കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് പേരാമ്പ്രയിൽ പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ മകനെ മരിച്ച നിലയിൽ കണ്ടെത്തി. കടിയങ്ങാട് സ്വദേശി ഇല്ലത്ത് മീത്തല്‍ ജംസാലി( 26)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .
വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെ വീട്ടില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കടിയങ്ങാടിൽ ഇല്ലത്ത് മീത്തല്‍ പോക്കറിനെയാണ് (60) മകൻ ജംസാൽ കത്തികൊണ്ട് അക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പോക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സംഭവത്തില്‍ പോക്കറിന്റെ ഭാര്യ ജമീല നല്‍കിയ പരാതിയില്‍ മകന്‍ ജംസാലിന്റെ (26) പേരില്‍ പേരാമ്പ്ര പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. പണം ചോദിക്കുമ്പോള്‍ നല്‍കാത്തതിലുള്ള വിരോധത്താല്‍ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് പോക്കറിന്റെ ഭാര്യ നൽകിയ പരാതി.
ആക്രമണത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ അന്വേഷണത്തിനിടയിലാണ് ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.
Father attacked with knife in Perambra, son found dead
































