---
title: "ഷാജി കൈലാസ് വീണ്ടും മോഹൻലാലിനൊപ്പമെത്തുന്നു"
english_title: "Shaji Kailas is back with Mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3269/shaji-kailas-is-back-with-mohanlal"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61388aa87db5c_araam2.jpg"
keywords: []
---

# ഷാജി കൈലാസ് വീണ്ടും മോഹൻലാലിനൊപ്പമെത്തുന്നു

> **Lead Summary:** കണിമംഗലം ജഗന്നാഥൻ തമ്പുരാൻ, പൂവള്ളി ഇന്ദുചൂഡൻ, പുലിക്കാട്ടിൽ ചാര്‍ലി, ബാബാ കല്യാണി തുടങ്ങി നിരവധി ഹിറ്റ് കഥാപാത്രങ്ങള്‍ മോഹൻലാലിന് സമ്മാനിച്ച സംവിധായകൻ ഷാജി കൈലാസ് വീണ്ടും മോഹൻലാലിനൊപ്പമെത്തുന്നു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹിറ്റ് കൂട്ടുകെട്ട് വീണ്ടുമെത്തുന്നത്. 2009ലെ റെഡ് ചില്ലീസിനു ശേഷം മോഹന്‍ലാല്‍, ഷാജി കൈലാസ് കൂട്ടുകെട്ടില്‍ സിനിമകള്‍ വന്നിരുന്നില്ല. ഇപ്പോഴിതാ അതിന് അവസാനമാവുകയാണ്.

## Article Content

കണിമംഗലം ജഗന്നാഥൻ തമ്പുരാൻ, പൂവള്ളി ഇന്ദുചൂഡൻ, പുലിക്കാട്ടിൽ ചാര്‍ലി, ബാബാ കല്യാണി തുടങ്ങി നിരവധി ഹിറ്റ് കഥാപാത്രങ്ങള്‍ മോഹൻലാലിന് സമ്മാനിച്ച സംവിധായകൻ ഷാജി കൈലാസ് വീണ്ടും മോഹൻലാലിനൊപ്പമെത്തുന്നു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹിറ്റ് കൂട്ടുകെട്ട് വീണ്ടുമെത്തുന്നത്. 2009ലെ റെഡ് ചില്ലീസിനു ശേഷം മോഹന്‍ലാല്‍, ഷാജി കൈലാസ് കൂട്ടുകെട്ടില്‍ സിനിമകള്‍ വന്നിരുന്നില്ല. ഇപ്പോഴിതാ അതിന് അവസാനമാവുകയാണ്.

ഇപ്പോഴിതാ തങ്ങളുടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം മോഹന്‍ലാലിന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറിലാവും ചിത്രീകരണം തുടങ്ങുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. രാജേഷ് ജയറാമാണ് തിരക്കഥ രചിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നി‍ർമ്മാണം.

കാത്തിരിപ്പ് അവസാനിച്ചു! 2021 ഒക്ടോബറിൽ ആരംഭിക്കുന്ന ഷാജി കൈലാസിനൊപ്പമുള്ള എന്‍റെ അടുത്ത പ്രൊജക്റ്റ് ഞാൻ പ്രഖ്യാപിക്കുന്നത് വളരെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ രാജേഷ് ജയറാം തിരക്കഥയെഴുതി ആന്‍റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം 12 വർഷങ്ങൾക്ക് ശേഷം ഞാനും ഷാജിയും ഒന്നിക്കുന്നു. ഈ കാത്തിരിപ്പ് മൂല്യമുള്ളതാകുമെന്ന് ഉറപ്പാണ്!, മോഹൻലാൽ കുറിച്ചിരിക്കുകയാണ്.

നീണ്ട 12 വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നതെന്നതിനാൽ തന്നെ ആരാധകർ‍ ആവേശത്തിലാണ്. 1997ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം മുതലാണ് മോഹന്‍ലാല്‍ -ഷാജി കൈലാസ് ടീം മലയാള സിനിമയില്‍ ശ്രദ്ധ നേടിയത്. കണിമംഗലം കോവിലകത്തെ ജഗന്നാഥന്‍ തമ്പുരാന്‍ എന്ന കഥാപാത്രം ഇന്നും സിനിമാപ്രേമികള്‍ക്ക് ആവേശമാണ്.

ശേഷം നരസിംഹം എന്ന ചിത്രം മലയാളസിനിമയിലെ ഏറ്റവും മികച്ച മാസ്ക് ആക്ഷൻ ചിത്രമായി. പിന്നാലെ താണ്ഡവം (2002), നാട്ടുരാജാവ് (2004), ബാബാ കല്യാണി (2006), റെഡ് ചില്ലീസ് (2009) തുടങ്ങിയ സിനിമകളുമെത്തുകയുണ്ടായി. 2013ലെ 'ജിഞ്ചര്‍' എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസ് വീണ്ടും മലയാള സിനിമാ സംവിധാനത്തിലേക്ക് മടങ്ങിയെത്തുന്നത് പൃഥ്വിരാജ് നായകനാകുന്ന 'കടുവ' എന്ന സിനിമയിലൂടെയാണ്. ഇതിന് ശേഷമാണ് മോഹൻലാൽ ചിത്രം സംവിധാനം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3269/shaji-kailas-is-back-with-mohanlal)