തൃശ്ശൂര്‍: ( www.truevisionnews.com ) മതിലകം ശ്രീനാരായണപുരത്ത് കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് തെന്നി എതിരേവന്ന വാഹനത്തിലിടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കറ്റു. ദേശീയപാത 66-ലാണ് സംഭവം. ശ്രീനാരായണപുരം പി വെമ്പല്ലൂര്‍ അസ്മാബി കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥി മതിലകം പാലക്കാട്ട്പറമ്പില്‍ നജീബിന്റെ മകന്‍ മുഹമ്മദ് അദ്‌നാന്‍ (19) ആണ് മരിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന മതിലകം സ്വദേശി ഓലിലകണ്ടി ഷെരീഫിന്റെ മകന്‍ അമീന് (19) പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെ ശ്രീനാരായണപുരത്തെ പെട്രോള്‍ പമ്പിനടുത്തുള്ള വളവില്‍വെച്ചാണ് അപകടമുണ്ടായത്. വീട്ടില്‍നിന്ന് കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് എതിരേവന്ന എയ്‌സ് ഓട്ടോയില്‍ തട്ടിയായിരുന്നു അപകടം.
പരിക്കേറ്റവരെ മതിലകം മഹല്ല് ആംബുലന്‍സ് പ്രവര്‍ത്തകരും പുന്നക്കബസാര്‍ ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്‌നാന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമീനെ എറണാകുളം ആസ്റ്റര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
thrissur bike accident student death
































