കേരളം ഉറ്റുനോക്കികൊണ്ടിരുന്ന നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റവിമുക്തനായെന്ന് അറിഞ്ഞതോടെ താരത്തെ അനുകൂലിക്കുന്ന സിനിമ രംഗത്തുള്ളവരും ആരാധകരുമെല്ലാം ആഹ്ലാദ പ്രകടനത്തിലാണ്. കോടതി പരിസരത്ത് ദിലീപ് ആരാധകർ ലഡ്ഡു വിതരണം ചെയ്തു. ലോക ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരാളെ അറസ്റ്റ് ചെയ്തതിനുശേഷം തെളിവുണ്ടാക്കാനായി കേരള പോലീസ് നടന്നത്.
കേരളത്തിലെ ജനങ്ങൾ മുഴുവൻ ദിലീപിന് ഒപ്പമാണെന്നത് രാമലീല സിനിമ റിലീസായപ്പോൾ നമ്മൾ കണ്ടതാണ്. കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഈ നിമിഷം വരെ ദിലീപ് എന്ന വ്യക്തിയെ വേട്ടയാടിക്കൊണ്ടാണ് ഇരുന്നത്. സത്യം ജയിച്ചു. ദീലിപേട്ടൻ തന്നെയാണ് യഥാർത്ഥ ഇര. കേരളത്തിലെ മുഴുവൻ ജനങ്ങളും സ്ത്രീകൾ അടക്കം അദ്ദേഹത്തിനെ പിന്തുണച്ചു. ദിലീപേട്ടനെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഹൃദയത്തിൽ തൊട്ട നന്ദി.
ഒരു തെളിവുമില്ലാതെയാണ് എട്ട് വർഷം ഒരു മനുഷ്യനെ കഷ്ടപ്പെടുത്തിയത്. നമ്പി നാരായണനുശേഷം കേരളം കണ്ട ഏറ്റവും വലിയ മാധ്യമ വേട്ടയുടേയും പൊതുവിചാരണയുമാണ് ദിലീപേട്ടന് എതിരെ നടന്നത്. അദ്ദേഹം അതിന് ഇരയാണ് എന്നാണ് നടന്റെ ആരാധകർ വിധി കേട്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞത്.

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അനീഷ് ഉപാസന കേസിലെ വിധി കേട്ടശേഷം ദിലീപ് കോടതിയിൽ നിന്നും ഇറങ്ങി വരുന്ന രംഗങ്ങൾ പങ്കിട്ട് ജനപ്രിയ നായകൻ എന്ന് കുറിച്ചുകൊണ്ട് പിന്തുണ അറിയിച്ചു. സത്യം ജയിക്കും സത്യമേ ജയിക്കൂ... ഈശ്വരൻ എന്റെ മനസാക്ഷിയോട് പറഞ്ഞ സത്യങ്ങൾ ഒന്നും നാളിതുവരെ തെറ്റിയ ചരിത്രമില്ല. അന്നും ഇന്നും സത്യത്തിനൊപ്പം എന്നാണ് സംവിധായകനും ബിഗ് ബോസ് വിന്നറുമായ അഖിൽ മാരാർ കുറിച്ചത്.
ദിലീപിന്റെ ഉറ്റ ചങ്ങാതിയും നടനുമായ നാദിർഷയും ദിലീപിന് അനുകൂലമായി വിധി വന്നതിൽ ദൈവത്തിന് നന്ദി അർപ്പിച്ച് പോസ്റ്റുമായി എത്തിയിരുന്നു. ഇന്നത്തെ വിധി കണ്ടു. മുന്നേയും ഞാൻ എഴുതിയ ഒന്നാണ്... കോടതിയിൽ തെളിവുകൾക്കാണ് പ്രാധാന്യം. അല്ലാതെ മാധ്യമ വിചാരണകൾക്കല്ല. കളക്ടീവായി ജനങ്ങളുടെ മനസിൽ ഒരു നരേറ്റീവ് സൃഷിക്കാം എന്നതല്ലാതെ യാതൊരു പ്രയോജനവും കോടതി എന്ന ഇൻസ്റ്റിട്യൂഷനിൽ പ്രതിഫലിക്കില്ല.
ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന ചിന്ത മാറ്റി അന്വേഷണങ്ങൾ നടത്തിയാലേ കാര്യം ഉള്ളു എന്നാണ് നടി ശരണ്യ മോഹന്റെ ഭർത്താവായ അരവിന്ദ് കൃഷ്ണൻ കുറിച്ചത്. വിധി കേട്ട് പുറത്ത് വന്നശേഷം ഇത്രയും കാലം മനസിൽ അടക്കി പിടിച്ചതെല്ലാം ദിലീപും മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് വിട്ടു. മുൻ ഭാര്യ മഞ്ജു വാര്യർക്കെതിരെയും നടന്റെ പ്രതികരണം ഉണ്ടായി.
സർവേശ്വരനായ ദൈവത്തിന് നന്ദി. സത്യം ജയിച്ചു. ഈ കേസിൽ ക്രിമിനൽ ഗൂഡാലോചനയുണ്ടെന്നും ആ ക്രിമിനൽ ഗൂഡാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരെയുള്ള ഗൂഢാലോചന ആരംഭിച്ചത്. അതിന് അന്നത്തെ ഉയർന്നൊരു മേലുദ്യോഗസ്ഥയും അവർ തെരഞ്ഞെടുത്ത ഒരു സംഘം ക്രിമിനൽ പോലീസുകാരും ചേർന്നാണ് ഇങ്ങനൊരു നടപടി ഉണ്ടാക്കിയത്.
അതിനായിട്ട് ഈ കേസിലെ മുഖ്യ പ്രതിയെ കൂട്ടുപിടിച്ചും അയാളുടെ ജയിലിൽ ഉണ്ടായിരുന്ന കൂട്ട് പ്രതികളെയും കൂട്ട് പിടിച്ചിട്ട് ഈ പോലീസ് സംഘം ഒരു കള്ളക്കഥ മെനഞ്ഞെടുത്തത്. എന്നിട്ട് ഈ പോലീസ് സംഘം ചില മാധ്യമങ്ങളെയും അവർക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന ചില മാധ്യമ പ്രവർത്തകരെയും കൂട്ടുപിടിച്ച് ഈ കള്ളക്കഥ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
fans celebrate after actor dileep acquitted all charges actress attack case

































