സന്നിധാനം: ( www.truevisionnews.com) വെർച്വൽ ക്യൂ വഴി ശബരിമലയിലേക്ക് വരുന്ന തീർത്ഥാടകർ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണമെന്ന് സന്നിധാനം സ്പെഷ്യൽ പൊലീസ് ഓഫീസർ (എസ്.ഒ) ആർ ശ്രീകുമാർ പറഞ്ഞു. ബുക്ക് ചെയ്ത ദിവസമല്ലാതെ ആ ടോക്കണുമായി വേറെ ദിവസം എത്തുന്നത് തിരക്ക് നിയന്ത്രിക്കുന്നതിൽ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
സന്നിധാനത്തെ തിരക്ക് അനുസരിച്ചാണ് നിലയ്ക്കലിൽ നിന്ന് സ്പോട്ട് ബുക്കിങ് നൽകുന്നത്. സ്പെഷ്യൽ കമ്മീഷണർ എസ്.ഒയുമായി ആലോചിച്ചാണ് 5000 ത്തിൽ കൂടുതലായുള്ള സ്പോട്ട് ബുക്കിങ് അനുവദിക്കുന്നത്. 8500 വരെ ഇത്തരത്തിൽ ദിവസവും ശരാശരി കൊടുക്കാറുണ്ട്. ചൊവ്വാഴ്ച്ച (ഡിസംബർ 2) വൈകീട്ട് മൂന്ന് വരെ 8800 സ്പോട്ട് ബുക്കിങ് നൽകി.
പുലർച്ചെ 12 ന് തുടങ്ങുന്ന ബുക്കിങ് 5000 കവിഞ്ഞാലും സന്നിധാനത്തെ തിരക്ക് നോക്കി അധികമായി നൽകും. 1590 പോലീസുകാരാണ് നിലവിൽ സന്നിധാനത്ത് മാത്രമുള്ളതെന്ന് എസ്.ഒ പറഞ്ഞു. ഇത് മുൻ വർഷങ്ങളെക്കാൾ കൂടുതലാണ്. സ്വാമിമാർക്ക് സുഖദർശന സൗകര്യം ഒരുക്കാനാണ് കൂടുതൽ പെലീസിനെ വിന്യസിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു മിനിറ്റിൽ ശരാശരി 80 പേരെ പതിനെട്ടാം പടി കടത്താൻ കഴിയുന്നുണ്ടെങ്കിലും ഭിന്നശേഷിക്കാർ, പ്രായമുള്ളവർ, കുഞ്ഞു മാളികപ്പുറങ്ങളും മണികണ്ഠൻമാരും, ശരീരഭാരം കൂടിയവർ എന്നിവരെ പതിനെട്ടാം പടി കയറാൻ സഹായിക്കുമ്പോൾ ഈ സമയക്രമം തെറ്റും. പുൽമേട് വഴി ദിനവും ശരാശരി 2500 പേർ എത്തുന്നുണ്ട്.
പതിനെട്ടാം പടി കയറി എത്തുന്നവരുടെ ഔദ്യോഗിക കണക്കിനപ്പുറത്ത് സിവിൽ ദർശനത്തിന് നിരവധി പേർ വരുന്നു. സന്നിധാനത്തെ ആയിരക്കണക്കിന് വരുന്ന ജീവനക്കാരും കടകളിലെ തൊഴിലാളികളും ദർശനം നടത്തുന്നു. രാത്രി ഇരുമുടിയുമായി വന്നു അയ്യനെ തൊഴുത സ്വാമിമാർ പിറ്റേന്ന് രാവിലെ നെയ്യഭിഷേകം നടത്തുമ്പോൾ വീണ്ടുമൊരിക്കൽ കൂടി ദർശനത്തിന് വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Sabarimala virtual booking, police ask to arrive on the same day of booking































