---
title: "സാമന്തയുമായുള്ള വിവാഹമോചന വാർത്തകളെക്കുറിച്ച് നാഗ ചൈതന്യ"
english_title: "Naga Chaitanya on divorce news with Samantha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3393/naga-chaitanya-on-divorce-news-with-samantha"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614db952261e1_samantha.jpg"
keywords: []
---

# സാമന്തയുമായുള്ള വിവാഹമോചന വാർത്തകളെക്കുറിച്ച് നാഗ ചൈതന്യ

> **Lead Summary:** സാമന്ത അക്കിനേനിയും നാഗചൈതന്യയും തമ്മിലുള്ള​ വിവാഹമോചന വാർത്തകളാണ് ഏറെനാളായി സോഷ്യൽ മീഡിയയുടെ ചർച്ചാവിഷയം. ഇരുവരും വിവാഹമോചനത്തിനായി ശ്രമിക്കുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നത്. ഈ വാർത്തകളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതാ, വിവാഹമോചന വാർത്തകളോട് പ്രതികരിക്കുകയാണ് നാഗചൈതന്യ.

## Article Content

സാമന്ത അക്കിനേനിയും നാഗചൈതന്യയും തമ്മിലുള്ള​ വിവാഹമോചന വാർത്തകളാണ് ഏറെനാളായി സോഷ്യൽ മീഡിയയുടെ ചർച്ചാവിഷയം. ഇരുവരും വിവാഹമോചനത്തിനായി ശ്രമിക്കുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നത്. ഈ വാർത്തകളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതാ, വിവാഹമോചന വാർത്തകളോട് പ്രതികരിക്കുകയാണ് നാഗചൈതന്യ.

തന്റെ വ്യക്തിജീവിതവും പ്രൊഫഷണൽ ജീവിതവും രണ്ടായി നിലനിർത്താൻ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വരുന്ന വാർത്തകളിൽ തനിക്ക് വേദനയുണ്ടെന്നും നാഗചൈതന്യ പറയുന്നു. ലവ് സ്റ്റോറി എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ ഫിലിം കംപാനിയനോട് സംസാരിക്കുകയായിരുന്നു നാഗചൈതന്യ.

> നാഗചൈതന്യയുടെ ഭാര്യയും തെന്നിന്ത്യൻ താരവുമായ സാമന്ത അക്കിനേനി, തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പേര് മാറ്റിയതോടെയാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന ഗോസിപ്പ് പുറത്തുവന്നു തുടങ്ങിയത്. വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ വേദനിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “തീർച്ചയായും, തുടക്കത്തിൽ, ഇത് അൽപ്പം വേദനാജനകമായിരുന്നു.

എന്തുകൊണ്ടാണ് വിനോദമേഖലയിലെ തലക്കെട്ടുകൾ ഇങ്ങനെയാവുന്നത്? പക്ഷേ അതിനു ശേഷം ഞാൻ പഠിച്ചത്, ഇന്നത്തെ കാലത്ത് വാർത്തകളെ റീപ്ലേസ് ചെയ്യുന്നത് ഇത്തരം വാർത്തകളാണെന്നാണ്,” എന്നായിരുന്നു നാഗചൈതന്യയുടെ മറുപടി.

> “ഇതൊന്നും ആളുകളുടെ മനസ്സിൽ അധികനേരം നിലനിൽക്കില്ല. യഥാർത്ഥ വാർത്തകൾ, പ്രസക്തമായ വാർത്തകൾ നിലനിൽക്കും. എന്നാൽ ഇത്തരം ഉപരിപ്ലവമായ വാർത്തകൾ, ടിആർപികൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന വാർത്തകൾ വിസ്മരിക്കപ്പെടും. ഈ നിരീക്ഷണത്തിൽ ഞാനെത്തി ചേർന്നതോടെ, അതെന്നെ ബാധിക്കുന്നത് നിർത്തി.”

താൻ സോഷ്യൽ മീഡിയയിൽ അധികം ശ്രദ്ധിക്കുകയോ ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും കൂടുതൽ സമയം ചെലവഴിക്കുകയോ ചെയ്യാറില്ലെന്ന് നാഗചൈതന്യ വെളിപ്പെടുത്തി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ താൻ സോഷ്യൽ മീഡിയയിൽ ധാരാളം സമയം ചെലവഴിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ കോവിഡ് മഹാമാരി വന്നതോടെ അത് നിർത്തിവെന്നും നാഗ ചൈതന്യ പറയുന്നു.

> “ഒന്നു രണ്ടു വർഷം മുമ്പ് വരെ സോഷ്യൽ മീഡിയ എന്നെ വളരെയധികം സ്വാധീനിച്ചിരുന്നു. എന്നാൽ കോവിഡ് മഹാമാരി വന്നതിനു ശേഷം എന്നിൽ എന്തോ പരിണമിച്ചതായി തോന്നുന്നു. അല്ലെങ്കിൽ എന്തോ എന്നെ മറ്റൊരു ദിശയിലേക്ക് കൊണ്ടുപോയി, അതോടെ ഞാൻ സോഷ്യൽ മീഡിയയിൽ നിന്ന് പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു.”

> വ്യക്തിപരവും തൊഴിൽപരവുമായ ജീവിതം വേർതിരിച്ച് സൂക്ഷിക്കാൻ താനിഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ നാഗചൈതന്യ ഇക്കാര്യം തന്റെ മാതാപിതാക്കളിൽ നിന്നും താൻ വളരെ ചെറുപ്പത്തിൽ തന്നെ പഠിച്ച കാര്യമാണെന്നും വ്യക്തമാക്കി. “എന്റെ കരിയറിലെ തുടക്കം മുതൽ ഞാനെന്റെ വ്യക്തിഗത ജീവിതം തീർത്തും വ്യക്തിപരമായും പ്രൊഫഷണൽ ജീവിതം പ്രൊഫഷണലായും തന്നെയാണ് നിലനിർത്തുന്നത്. ഞാനൊരിക്കലും രണ്ടും മിക്സ് ചെയ്തിട്ടില്ല. എന്റെ മാതാപിതാക്കളിൽ നിന്ന് പഠിച്ച ശീലമാണിത്.

അവർ വീട്ടിൽ വന്നുകഴിഞ്ഞാൽ ഒരിക്കലും ജോലിയെക്കുറിച്ച് സംസാരിക്കുന്നതു കണ്ടിട്ടില്ല. അവർ ജോലിക്ക് പോകുമ്പോൾ, അവരുടെ വ്യക്തിപരമായ കാര്യങ്ങൾ ജോലിയിലേക്കും കൊണ്ടുവരാറില്ല. വളരെ നല്ലൊരു ബാലൻസ് തന്നെ അവർ സൂക്ഷിച്ചിരുന്നു, ഞാനെപ്പോഴും അത് ശ്രദ്ധിച്ചിരുന്നു.”

### Related Links & Sources
- [Original Story Source](https://moviemax.in/news/3393/naga-chaitanya-on-divorce-news-with-samantha)