---
title: "'ആറാട്ട്' ആമസോണ്‍ പ്രൈം വീഡിയോയില്‍"
english_title: "'Aratt' on Amazon Prime Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/32888/aratt-on-amazon-prime-video"
published_at: "2022-03-20T17:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623716857313e_aratt.jpg"
keywords: []
---

# 'ആറാട്ട്' ആമസോണ്‍ പ്രൈം വീഡിയോയില്‍

> **Lead Summary:** **മോ**ഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്‍ത ആറാട്ട് ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ഫെബ്രുവരി 28ന് തിയറ്ററുകളിലെത്തിയ ചിത്രം റിലീസിന്‍റെ 31-ാം ദിനത്തിലാണ് ഒടിടി റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്.

## Article Content

**മോ**ഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്‍ത ആറാട്ട് ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ഫെബ്രുവരി 28ന് തിയറ്ററുകളിലെത്തിയ ചിത്രം റിലീസിന്‍റെ 31-ാം ദിനത്തിലാണ് ഒടിടി റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്.

ഒരിടവേളയ്ക്കു ശേഷമാണ് മാസ് കോമഡി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. അതുതന്നെയായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. പുലിമുരുകന്‍ അടക്കം വന്‍ വിജയം നേടിയിട്ടുള്ള മാസ് ചിത്രങ്ങളുടെ രചയിതാവ് ഉദയകൃഷ്‍ണ തിരക്കഥയൊരുക്കിയ ചിത്രം എന്നതും ചിത്രത്തിന്‍റെ പ്രീ-റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകമായിരുന്നു.

ഫെബ്രുവരി 18ന് ലോകമാകെ 2700 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. മികച്ച ഓപണിം​ഗ് കളക്ഷനും ചിത്രത്തിന് ലഭിച്ചിരുന്നു. ആറാട്ടിന്‍റെ ആദ്യ മൂന്ന് ദിനങ്ങളിലെ ആ​ഗോള ​ഗ്രോസ് കളക്ഷന്‍ 17.80 കോടിയാണെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.

നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് ആറാട്ടില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്.

ബോക്സ് ഓഫീസില്‍ മികച്ച സക്സസ് റേറ്റ് ഉള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ രചന. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് ഉദയകൃഷ്‍ണ ചിത്രത്തെക്കുറിച്ച് നേരത്തേ പറഞ്ഞിരുന്നത്.

ആര്‍ ഡി ഇല്യൂമിനേഷന്‍സും ശക്തിയും (എംപിഎം ഗ്രൂപ്പ്) ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയരാഘവന്‍, സായ് കുമാര്‍, സിദ്ദിഖ്, റിയാസ് ഖാന്‍, ജോണി ആന്‍റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ റാം, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസിക, മാളവിക മേനോന്‍, നേഹ സക്സേന, സീത തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/32888/aratt-on-amazon-prime-video)