രണയ ജോഡികൾ, തങ്ങളുടെ വിവാഹത്തെയും ഇതേ പേരിൽ തന്നെ വിശേഷിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി.
"ഞങ്ങളുടെ പ്രിയപ്പെട്ടവരേ, ഞങ്ങൾ എന്തെങ്കിലും പ്ലാൻ ചെയ്യുന്നതിന് മുൻപേ, ഞങ്ങൾ എന്തെങ്കിലും തെരഞ്ഞെടുക്കുന്നതിന് മുൻപേ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി നിലകൊണ്ടു. ഒരുപാട് സ്‌നേഹത്തോടെ നിങ്ങൾ ഞങ്ങൾക്ക് പേരിട്ടു. ഞങ്ങളെ വിരോഷ് എന്ന് വിളിച്ചു. ഇന്ന് നിറഞ്ഞ ഹൃദയത്തോടെ, ഞങ്ങളുടെ ഈ കൂടിച്ചേരലിനെ വിരോഷിന്‍റെ വിവാഹം എന്നു വിളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്. നിങ്ങൾ നൽകിയ സ്‌നേഹത്തിനുള്ള ആദരവാണിത്. എന്നും സ്‌നേഹത്തോടെ ചേർത്തുപിടിക്കുന്നതിന് ഒരുപാട് നന്ദി. നിങ്ങൾ എന്നെന്നും ഞങ്ങളുടെ ഭാഗമായിരിക്കും, നിറഞ്ഞ സ്നേഹം'- രശ്മികയും വിജയ്‍യും പങ്കുവെച്ച കുറിപ്പിന്‍റെ പറയുന്നത് ഇങ്ങനെയാണ്.
വിവാഹ തിയ്യതിയോ എവിടെ വച്ചാണ് വിവാഹിതരാകുന്നതെന്നോ ഈ കുറിപ്പിൽ പറയുന്നില്ല. ഫെബ്രുവരി 26നാണ് ഇരുവരുടെയും വിവാഹം എന്നാണ് റിപ്പോർട്ട്. ഉദയ്പൂരിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. മാർച്ച് നാലിന് ഹൈദരാബാദിൽ വച്ചുള്ള റിസപ്ഷനിൽ സിനിമാ മേഖലയിൽ നിന്നുള്ളവർ പങ്കെടുക്കും എന്നാണ് വിവരം. വിജയ് ദേവരക്കൊണ്ടയുടേതെന്ന പേരിലുള്ള ക്ഷണക്കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Content Highlight: Rashmika and Vijay Deverakonda confirm wedding news
































