സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട്സ് ലവേഴ്സ് അസ്സോസിയേഷൻ ‘കല’യുടെ പ്രഥമ മദർ തെരേസ പുരസ്കാരം നടി സീമ ജി. നായർക്ക്. 2021ൽ സെപ്റ്റംബർ 21 ചൊവ്വാഴ്ച രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരം സമ്മാനിക്കും. അൻപതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് മദർ തെരേസ അവാർഡ്.
കേരളത്തിലെ ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ മഹനീയ മാതൃകകൾ സൃഷ്ടിക്കുന്ന വനിതകൾക്കാണ് മദർ തെരേസ അവാർഡ് സമ്മാനിക്കുന്നതെന്ന് കേരള ആർട്ട്സ് ലവേഴ്സ് അസ്സോസിയേഷൻ ‘കല’യുടെ രക്ഷാധികാരിയും ദീപികയുടെ മുൻ മാനേജിങ് ഡയറക്ടറുമായ അമേരിക്കൻ മലയാളി സുനിൽ ജോസഫ് കൂഴാംപാല (ന്യൂയോർക്ക്) കലയുടെ ട്രസ്റ്റിയും വനിതാ കമ്മീഷൻ അംഗവുമായ ഇ.എം. രാധ, കലയുടെ മാനേജിങ് ട്രസ്റ്റി ലാലു ജോസഫ് എന്നിവർ അറിയിച്ചു.

നടി ശരണ്യയുടെ ജീവൻ രക്ഷിക്കാൻ സീമ ത്യാഗനിർഭരമായ പ്രവർത്തനം നടത്തിയെങ്കിലും സീമയുടെ കാരുണ്യത്തിന്റെയും കരുതലിന്റെയും കൈപ്പിടിയിൽ നിന്ന് വഴുതി ശരണ്യ വിട പറഞ്ഞ് നാൽപത്തിയൊന്ന് ദിവസം തികയുന്ന നാളിലാണ് സീമയ്ക്ക് അവാർഡ് സമ്മാനിക്കപ്പെടുക.

സിനിമാ സീരിയൽ രംഗത്തെ അഭിനയ മികവിനു പുറമെ ആയിരത്തിലധികം വേദികളിൽ നാടകാഭിനയം കാഴ്ചവച്ചിട്ടുള്ള പ്രതിഭ കൂടിയാണ് സീമ ജി. നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന അമച്വർ നാടക,ടെലിവിഷൻ, അവാർഡുകൾ ഉൾപ്പടെ നിരവധി നേട്ടങ്ങൾ ലഭിച്ചിട്ടുണ്ട്. സീമയുടെ ജീവകാരുണ്യ പ്രവർത്തികൾ മാനിച്ചാണ്, ദുഃഖിതരും ദുർബലരുമായ സഹജീവികൾക്ക് മാതൃവാല്‍സല്യത്തോടെ തണലൊരുക്കിയ മദർ തെരേസയുടെ നാമത്തിലുളള അവാർഡ് സീമയ്ക്ക് നൽകുന്നത്. കലയുടെ ട്രസ്റ്റികളായ അഭിരാം കൃഷ്ണൻ, സുഭാഷ് അഞ്ചൽ, ബിജുപ്രവീൺ (എസ്‍.എൽ. പ്രവീൺകുമാർ) എന്നിവർ രാജ്ഭവനിലെ ചടങ്ങിൽ പങ്കെടുക്കും.
Content Highlight: Actress Seema G. Nair receives Mother Teresa Award

































