---
title: "പരീക്ഷാ ഹാളിലും വിസ്മയിപ്പിച്ച് മോഹൻലാൽ; ലാലേട്ടനെക്കുറിച്ച്  പ്രൊഫൈൽ എഴുതാൻ വന്ന് ചോദ്യപ്പേപ്പർ!"
english_title: "Question paper to write a profile about Mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/342639/question-paper-to-write-a-profile-about-mohanlal"
published_at: "2026-02-18T12:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699567e358457_movie2.jpg"
keywords: []
---

# പരീക്ഷാ ഹാളിലും വിസ്മയിപ്പിച്ച് മോഹൻലാൽ; ലാലേട്ടനെക്കുറിച്ച്  പ്രൊഫൈൽ എഴുതാൻ വന്ന് ചോദ്യപ്പേപ്പർ!

> **Lead Summary:** **[[moviemax.in] ] **ഹയർ സെക്കൻഡറി ഒന്നാം വർഷ മോഡൽ പരീക്ഷയുടെ ചോദ്യപ്പേപ്പറിലും തിളങ്ങി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. ഇംഗ്ലീഷ് പരീക്ഷയിൽ പ്രൊഫൈൽ തയ്യാറാക്കാനുള്ള ചോദ്യത്തിലാണ് ലാലേട്ടന്റെ ജീവിതരേഖ ഉൾപ്പെടുത്തിയത്.

## Article Content

**[[moviemax.in] ] **ഹയർ സെക്കൻഡറി ഒന്നാം വർഷ മോഡൽ പരീക്ഷയുടെ ചോദ്യപ്പേപ്പറിലും തിളങ്ങി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. ഇംഗ്ലീഷ് പരീക്ഷയിൽ പ്രൊഫൈൽ തയ്യാറാക്കാനുള്ള ചോദ്യത്തിലാണ് ലാലേട്ടന്റെ ജീവിതരേഖ ഉൾപ്പെടുത്തിയത്.

പരീക്ഷാ ഹാളിന്റെ ഗൗരവത്തിനിടയിലും തങ്ങളുടെ പ്രിയതാരത്തെക്കുറിച്ചുള്ള ചോദ്യം വിദ്യാർത്ഥികൾക്ക് വലിയ ആവേശവും കൗതുകവുമായി മാറി. പത്തനംതിട്ടയിലെ ഇലന്തൂരിലെ ജനനം മുതൽ ദാദാസാഹിബ് ഫാൽക്കെ അവാർഡ് വരെയുള്ള താരത്തിന്റെ സമാനതകളില്ലാത്ത സിനിമായാത്രയാണ് ചോദ്യപ്പേപ്പറിൽ സൂചനകളായി നൽകിയിരുന്നത്.

സാധാരണയായി വിദേശ എഴുത്തുകാരും ശാസ്ത്രജ്ഞരും നിറയാറുള്ള ഇംഗ്ലീഷ് പരീക്ഷയിൽ ഇത്തവണ ലാലേട്ടൻ ഇടംപിടിച്ചത് പരീക്ഷാ സമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചെന്ന് വിദ്യാർത്ഥികൾ പറയുന്നു.

'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' മുതൽ അഞ്ച് ദേശീയ പുരസ്‌കാരങ്ങൾ, പത്മഭൂഷൺ, പത്മശ്രീ തുടങ്ങിയ നേട്ടങ്ങൾ ചോദ്യപ്പേപ്പറിൽ ഉൾപ്പെടുത്തിയിരുന്നു. കരിയറിലെ ക്ലാസിക് ചിത്രങ്ങളായ മണിച്ചിത്രത്താഴ്, തന്മാത്ര, ഒടിയൻ എന്നിവയ്‌ക്കൊപ്പം വരാനിരിക്കുന്ന 'ജയിലർ 2', 'വൃഷഭ' തുടങ്ങിയ ചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ നൽകിയിരുന്നു.

എന്നാൽ താരത്തിന്റെ ആദ്യ ചിത്രം 1978-ലെ 'തിരനോട്ടം' ആണെന്നിരിക്കെ, ചോദ്യപ്പേപ്പറിൽ 1978-ൽ പുറത്തിറങ്ങിയത് 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' ആണെന്ന വസ്തുതാപരമായ പിശകും ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

സിനിമയെയും ജനപ്രിയ സംസ്കാരത്തെയും പാഠ്യപദ്ധതിയുമായി ബന്ധിപ്പിക്കുന്നത് കുട്ടികളിൽ എഴുത്തിനോടുള്ള താൽപര്യം വർധിപ്പിക്കുമെന്നാണ് അധ്യാപകരുടെ അഭിപ്രായം. സോഷ്യൽ മീഡിയയിലും മോഹൻലാൽ ഫാൻസ് ഗ്രൂപ്പുകളിലും ഈ ചോദ്യപ്പേപ്പർ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

വരാനിരിക്കുന്ന വാർഷിക പരീക്ഷയ്ക്ക് മുന്നോടിയായി ലാലേട്ടനെക്കുറിച്ച് എഴുതാൻ ലഭിച്ചത് വിദ്യാർത്ഥികൾക്ക് വലിയൊരു ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/342639/question-paper-to-write-a-profile-about-mohanlal)