---
title: "ഇനി മുതല്‍ ഞാൻ ഔദ്യോഗികമായി ലക്ഷ്മി പ്രിയ എന്നറിയപ്പെടും;പേര് മാറ്റിയതായി അറിയിച്ച് നടി "
english_title: "From now on I will be officially known as Lakshmi Priya; the actress announced that her name has been changed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3340/from-now-on-i-will-be-officially-known-as-lakshmi-priya-the-actress-announced-that-her-name-has-been-changed"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614835dd6b70c_ .jpg"
keywords: []
---

# ഇനി മുതല്‍ ഞാൻ ഔദ്യോഗികമായി ലക്ഷ്മി പ്രിയ എന്നറിയപ്പെടും;പേര് മാറ്റിയതായി അറിയിച്ച് നടി 

> **Lead Summary:** സബീനാ ജയേഷ് എന്ന തന്റെ യഥാര്‍ഥ പേര് ഔദ്യോഗികമായി മാറ്റിയതായി അറിയിച്ച് നടി ലക്ഷ്മി പ്രിയ. ‘അതെ ഇനി മുതല്‍ ഞാൻ ഔദ്യോഗികമായി ലക്ഷ്മി പ്രിയ എന്നറിയപ്പെടും. ഹിന്ദു ആയാലും മുസ്‌ലിം ആയാലും ഞാൻ ഞാനായിരിക്കും.’–പേര് മാറ്റിയ വിവരം അറിയിച്ചുകൊണ്ട് ലക്ഷ്മി പ്രിയ പറഞ്ഞു.

## Article Content

സബീനാ ജയേഷ് എന്ന തന്റെ യഥാര്‍ഥ പേര് ഔദ്യോഗികമായി മാറ്റിയതായി അറിയിച്ച് നടി ലക്ഷ്മി പ്രിയ. ‘അതെ ഇനി മുതല്‍ ഞാൻ ഔദ്യോഗികമായി ലക്ഷ്മി പ്രിയ എന്നറിയപ്പെടും. ഹിന്ദു ആയാലും മുസ്‌ലിം ആയാലും ഞാൻ ഞാനായിരിക്കും.’–പേര് മാറ്റിയ വിവരം അറിയിച്ചുകൊണ്ട് ലക്ഷ്മി പ്രിയ പറഞ്ഞു.

** ലക്ഷ്മി പ്രിയയുടെ വാക്കുകൾ:**

‘ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് മാത്രം കൊണ്ടു നടന്നിരുന്ന എന്റെയാ പഴയ പേര് ഞാൻ ഉപേക്ഷിച്ചിരിക്കുന്നു. നീണ്ട പതിനെട്ടു വർഷം ഞാൻ സബീന ആയിരുന്നു. 19 വർഷമായി ഞാൻ ലക്ഷ്മി പ്രിയയും. ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. കാരണം ഞാൻ എന്നും ഞാൻ ആയിരുന്നു. എത്ര വലിയ പ്രതിസന്ധി വരുമ്പോഴും ദൈവത്തിന്റെ മാത്രം കരം പിടിച്ചു മറു കര നീന്തിയ വളരെ കരുത്തുള്ള ഒരു സ്ത്രീ.’

‘കല്ലെറിഞ്ഞതിനും ആർത്തു വിളിച്ചതിനും നിങ്ങളോട് എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്. കാരണം നിങ്ങളുടെ ആ കല്ലെറിയൽ കൊണ്ടാണ് പൂർണമായും ഹിന്ദു എന്ന എന്റെ സ്വത്വം രേഖാമൂലം അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാൻ തീരുമാനിക്കുന്നത്. കല്ലെറിഞ്ഞവർക്കും ചേർത്തു പിടിച്ചവർക്കും നന്ദി അറിയിക്കട്ടെ. ഒറ്റ മുറിയിൽ നിന്നും എന്നെ ചേർത്തു പിടിച്ചു കൃത്യമായ ഒരു മേൽവിലാസം ഉണ്ടാക്കി തന്ന എന്റെ ഭർത്താവിനോടുള്ള എന്റെ സ്നേഹം അറിയിക്കാൻ എനിക്ക് വാക്കുകളില്ല.’

‘ഒറ്റ കൂടിക്കാഴ്ചയിൽ എന്റെ പേര്, മതം, ഒപ്പ് എന്നിവ മാറ്റുന്നതിന്റെ ആവശ്യകതയെക്കുറിച്ച്, ഒരുപേരിൽ ഒരുപാടുണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്ന അഡ്വക്കേറ്റ് കൃഷ്ണ രാജിനാണ് ഇപ്പൊ ഈ മാറ്റത്തിന്റെ മുഴുവൻ ക്രെഡിറ്റ്സും ഞാൻ കൊടുക്കുക. ഒപ്പം അതിന് എന്നെ സഹായിച്ച സൈനേഷ് തത്വമയി ന്യൂസ്‌, ബിനിൽ ജി, ശ്രീ ഗിരീഷ് ജി വിശ്വ ഹിന്ദു പരീക്ഷിത് എന്നിവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.ഹിന്ദു ആയാലും മുസ്ലിം ആയാലും ഞാൻ ഞാനായിരിക്കും. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവചനം ഓർമിപ്പിച്ചുകൊണ്ട്, ലക്ഷ്മി പ്രിയ.’

### Related Links & Sources
- [Original Story Source](https://moviemax.in/news/3340/from-now-on-i-will-be-officially-known-as-lakshmi-priya-the-actress-announced-that-her-name-has-been-changed)